പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ സിനിമയാണ് 'കൽക്കി 2898 എഡി'. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച ഈ ബ്രഹ്‌മാണ്ഡ സിനിമ ജൂൺ 27ന് തിയേറ്ററുകളിലേക്ക് എത്തുകയായി. സിനിമയെ കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
വരാണസി പശ്ചാത്തലമാക്കി ഗംഗ നദിയുടെ സമീപത്തായി ചിത്രീകരിച്ച ചിത്രം 'കൽക്കി' മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് 'കാശി', രണ്ടാമത്തെത് 'കോംപ്ലക്‌സ്', മൂന്നാമത്തെത് 'ശംഭാള'. തങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവവങ്ങളും ഗംഗ നദി നൽകും എന്ന ധാരണയിൽ ലോകത്തുള്ള മനുഷ്യരെല്ലാം കാശിയിലേക്ക് കൃഷിയും കച്ചവടവും നടത്താനായി എത്തുകയാണ്. അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായ് നദി വറ്റി വരളുന്നു. ഇതോടെ ദാരിദ്ര്യം അവരെ വേട്ടയാടുകയായി.
പ്രതിസന്ധിയിലായ ഈ മനുഷ്യർ നിലനിൽപ്പിനായി കൊള്ളയും കൊലയും ദിനചര്യയാക്കുന്നു. ഇത്തരത്തിൽ മനുഷ്യർ പരസ്‌പരം പോരടിക്കുമ്പോഴാണ് അവർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിൽ ഇൻവേർട്ടഡ് പിരമിഡിന്‍റെ രൂപത്തിൽ ആകാശം മുട്ടെ ഒരു പാരഡൈസ് പ്രത്യക്ഷപ്പെടുന്നത്. 'കോംപ്ലക്‌സ്' എന്ന പേരിൽ അറിയപ്പെടുന്ന പാരഡൈസ് മനുഷ്യർക്ക് ആവശ്യമുള്ള വിഭവങ്ങളാൽ സമൃദ്ധമാണ്.
നരകം പോലെ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക്ക് സ്വർഗത്തിന് സമാനമായ 'കോംപ്ലക്‌സ്' വന്നെത്തുന്നതോടെ മനുഷ്യർ അവിടേക്ക് ആകൃഷ്‌ടരാവുന്നു. തുടർന്ന് 'കോംപ്ലക്‌സി'ലെ ആളുകൾക്ക് വേണ്ടി അവർ അടിമകളെ പോലെ പണിയെടുക്കാനും തയ്യാറാകുന്നു. ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് കടക്കാൻ ജനങ്ങൾ നടത്തുന്ന ശ്രമങ്ങളാണ് 'കൽക്കി 2898 എഡി'യിൽ പ്രധാനമായും വരച്ചുകാട്ടുന്നത്.
ആദ്യത്തെ ലോകം എന്ന് വിശ്വസിക്കുന്ന 'കാശി'ക്കും രണ്ടാമത്തെ ലോകമായ 'കോംപ്ലക്‌സി'നും ശേഷമാണ് മൂന്നാമത്തെ ലോകമായ 'ശംഭാള'യെ കുറിച്ച് പരാമർശം വരുന്നത്. അമാനുഷികർ ഉൾകൊള്ളുന്ന 'ശംഭാള' മറ്റ് രണ്ട് ലോകങ്ങളിൽ നിന്നും വ്യത്യസ്‌തമാണ്. ടിബറ്റൻ സംസ്‌കാരത്തിലെ 'ഷാംഗ്രി-ലാ'എന്ന സങ്കൽപത്തിനോട് ചേർന്നുനിൽക്കുന്ന ലോകമാണ് ശംഭാള എന്നാണ് സംവിധായകൻ പറയുന്നത്.
'കോംപ്ലക്‌സി'ലെ മനുഷ്യർക്ക് അടിമപ്പെട്ടുപോയ കാശിയിലെ ആളുകൾ തങ്ങളെ രക്ഷിക്കാൻ 'ശംഭാള'യിൽ നിന്ന് കൽക്കി വരും എന്ന് പ്രതീക്ഷയിലാണ് ജിവിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് 'കൽക്കി 2898 എഡി'.
സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനായ് വൻ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. ദീപിക പദുക്കോൺ നായികയാകുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന, ദിഷ പഠാനി, മലയാളി താരം അന്ന ബെൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ALSO READ: 'ഇനി വില്ലൻ വേഷങ്ങള്‍ക്കില്ല': തുറന്ന് പറച്ചിലുമായി വിജയ് സേതുപതി