പത്ത് രൂപ ദിവസ വേതനത്തിൽ തേവരെ മന്ത്രങ്ങൾ കൊണ്ട് പ്രീതിപ്പെടുത്തിയ പൂജാരി.. പിൽക്കാലത്ത് മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ.. കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി നിരവധി റോളുകള്‍ അലങ്കരിക്കുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
39 വര്‍ഷത്തെ സംഗീത ജീവിതത്തില്‍ പദ്‌മശ്രീയും, കേരള സംസ്ഥാന അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ കൈതപ്രം ഇപ്പോള്‍ ഇടിവി ഭാരതിനോട് തന്‍റെ കരിയര്‍ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ്. മനുഷ്യനെ മനസ്സിലാക്കാത്ത കലാകാരൻ യഥാർത്ഥ കലാകാരൻ അല്ലെന്ന് കൈതപ്രം.
കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യന്‍റെ ചിന്താഗതിക്കും സ്വഭാവത്തിനുമൊക്കെ വ്യത്യാസമുണ്ടാകും. അതുൾക്കൊള്ളാൻ സാധിച്ചില്ലെങ്കിൽ കൈതപ്രം ദാമോദരൻ എന്ന എഴുത്തുകാരൻ എന്നേ അസ്‌തമിച്ച് പോയേനെ എന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു.
1986ൽ ഫാസിൽ സംവിധാനം ചെയ്‌ത 'എന്നെന്നും കണ്ണേട്ടന്‍റെ' എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാള സിനിമയിൽ അരങ്ങേറ്റം കുറയ്ക്കുന്നത്. ചെറുപ്പത്തിലെ തന്നെ സംഗീതം അഭ്യസിച്ചത് പാട്ടെഴുത്തിലേയ്‌ക്കുള്ള അദ്ദേഹത്തിന്‍റെ വഴി വഴി തുറന്നു കിട്ടാൻ എളുപ്പമായി.
"ചെറുപ്പകാലം മുതൽ തന്നെ കവിതകളോട് ഇഷ്‌ടമായിരുന്നു. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. വീട്ടുകാരുടെ പുണ്യത്തിൽ സംഗീതം അഭ്യസിക്കാൻ സാധിച്ചു. ഇറങ്ങുന്ന എല്ലാ പാട്ടുകളും കേൾക്കും. മലയാളം എന്നൊന്നുമില്ല. നല്ലതെന്നോ ചീത്തയെന്നോ കേൾക്കുന്ന പാട്ടുകൾക്ക് വേർതിരിവ് കൽപ്പിക്കാറുമില്ല.
ഒരുപക്ഷേ 2024ലും സിനിമകൾക്ക് പാട്ടെഴുതാൻ സാധിക്കുന്നത് ഈയൊരു കാരണം കൊണ്ടാകാം. ജനങ്ങൾക്കൊപ്പം ഇരുന്ന് പാട്ടു കേൾക്കുക. അപ്പോൾ അവരുടെ സ്നേഹം തിരിച്ചറിയാനും അവരുടെ ഇഷ്‌ടങ്ങളെ മനസ്സിലാക്കാനും സാധിക്കും. അതിലൂടെ കാലത്തിനനുസരിച്ച് വളരാനും. ചിലപ്പോൾ തട്ടുപൊളിപ്പൻ പാട്ടെഴുതും. ചിലപ്പോൾ സാഹിത്യം തുളുമ്പി നിൽക്കുന്ന രചനകൾക്കും ജന്‍മം നൽകും."-കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
ഏത് തരത്തിലുള്ള പാട്ടെഴുതിയാലും അതിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന വ്യക്‌തിയുടെ ഒരു കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. 'സ്വപ്‌നക്കൂട്' എന്ന ചിത്രത്തിലെ 'കറുപ്പിനഴക്' എന്ന പാട്ട് അതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗാനം മീരാ ജാസ്‌മിന്‍റെയും ഭാവനയുടെയും ഇൻട്രോ സോഗാണെന്നും എന്നാല്‍ എല്ലാവരും കരുതുന്നത് ഇത് സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുന്നതാണെന്നും കൈതപ്രം വ്യക്തമാക്കി.
