ആശയപരമായി ഇന്ത്യൻ സിനിമയുടെ ശ്രദ്ധ കേന്ദ്രമാണ് മലയാളം സിനിമകൾ. വളരെ സസൂഷ്‌മം നിരീക്ഷിച്ചാൽ മാത്രം വെളിവാകുന്ന നിരവധി ഡയറക്‌ടര്‍ ബ്രില്ലിയൻസുകൾ 98 വർഷത്തെ ചരിത്രം പരിശോധിച്ചാൽ വ്യക്‌തമാകും. 1970കളിലെ മിക്ക ബിഗ് ബജറ്റ് മലയാള ചിത്രങ്ങളും 18 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയവയാണ്. അതിൽ നിന്ന് തന്നെ മലയാളം സിനിമ സംവിധായകര്‍ എത്രത്തോളം മികച്ച പ്രതിഭകളാണെന്ന് വ്യക്‌തമാകും. മലയാളം സിനിമയിലെ ചില സംവിധാന മികവിനെ നമുക്ക് പരിചപ്പെടാം.
സിദ്ദിഖ് ബ്രില്ല്യൻസ്- 2010ൽ ദിലീപ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്‌ത ചിത്രമാണ് 'ബോഡിഗാർഡ്'. ചിത്രത്തിന്‍റെ ക്ലൈമാക്‌സിൽ മിത്ര കുര്യന്‍റെ കഥാപാത്രത്തെ, നയൻതാരയുടെ കഥാപാത്രമാണെന്ന് ദിലീപ് തെറ്റിദ്ധരിക്കുന്നു. ഈ രംഗം കണ്ടിരിക്കുന്ന പ്രേക്ഷകരിൽ വേദന ഉളവാക്കിയിരുന്നു. കഥയുടെ പകുതി മുതൽ ക്ലൈമാക്‌സ് വരെ നയൻതാരയുടെ കഥാപാത്രം ദിലീപിനോട് പ്രണയിച്ച് കൊണ്ടും സംവദിച്ച് കൊണ്ടും ഇരുന്നത് ഫോണിലൂടെയാണെന്ന് എല്ലാവർക്കും അറിയാം.
ചിത്രത്തില്‍ നയൻതാരയുടെ കഥാപാത്രത്തിന് ശബ്‌ദം നൽകിയിരുന്നത് ഭാഗ്യലക്ഷ്‌മിയും, പുതുമുഖമായിരുന്ന മിത്രാ കുര്യന് ശബ്‌ദം നൽകിയിരുന്നത് രവീണയുമാണ്. എന്നാൽ നയൻതാരയുടെ കഥാപാത്രം ദിലീപിനോട് സംസാരിക്കുമ്പോൾ രവീണയുടെ ശബ്‌ദത്തിലാണ് നയൻതാര ദിലീപിനോട് സംസാരിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ശബ്‌ദത്തിന്‍റെ സാമ്യം വച്ച് ദിലീപ് മിത്രാ കുര്യന്‍റെ കഥാപാത്രത്തെ തെറ്റിദ്ധരിച്ചതിൽ ലോജിക് മിസ്‌റ്റേക്ക് പറയാനാകില്ല. ക്ലൈമാക്‌സിനെ കുറിച്ച് കൃത്യമായ ധാരണയുള്ള സംവിധായകൻ സിദ്ദിഖ് അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു രീതി അവലംബിച്ചതും.
രഞ്ജിത്ത് ബ്രില്ല്യൻസ്- മറ്റൊരു ഡബ്ബിംഗ് ബ്രില്ല്യൻസ് രഞ്ജിത്ത് സംവിധാനം ചെയ്‌ത 'നന്ദനം' എന്ന ചിത്രത്തിലാണ്. അടുത്ത വീട്ടിലെ ഉണ്ണിയെന്നും പറഞ്ഞ് ഗുരുവായൂരപ്പൻ നവ്യയുടെ കഥാപാത്രമായ ബാലാമണിക്ക് ഒപ്പം ചേരുന്നു. ചിത്രത്തിൽ ഗുരുവായൂരപ്പനായി വേഷമിട്ട അരവിന്ദ് എന്ന നടന് ശബ്‌ദം നൽകിയിരിക്കുന്നത് നടൻ സുധീഷാണ്. എന്നാൽ ക്ലൈമാക്‌സ് രംഗത്തിൽ യഥാർത്ഥ ഉണ്ണിയായ സുധീഷ് ബാലാമണിക്ക് മുന്നിലെത്തുമ്പോഴാണ് പ്രേക്ഷകർക്ക്, ഗുരുവായൂരപ്പന് സുധീഷിന്‍റെ ശബ്‌ദം നൽകിയ സംവിധായകന്‍റെ ബ്രില്ല്യൻസ് വ്യക്തമാകുന്നത്.
