ബെംഗളുരു: കന്നഡ സിനിമ സംവിധായകന്‍ ഗുരുപ്രസാദ് (52) മദനായകനഹള്ളിയിലെ അപ്പാര്‍ട്‌മെന്‍റില്‍ ഞായറാഴ്‌ച മരിച്ച നിലയില്‍ കണ്ടെത്തി. സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം അഴുകിയിരുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല.
അപ്പാര്‍ട്‌മെന്‍റില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അപ്പാര്‍ട്‌മെന്‍റിനുള്ളില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുപ്രസാദ് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഗുരുപ്രസാദ് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കടക്കാരിയില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരിക്കാമെന്നുമാണ് സൂചന. പണമടയ്ക്കാത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ അടുത്തിടെ ഉണ്ടായിരുന്നു.
ബിഎൻഎസ് 194 പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണെമന്നും ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സികെ ബാബ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ഥലത്ത് ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഗുരുപ്രസാദിന്‍റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.
കന്നഡ ചലച്ചിത്ര മേഖലയിലെ പ്രധാനിയാണ് ഗുരുപ്രസാദ്. മാത, എഡ്‌ഡെഡ്‌ലു മഞ്ജുനാഥ, ഡയറക്‌ടേഴ്‌സ് സ്‌പെഷല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകള്‍. അഡേമ എന്ന ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴായിരുന്നു മരണം.
പത്തു സിനിമകളിലോളം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ കന്നഡ സിനിമാ ലോകം ദുഖം രേഖപ്പെടുത്തി.
അതേസമയം കര്‍ണാടക മുൻ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി. എക്‌സിലൂടെയാണ് അനുശോചനം അറിയിച്ചത്.
"പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ഗുരുപ്രസാദ് അന്തരിച്ചു എന്നത് ദുഃഖകരമായ വസ്‌തുതയാണ്. അദ്ദേഹം കർണാടകയ്ക്ക് നിരവധി നല്ല സിനിമകൾ നൽകിയിട്ടുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്‌തത് വളരെ വേദനാജനകമാണ്. ദൈവം അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ. ഓം ശാന്തി", ബൊമ്മൈ പോസ്‌റ്റില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ 1056,0471-2552056)
Also Read:സിനിമ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റില്‍ മരിച്ച നിലയിൽ