തന്‍റെ പാട്ടെഴുത്ത് രീതിയെ കുറിച്ചും കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിശദീകരിച്ചു. ഭാരതപ്പുഴയുടെ തീരത്തുള്ളൊരു ഗസ്‌റ്റ് ഹൗസിൽ വച്ചാണ് താന്‍ പാട്ടെഴുതുന്നതെന്നും പലപ്പോഴും തന്‍റെ രചനകളിൽ പ്രകൃതി സ്വാധീനം ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായം തന്നെ ബാധിക്കില്ലെന്നും തന്‍റെ ആവനാഴിയിലെ അമ്പ് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"പാട്ട് എഴുതാനായി പുഴയുടെ തീരത്തിറങ്ങി നിന്നു. അപ്പോൾ ആകാശം മേഘാവൃതമാണ്. എന്താണ് എഴുതേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. മേഘാവൃതമായ ആകാശത്തിന്‍റെ ഒരു ഭാഗം കറുപ്പും മറുഭാഗം വെളുപ്പുമാണ്. വെളുത്ത ആകാശമുള്ള സ്ഥലങ്ങളിൽ മൂടൽ മഞ്ഞ് കാണാം. ആ കാഴ്‌ച്ചയിൽ നിന്നാണ് സ്വപ്‌നക്കൂടിലെ ഹിറ്റ് ഗാനമായ കറുപ്പിനഴക് എന്ന ഗാനം ജനിക്കുന്നത്. അങ്ങനെ പ്രകൃതി സ്വാധീനമായ എത്രയെത്ര ഹിറ്റ് ഗാനങ്ങൾ.
പ്രായം എന്നെ ബാധിക്കുന്നതേയില്ല. എന്‍റെ ആവനാഴിയിലെ അമ്പ് അവസാനിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു. അതിന്‍റെ അടിസ്ഥാനം നല്ല വായനയാണ്. 24 വയസ്സുവരെ നമ്മൾ വായിക്കുന്നത് എന്തോ അതാണ് നമ്മുടെ സാഹിത്യ ഭാഷയുടെ അടിസ്ഥാനം. അതിന് ശേഷം വായിക്കുന്നതൊക്കെ വെറും വിനോദ ഉപാധി മാത്രം.
24 വയസ്സ് വരെ പല പുസ്‌തകങ്ങളും ഞാൻ ആഹരിച്ചിട്ടുണ്ട്. അതിന്‍റെ ഗുണഫലം ഈ പ്രായത്തിലും ലഭിക്കുന്നു. കയ്യിലുള്ള സാഹിത്യത്തെ ദിവസവും മൂർച്ച കൂട്ടുക എന്നൊരു ഹോംവർക്ക് മാത്രമാണ് ചെയ്യാറുള്ളത്. വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ജയരാജ് സംവിധാനം ചെയ്‌ത പെരുങ്കളിയാട്ടം. നല്ല പാട്ടുകളാണ്." -കൈതപ്രം പറഞ്ഞു.
സംഗീത സംവിധായകരിൽ ഏറ്റവും പ്രിയപ്പെട്ടവൻ എന്നൊരു ചോദ്യത്തിന് കൈതപ്രത്തിന് പ്രത്യേകിച്ചൊരു ഉത്തരമില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന് ചോദിച്ചാല്‍ വിദ്യാസാഗർ എന്ന് ഉത്തരം പറയും. വിദ്യാസാഗറുമായി ചേർന്ന് പ്രവർത്തിച്ച ആദ്യ സിനിമ 'അഴകിയ രാവണന്' മികച്ച സംഗീത സംവിധായകൻ, മികച്ച ഗാന രചയിതാവ്, മികച്ച ഗായിക എന്നീ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
തന്നോട് ഇഷ്‌ടമുള്ള സംഗീത സംവിധായകന്‍ സലില്‍ ചൗധരിയെ കുറിച്ചും കൈത്രപം മനസ്സു തുറന്നു. തന്നെ ഏറ്റവും ഇഷ്‌ടമുള്ള സംഗീത സംവിധായകൻ സലിൽ ചൗധരിയെന്ന് വേണമെങ്കിൽ പറയാമെന്നും അദ്ദേഹത്തിന് തന്നോടൊരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നുവെന്നും കൈതപ്രം വെളിപ്പെടുത്തി.
സലിൽ ചൗധരി അവസാന ഘട്ടങ്ങളിൽ മലയാളത്തിൽ സംഗീത സംവിധാനം നൽകിയ ചിത്രങ്ങൾക്ക് താനാണ് ഗാനങ്ങൾ എഴുതിയിരുന്നത്. വയലാർ കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ഗാനരചയിതാവ് കൈതപ്രമാണെന്ന് സലിൽ ചൗധരി തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കരയുന്നു പുഴ ചിരിക്കുന്നു' ആണ് കൈത്രപത്തിന്‍റെ ഇഷ്‌ട ഗാനം. ഈ ഗാനത്തെ കുറിച്ചും അദ്ദേഹം വാചാലനായി. ഗാനരചനയെ കുറിച്ചും താളബോധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംഗീതം അറിയാത്ത ഒരാൾക്ക് ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ വലിയ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.
