എറണാകുളം: 'ചങ്ങാതി പൂച്ച', 'മൈ ബിഗ് ഫാദർ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മഹേഷ് പി ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുടുംബസ്‌ത്രീയും കുഞ്ഞാടും'. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകന്‍, നിർമ്മാതാവും പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്‌ത വ്യക്തിയുമായ ബെന്നി പീറ്റേഴ്‌സ്, തിരക്കഥാകൃത്ത് ശ്രീകുമാർ അറയ്ക്കൽ തുടങ്ങിയവർ ഇടിവി ഭാരതിനൊപ്പം ചേർന്നു.
ഹാസ്യത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ചില സന്ദേശങ്ങൾ കൂടി നൽകുന്ന ചിത്രമാണിത് എന്നാണ് സംവിധായകൻ മഹേഷ് പി ശ്രീനിവാസന്‍റെ അഭിപ്രായം. ചിത്രം റിലീസ് ചെയ്‌ത് ഒരാഴ്‌ച പിന്നിടുന്നു. തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിച്ച് കാണാൻ കഴിയുന്ന ഒരു തികഞ്ഞ എന്‍റർടൈനർ ആണ് കുടുംബ സ്ത്രീയും കുഞ്ഞാടും.
നടൻ ധ്യാൻ ശ്രീനിവാസൻ ഒരു ഗായകന്‍റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അന്ന രാജൻ, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, കലാഭവൻ ഷാജോൺ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിന് ഗുണം ചെയ്‌തിട്ടുണ്ട്. സിനിമ കാണാതെ തന്നെ സിനിമയെ റിവ്യൂ ചെയ്‌ത് നശിപ്പിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. മറ്റൊരാളുടെ കാഴ്‌ചപ്പാടിനെയും ആസ്വാദന തലത്തിനേയും ഇത്തരത്തിലുള്ളവർ മുഖവില കെടുക്കുന്നില്ല.
അതുകൊണ്ടുതന്നെ ചിത്രം കണ്ട് ആസ്വദിച്ച ശേഷം മാത്രം അഭിപ്രായം മറ്റുള്ളവരിലേക്ക് കൈമാറണം എന്നുള്ളതാണ് സംവിധായകൻ എന്നുള്ള തരത്തിൽ പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത്. എന്നാലും എന്‍റെ അളിയാ എന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ ശ്രീകുമാർ അറക്കൽ തന്നെയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥാകൃത്ത്.
ചിത്രത്തിലെ കുടുംബ സ്ത്രീയും കുഞ്ഞാടും നായിക തന്നെയാണ്. അന്ന രാജൻ ആ വേഷം മികച്ചതായി കൈകാര്യം ചെയ്‌തു. വമ്പൻ ആശയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളോട് വിമുഖത ഇല്ലെങ്കിലും പ്രേക്ഷകർക്ക് ലളിതമായി ആസ്വദിക്കാൻ തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കാൻ താല്‍പര്യമുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംരംഭത്തിലേക്ക് നിർമാതാവായി കടന്നുവരുന്നതെന്ന് ബെന്നി പീറ്റേഴ്‌സ് പ്രതികരിച്ചു. ചിത്രത്തിൽ എല്ലാം നഷ്‌ടപ്പെടുന്ന ഒരു പ്രവാസിയുടെ വേഷവും താൻ കൈകാര്യം ചെയ്‌തിട്ടുണ്ട്.
തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മൈ ബിഗ് ഫാദററെന്ന് മഹേഷ് പി ശ്രീനിവാസൻ പറഞ്ഞു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കൾ പ്രശസ്‌ത സംവിധായകൻ നിസാറിന്‍റെ സെറ്റിൽ വച്ച് ഉണ്ട പക്രു എന്നറിയപ്പെടുന്ന അജയകുമാറിനെ കാണാനിടയായി. ഇത്തരത്തിലുള്ള വ്യക്തികൾക്ക് ഒരു സാധാരണ ഉയരത്തിലുള്ള ഒരു കുഞ്ഞു ഉണ്ടായാൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച ഉരിതിരിഞ്ഞു.
പ്രോജക്റ്റിലേക്ക് താൻ കടന്നുവന്ന ശേഷം ഭാഗ്യദേവതയുടെ സെറ്റിൽ പോയി ജയറാമിനോട് കഥ പറയുന്നു. സംവിധായകൻ സത്യൻ അന്തിക്കാടും കഥ കേട്ടു. ഇരുവർക്കും കഥ ഇഷ്‌ടമായതോടെ സിനിമ സംഭവിക്കുകയായിരുന്നു. സംവിധായകൻ എന്നുള്ള രീതിയിൽ തനിക്ക് ഏറെ പേരും പ്രശസ്‌തിയും നേടിത്തന്ന ചിത്രം കൂടിയായിരുന്നു അത്.ലഭിച്ച പേരും പ്രശസ്‌തിയും 'കുടുംബ സ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിൽ തന്‍റെ കഠിനാധ്വാനമായി ഉരുക്കി ചേർത്തിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു.
സിനിമ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ഒരാഴ്‌ച പിന്നിടുമ്പോഴും തിയേറ്ററിലെ നിറഞ്ഞ കളക്ഷൻ അതിനുദാഹരണമാണ്. ഇപ്പോഴത്തെ സിനിമയുടെ ആയുസ് തിയേറ്ററുകളിൽ ശരാശരി 25 മുതൽ 50 ദിവസം വരെ മാത്രമാണ് എന്നിരിക്കെ എത്രയും പെട്ടെന്ന് തന്നെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തണമെന്നതാണ് സംവിധായകന്‍റെയും മറ്റ് അണിയറ പ്രവർത്തകരുടെയും അഭ്യർത്ഥന.
ALSO READ: പൽവാൾദേവന്‍റെ മലയാള ശബ്‌ദം: എല്ലാം ഉണ്ടായിരുന്നിട്ടും അനാഥനായി വളർന്ന തിലകന്‍റെ മകൻ