മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് നടി സ്വര ഭാസ്‌കർ. വിദ്വേഷവും അഴിമതിയും അത്യാഗ്രഹവും ധാർഷ്‌ട്യവും ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു എന്നാണ് സ്വര ഭാസ്‌കർ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് സ്വര ഇതു സംബന്ധിച്ച കുറിപ്പിട്ടിരിക്കുന്നത്.
"ടൈറ്റാനിക് മുങ്ങില്ലെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ, ഒരു ദിവസം അതു മുങ്ങി!. സർക്കാർ രൂപീകരിക്കുന്നത് ആരായാലും, വിദ്വേഷവും അഴിമതിയും അത്യാഗ്രഹവും ധാർഷ്‌ട്യവും ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു"- സ്വര കുറിച്ചു.
രാമക്ഷേത്രം നിര്‍മ്മിച്ച അയോദ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപിയ്‌ക്കുണ്ടായ കനത്ത തോല്‍വിയിലും സ്വര പ്രതികരിച്ചിട്ടുണ്ട്. "ശ്രീരാമന്‍റെ നാമത്തെ അപകീർത്തിപ്പെടുത്തുകയും, അദ്ദേഹത്തിന്‍റെ പേരിൽ പാപം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ജയ് സിയാറാം" -എന്നാണ് ഇതു സംബന്ധിച്ച് സ്വരയുടെ പരിഹാസം.
ഫൈസാബാദില്‍ ബിജെപിയുടെ സിറ്റിങ് എംപി ലല്ലു സിംഗിനെ സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദ് 54,500 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ വമ്പന്‍ പിന്തുണ ലഭിച്ച ഹിന്ദിഹൃദയ ഭൂമിയിലടക്കം കനത്ത തിരിച്ചടിയാണ് ബിജെപിയ്‌ക്ക് ലഭിച്ചത്. 400-ല്‍ ഏറെ സീറ്റ് ലക്ഷ്യം വച്ചായിരുന്നു ഇത്തവണ എന്‍ഡിഎ പ്രചാരണം.
എന്നാല്‍ ആകെയുള്ള 543 സീറ്റുകളില്‍ 292 സീറ്റുകളാണ് എന്‍ഡിഎ വിജയിച്ചത്. കഴിഞ്ഞ തവണ ലഭിച്ചതില്‍ 59 സീറ്റുകള്‍ അവര്‍ക്ക് നഷ്‌ടപ്പെട്ടു. 292-ല്‍ 240 സീറ്റുകളാണ് ബിജെപിയ്‌ക്കുള്ളത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവര്‍ക്ക് സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടത് ആവശ്യമാണ്. മറുവശത്ത് ഇന്ത്യ സഖ്യം മികച്ച മുന്നേറ്റം നടത്തി. 234 സീറ്റുകളിലാണ് അവര്‍ വിജയം നേടിയത്.