ഒരു ജഗതി ചേട്ടൻ ബ്രില്ല്യൻസ്- അതേ ചിത്രത്തിൽ കുമ്പിടിയായി വേഷമിട്ട ജഗതിയുടെ ബ്രില്ല്യൻസ് എടുത്തു പറയേണ്ടതാണ്. കുമ്പിടി പലപ്പോഴായി പറയുന്ന പല മന്ത്രങ്ങളും സ്വന്തം സൃഷ്‌ടി തന്നെ. കുമ്പിടിയുടെ മന്ത്രങ്ങളെ ഡീ കോഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ സോഷ്യൽ മീഡിയ തുടങ്ങിയിട്ട് വർഷങ്ങളായി. എങ്കിലും ഇന്നസെന്‍റിന്‍റെ കഥാപാത്രത്തെ ഭയപ്പെടുത്താൻ കുമ്പിടി ചൊല്ലുന്ന ഒരു മന്ത്രമുണ്ട്. 'ജമ്പ ഫലാനി പക്വാനി പദന്തി വിമലേ ജലേക്കബി കമ്പിത ശാഖഭ്യത് ഗുളു ഗുഗ്ഗുലു ഗുഗുളു....'
സത്യത്തിൽ തിരക്കഥയിൽ രഞ്ജിത്ത് ഈ ഒരു മന്ത്രം എഴുതിവച്ചിരുന്നില്ല. ജഗതി തന്നെയാണ് സന്ദർഭത്തിനനുസരിച്ച് ഈയൊരു മന്ത്രം അവിടെ ഉപയോഗിച്ചത്. ഇതിന്‍റെ അർത്ഥമാണ് രസം. ജാംബവാന്‍മാര്‍ കുലുക്കുന്ന ചില്ലയിൽ നിന്നും ഞാവൽ പഴങ്ങൾ വെള്ളത്തിലേയ്‌ക്ക് വീഴുമ്പോൾ ഗുളു ഗുളു ശബ്‌ദം ഉണ്ടാകുന്നു എന്നതാണ് ഈ പ്രയോഗത്തിന്‍റെ അർത്ഥം. ദൈവങ്ങൾക്ക് മുകളിൽ മറയിട്ട് കുമ്പിടി ചിക്കൻ ഫ്രൈ കഴിക്കുന്ന കാഴ്‌ച കണ്ട്, കുമ്പിടിയെ തെറിയും വിളിച്ച് ഉണ്ണിയമ്മയോട് കുമ്പിടിയുടെ കള്ളത്തരങ്ങൾ പൊളിക്കാൻ ഓടിയെത്തിയ ഇന്നസെന്‍റിന്‍റെ കഥാപാത്രത്തെ ഭയപ്പെടുത്താനാണ് ഈ വാക്കുകൾ ഉപയോഗിച്ചതെന്ന് ഓർക്കണം.
സിദ്ദിഖ്-ലാല്‍ ബ്രില്ല്യന്‍സ്- മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ സംവിധാനം ചെയ്‌ത 'ഗോഡ് ഫാദർ'. ചിത്രത്തിലും ഉണ്ട് ഒരു സംവിധായക ബ്രില്ല്യൻസ്. ചിത്രത്തിന്‍റെ ഒരു ഘട്ടത്തിലുള്ള ട്വിസ്‌റ്റാണ്, ഇന്നസെന്‍റിന്‍റെ കഥാപാത്രമായ സ്വാമിയേട്ടന് ഭാര്യയും മക്കളും ഉണ്ടെന്നുള്ള കാര്യം മായംകുട്ടി വെളിപ്പെടുത്തുന്നത്. എന്നാൽ പ്രേക്ഷകന് ഇക്കാര്യം ആദ്യമെ തന്നെ സംവിധായകൻ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു സൂചന നൽകിയിരുന്നു. സിനിമയുടെ ഇൻട്രൊഡക്ഷൻ ഫൈറ്റ് സീക്വൻസിൽ കടപ്പുറം കാർത്യാനി ഒരു വെട്ടുകത്തിയുമായി അഞ്ഞൂറാനെയും മക്കളെയും ഭീഷണിപ്പെടുത്തുന്ന ഒരു രംഗമുണ്ട്. അതിൽ കാർത്യായനി പറയുന്ന ഒരു ഡയലോഗ് ശ്രദ്ധേയമാണ്. പെണ്ണിന്‍റെ ചൂട് അറിഞ്ഞിട്ടുള്ള ഒരുത്തൻ മുന്നോട്ടുവാടാ. അപ്പോൾ തന്നെ ഇന്നസെന്‍റിന്‍റെ കഥാപാത്രം മുന്നോട്ട് വന്ന് കാർത്യായനിയെ തല്ലി താഴെ ഇടുന്നു.
