ന്യൂഡൽഹി: പ്രശസ്‌ത റേഡിയോ ബ്രോഡ്‌കാസ്റ്റർ അമീൻ സയാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 91 വയസായിരുന്നു. ചൊവ്വാഴ്‌ച (ഫെബ്രുവരി 20) രാത്രിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സയാനിയെ സൗത്ത് മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് മകൻ രജിൽ സയാനി അറിയിച്ചു (Ameen Sayani passes away).
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം 6 മണിയോടെ അദ്ദേഹത്തെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 7 മണിയോടെ മരണം സംഭവിച്ചതായി രജിൽ സയാനി പറഞ്ഞു. സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്‌ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു തലമുറയെയാകെ റേഡിയോ എന്ന മാധ്യമത്തിലേക്ക് അടുപ്പിച്ച ജനപ്രിയ അവതാരകനാണ് ഓർമയായത്. 1932 ഡിസംബർ 21ന് മുംബൈയിൽ ആയിരുന്നു അമീൻ സയാനിയുടെ ജനനം. കുട്ടിക്കാലം മുതൽ തന്നെ സർഗ്ഗാത്മകതയെ ഏറെ ഇഷ്‌ടപ്പെട്ട അദ്ദേഹം എഴുത്തിന്‍റെയും വായനയുടെയും ലോകത്തെത്തി. 13 വയസുള്ളപ്പോൾ വീട്ടിൽ പതിവായി വരുത്തിയിരുന്ന ദ്വിവാര ജേർണലായ 'റെഹ്ബാർ' എന്ന മാസികയിൽ അദ്ദേഹം എഴുതാൻ തുടങ്ങി.
അക്കാലത്ത് തന്നെ, ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയ സയാനി ഓൾ ഇന്ത്യ റേഡിയോ ബോംബെയുടെ ഇംഗ്ലീഷ് സർവീസിലെ കുട്ടികളുടെ പ്രോഗ്രാമുകളിലും പങ്കെടുക്കാൻ തുടങ്ങി. അതേസമയം ആകാശവാണിയിൽ ഇംഗ്ലീഷ് ലാംഗ്വേജ് ബ്രോഡ്‌കാസ്റ്റർ ആയാണ് അദ്ദേഹം തന്‍റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഹിന്ദിയിലേക്ക് മാറി.
ഗീത് മാല എന്ന പരിപാടിയിലൂടെയാണ് അമീൻ സയാനി ജനശ്രദ്ധയാർജിക്കുന്നത്. ഇന്ത്യയിൽ റേഡിയോ കൂടുതൽ ജനപ്രിയമാകാനും ഈ പരിപാടി സഹായിച്ചു. 'നമസ്‌തേ ബെഹ്‌നോം ഔർ ഭായിയോം, മേം ആപ്‌കാ ദോസ്‌ത് അമീൻ സയാനി ബോല്‍ രഹാ ഹൂം' (നമസ്‌തേ സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളുടെ സുഹൃത്ത് അമീൻ സയാനിയാണ് സംസാരിക്കുന്നത്) എന്ന അദ്ദേഹത്തിന്‍റെ ആമുഖത്തിനും ഒട്ടേറെ ആരാധകരുണ്ടായിരുന്നു.
മധുരമൂറുന്ന ഹിന്ദി ഗാനങ്ങളായിരുന്നു ഗീത് മാല എന്ന പരിപാടിയുടെ പ്രത്യേകത. ഒപ്പം അമീൻ സയാനിയുടെ അവതരണവും ശ്രോതാക്കൾക്ക് പ്രിയപ്പെട്ടതായി. അദ്ദേഹത്തിന്‍റെ ശൈലി പിന്നീട് വന്നവർ പലരും വ്യാപകമായി അനുകരിച്ചു. 1952 മുതൽ 1994 വരെ 42 വർഷക്കാലം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ 54,000ത്തോളം റേഡിയോ പരിപാടികളാണ് അദ്ദേഹത്തിന്‍റെ ശബ്‌ദ മാധുര്യത്തിൽ പുറത്തുവന്നത്. കൂടാതെ 19,000ത്തോളം പരസ്യങ്ങൾക്കും ജിംഗിളുകൾക്കും അമീൻ സയാനി ശബ്‌ദം നൽകി. ഏതാനും സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.