മുംബൈ: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ, ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കാണ് ഇന്ന് (തിങ്കളാഴ്‌ച) വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയ 94,000 പോളിങ് സ്റ്റേഷനുകളിലായി 8.95 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ബോളിവുഡ് ചലച്ചിത്രലോകത്തെ പ്രമുഖർ മുംബൈയിൽ വോട്ട് ചെയ്യാനെത്തി.
മുംബൈയിലെ പോളിംഗ് സ്റ്റേഷനുകളിൽ എത്തിയ അക്ഷയ് കുമാർ, ഷാഹിദ് കപൂർ, ഫർഹാൻ അക്തർ, സന്യ മൽഹോത്ര, ജാൻവി കപൂർ, രാജ്‌കുമാർ റാവു തുടങ്ങി നിരവധി അഭിനേതാക്കളുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുംബൈയിലെ ആറ് സീറ്റുകൾ ഉൾപ്പടെ മഹാരാഷ്‌ട്രയിലെ 13 ലോക്‌സഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ദേശീയ ഐക്കൺ കൂടിയാണ് രാജ്‌കുമാർ റാവു. നമ്മുടെ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തമാണിതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം രാജ്‌കുമാർ പറഞ്ഞു. "ഇത് നമ്മുടെ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തമാണ്, നമ്മൾ വോട്ട് ചെയ്യണം. ഞങ്ങളിലൂടെ, ആളുകളെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ, വോട്ടിങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അതാണ്.
അതിനാൽ, തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നെ ദേശീയ ഐക്കണായി തെരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ദയവായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു... നമ്മുടെ രാജ്യം വളരാനും തിളങ്ങാനും ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. ഇതിനകം രാജ്യം തിളങ്ങുന്നുണ്ട്. അത് കൂടുതൽ തിളങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്...," രാജ്‌കുമാർ റാവു പറഞ്ഞു.
പിങ്ക് അനാർക്കലി സ്യൂട്ടിലാണ് ജാൻവി കപൂർ വോട്ട് ചെയ്യാനായി എത്തിയത്. വിമാനത്തിൽ പോകേണ്ടതിനാൽ വോട്ട് ചെയ്‌ത ഉടൻ തന്നെ താരം മടങ്ങി. പോകുന്നതിന് മുമ്പ് ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിക്കാനും ജാൻവി കപൂർ മറന്നില്ല.
ഷാഹിദ് കപൂറും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സന്യ മൽഹോത്രയും ഫർഹാൻ അക്തറും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്തു. സഹോദരിയും സംവിധായകയുമായ സോയ അക്തറും ഫർഹാനൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു.
മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ എന്നിവയാണ് മുംബൈയിലെ ആറ് സീറ്റുകൾ. ധൂലെ, ദിൻഡോരി, നാസിക്, കല്യാണ്, പാൽഘർ, ഭിവണ്ടി, താനെ എന്നിവയാണ് മഹാരാഷ്‌ട്രയിലെ മറ്റ് മണ്ഡലങ്ങൾ.