മാത്തുക്കുട്ടി സേവ്യര്‍ ബ്രില്ല്യന്‍സ്- കേരളത്തിൽ സദാചാര പൊലീസ് ചർച്ച വിഷയമാകുന്ന സമയത്ത് ഇറങ്ങിയ ചിത്രമാണ് 'ഹെലൻ'. അന്ന ബെൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച സർവൈവൽ ത്രില്ലറാണ്. മതത്തിന്‍റെ പേരിൽ വ്യക്‌തികളെ തരംതിരിച്ച് കാണുന്ന നായകന്‍റെ പേര് അസർ എന്നായത് കൊണ്ട് അവനെ സംശയത്തോടെയും വേർതിരിവോടെയും കൂടി കാണുന്ന അജു വർഗീസിന്‍റെ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിൽ തന്നെ മികച്ചതാണ്. എന്നാൽ അജു വർഗീസിന്‍റെ പൊലീസ് കഥാപാത്രത്തെ സിനിമയിൽ എസ്‌റ്റാബ്ലിഷ് ചെയ്യുന്നതിന് മുമ്പ് തന്നെ അയാൾ എത്തരത്തിലുള്ള കഥാപാത്രമാണെന്ന് പ്രേക്ഷകന് മനസ്സിലാകുന്ന തരത്തിൽ ഒരു ചെറിയ ഹിന്‍റ് സംവിധായകൻ നൽകിയിട്ടുണ്ട്. പെട്രോളിംഗിനിടെ അജു വർഗീസിന്‍റെ കഥാപാത്രം തന്നെ വാട്‌സ്‌ആപ്പ് ചാറ്റ് ഓപ്പൺ ചെയ്യുമ്പോൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ നിരവധി ഗ്രൂപ്പുകൾ ആക്റ്റീവ് ആണെന്ന് ഒരൊറ്റ സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ഷോട്ടിൽ കാണിക്കുന്നുണ്ട്. അവർ ഒറ്റ ഷോട്ട് കൊണ്ട് തന്നെ അജു വർഗീസിന്‍റെ കഥാപാത്രത്തെ കൃത്യമായി ജഡ്‌ജ് ചെയ്യാനാകും.
സിദ്ദിഖ് ലാല്‍ - സത്യന്‍ അന്തിക്കാട് ബ്രില്ല്യന്‍സ്- 1987 ൽ സിദ്ദിഖ് ലാലിന്‍റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ചിത്രമാണ് 'പപ്പൻ പ്രിയപ്പെട്ട പപ്പൻ'. ചിത്രത്തിൽ റഹ്‌മാന്‍റെ കഥാപാത്രം മരിച്ച ശേഷം കാലന്‍റെ അനുമതിയോടെ ഭൂമിയിലേയ്‌ക്ക് തിരിച്ചെത്തുന്നുണ്ട്. തന്‍റെ പ്രിയതമയായ ലിസിയുടെ കഥാപാത്രത്തിന്‍റെ വീട്ടിലേക്കാണ് റഹ്‌മാന്‍റെ കഥാപാത്രം ആദ്യം എത്തിച്ചേരുന്നത്. ആ രംഗത്തിൽ ലിസി ഒരു കണ്ണാടിയുടെ മുന്നിൽ നിന്നും മേക്കപ്പ് ചെയ്യുകയാണ്. റഹ്‌മാന്‍റെ കഥാപാത്രം ലിസിയുടെ മുന്നിലെത്തുമ്പോൾ ലിസിക്ക് ആ കഥാപാത്രത്തെ കാണാൻ ആകുന്നില്ല. എന്നാൽ കണ്ണാടിക്ക് മുന്നിലെത്തിയിട്ടും റഹ്‌മാന്‍റെ കഥാപാത്രത്തിന്‍റെ പ്രതിബിംബം കണ്ണാടിയിൽ പതിഞ്ഞിട്ടില്ല. ഒരു ടെക്നോളജിയും ഇല്ലാത്ത കാലത്ത് അത്തരമൊരു രംഗം ചിത്രീകരിച്ചത് എങ്ങനെയെന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തണം.
