മലയാള സിനിമ സീരിയില്‍ നടന്‍ ടിപി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.
ടിപി മാധവന്‍റെ മൃതദേഹം കൊല്ലം എന്‍എസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ (10-10-2024) രാവിലെ ഒണ്‍പത് മണി മുതല്‍ ഒരു മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ദിവസം നടനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിട്ടും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായില്ല.
ഗാന്ധിഭവന്‍ അധികൃതരാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് ടിപി മാധവന്‍.
മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 1994 മുതല്‍ 1997 വരെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചത്. 2000 മുതല്‍ 2006 വരെ അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയും ആയിരുന്നു.
1975ല്‍ മധു സംവിധാനം ചെയ്‌ത 'അക്കല്‍ദാമ' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്‌താണ് ടിപി മാധവന്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. വില്ലനായെത്തി പിന്നീട് നിരവധി വ്യത്യസ്‌തമാര്‍ന്ന വേഷങ്ങളിലൂടെ ടിപി മാധവന്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചു. 500ലധികം സിനിമകളിലും 30ലധികം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.