തരുണ്‍ മൂർത്തി ബ്രില്ല്യന്‍സ്- തരുണ്‍ മൂർത്തി സംവിധാനം ചെയ്‌ത ചിത്രമാണ് 'ഓപ്പറേഷൻ ജാവ'. ചിത്രത്തിലും പലയിടങ്ങളിലായി പല ഡയറക്‌ടർ ബ്രില്യൻസുകൾ ഒളിഞ്ഞുകിടപ്പുണ്ട്. അതിലൊന്ന് നോക്കാം. ചിത്രത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്ന രണ്ട് കേസുകൾ ഉണ്ട്. ഒന്ന് 'പ്രേമം' സിനിമയുടെ സെൻസർ കോപ്പി ലീക്കായതും, രണ്ട് വിനായകന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടേത് എന്നുള്ള പേരിൽ ഒരു വീഡിയോ, പോൺ സൈറ്റിൽ പ്രത്യക്ഷപ്പെട്ടതും. 'പ്രേമം' സിനിമയുടെ സെൻസർ കോപ്പി ലീക്കായതിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം വർക്കലയിൽ താമസിക്കുന്ന മാത്യു തോമസിന്‍റെ കഥാപാത്രത്തിന്‍റെ വീട്ടിലേക്ക് പൊലീസ് എത്തുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ മാത്യുവിന്‍റെ കഥാപാത്രത്തിന്‍റെ ലാപ്ടോപ് പൊലീസ് പരിശോധിക്കുന്നു. മാത്യുവിന്‍റെ കഥാപാത്രം ഇക്കിളി വീഡിയോസ് ഒളിപ്പിച്ചിരിക്കുന്ന ഒരു വിൻഡോ തുറക്കുന്ന സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു ഷോട്ട് ഉണ്ട്. ആ ഷോട്ട് ഫ്രീസ് ചെയ്‌ത് പരിശോധിച്ചാൽ വിനായകന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടേതെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിന്‍റെ തമ്പ്‌നെയില്‍ കാണാനാകും. ഇത് ഡയറക്‌ടർ ബ്രില്ല്യൻസാണ്.
പോത്തേട്ടൻ ബ്രില്ല്യൻസ്- പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഡയറക്‌ടർ ബ്രില്ല്യൻസ് എന്ന വാക്ക് മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍റെ ചിത്രത്തിലെ ഒരു വസ്‌തുത പരിശോധിക്കം. ഡയറക്‌ടർ ബ്രില്ല്യൻസിനെ പൊതുവെ മലയാളി, പോത്തേട്ടൻ ബ്രില്ല്യൻസ് എന്നാണ് പറയാറ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ഫഹദിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും'. ചിത്രത്തിലെ ക്ലൈമാക്‌സിനോട് അടുത്ത രംഗങ്ങളിൽ ഫഹദിന്‍റെ കഥാപാത്രം പൊലീസിന്‍റെ കണ്ണ് വെട്ടിച്ചു ഓടുന്ന രംഗം ഉണ്ട്.
സുരാജിന്‍റെ കഥാപാത്രം പിന്നാലെ പോയി ഒരു ജലാശയത്തിൽ വച്ച് ഫഹദിന്‍റെ കഥാപാത്രത്തെ പിടിക്കുകയും തന്‍റെ മാലയ്‌ക്കായി അടിപിടി കൂടുകയും ചെയ്യുന്നു. ആ രംഗത്തിന് ശേഷം അലൻസിയറിന്‍റെ കഥാപാത്രം സുരാജിന്‍റെ കഥാപാത്രത്തിന്‍റെ വീട്ടിലെത്തുന്ന ഒരു സീനുണ്ട്. ശ്രദ്ധിച്ചാൽ സുരാജിന്‍റെ കഥാപാത്രം ഇരിക്കുന്ന ഭാഗത്തെ ഒരു മേശയിൽ നേരത്തെ ജലാശയത്തിൽ നടന്ന അടിപിടിയെ തുടർന്ന് നനഞ്ഞുപോയ തന്‍റെ ഫോൺ ഉണക്കാനായി ഇളക്കിയിട്ടിരിക്കുന്നത് കാണാനാകും. പക്ഷേ ആ കാഴ്‌ച കാണണമെങ്കിൽ സൂക്ഷിച്ചു നോക്കണം. ഇനിയും എത്രയെത്ര ബ്രില്യൻസുകൾ.