"എല്ലാ ദിവസവും കേൾക്കുന്ന പാട്ടുകളിൽ ഒന്നാണ് കരയുന്നു പുഴ ചിരിക്കുന്നു എന്ന ഗാനം. ഭയങ്കര ഇഷ്‌ടമാണ് ആ ഗാനം. പി ഭാസ്‌കരന്‍റെ വലിയ ആരാധകനാണ് ഞാൻ. മുറപ്പെണ്ണ് എന്ന ചിത്രം 1965ലാണ് റിലീസ് ചെയ്‌തത്. അന്ന് സിനിമ കാണുന്നതിന് 50 പൈസയിൽ താഴെയാണ് ചിലവ്. കിലോമീറ്ററുകള്‍ നടന്നുപോയി മുറപ്പെണ്ണ് എന്ന ചിത്രം നിരവധി തവണ കണ്ടിട്ടുണ്ട്. അത് ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രമായിരുന്നു. ഇപ്പോഴും ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് മൂളും.
ആർക്കും കടന്നു വരാവുന്ന ഒരു മേഖലയല്ല ഗാനരചന. സംഗീതം അറിയാത്ത ഒരാൾക്ക് ഈ കാലഘട്ടത്തില്‍ പിടിച്ചുനിൽക്കാൻ വലിയ പ്രയാസമാണ്. പണ്ടായിരുന്നെങ്കിൽ കുഴപ്പമില്ല. ട്യൂണിന്‍റെ മീറ്ററിനനുസരിച്ചുള്ള വരികൾക്ക് സംഗീതം ഒരുക്കുകയാണ് പണ്ടത്തെ രീതി. ഇനി സംഗീതം അറിഞ്ഞില്ലെങ്കിലും താളബോധത്തെ കുറിച്ച് ധാരണ ഉണ്ടാകണം.
നല്ല താളബോധം ഉണ്ടെങ്കിൽ മാത്രമേ ഭാഷ അറിയാത്തൊരു സംഗീത സംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. എനിക്ക് ഇതുവരെയും അന്യഭാഷയിൽ ഉള്ളൊരു സംഗീത സംവിധായകനോടൊപ്പം വർക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ട് തോന്നിയിട്ടില്ല."-കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
'മഴവില്ലിനറ്റം വരെ' എന്ന ചിത്രം സംവിധാനം ചെയ്‌തതിന്‍റെ വിശേഷങ്ങളും കൈതപ്രം പങ്കുവച്ചു. തനിക്ക് സംവിധാനം അറിയില്ലെന്ന് തെറ്റിദ്ധരിച്ച് ചിലർ തന്‍റെ സിനിമയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
"2008 കാലഘട്ടത്തിലാണ് 'മഴവില്ലിനറ്റം വരെ' എന്ന ചിത്രം എഴുതി സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നത്. ആ ചിത്രം റിലീസിനെത്താൻ വളരെയധികം കാലതാമസം എടുത്തു. താരസമ്പന്നം അല്ലാത്തത് കൊണ്ടും തനിക്ക് സംവിധാനം ചെയ്യാൻ കഴിയില്ലെന്ന് തെറ്റിദ്ധരിച്ചും ചിലർ എന്‍റെ ചിത്രത്തെ അവഗണിച്ചു. കാലത്തിനതീതമായ ആശയമായിരുന്നു എന്‍റെ ചിത്രത്തിന് ഉണ്ടായിരുന്നത്.
തോറ്റ് പിന്‍മാറാൻ ഒരുക്കമല്ല. ഇനിയും മികച്ച ആശയമുള്ള സിനിമയുമായി സംവിധായകനായി തന്നെ തിരിച്ചുവരും. അവഗണനയും മാറ്റിനിർത്തലും ഒന്നും എന്നെ തളർത്താൻ ആകില്ല. അങ്ങനെ തളരുന്ന ഒരു വ്യക്‌തിയുമല്ല ഞാൻ." -കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
കരിയറിൽ എഴുതാൻ ഏറ്റവും ബുദ്ധിമുട്ടിയ ഗാനത്തെ കുറിച്ചും കൈതപ്രം മനസ്സു തുറന്നു. പാവം പാവം രാജകുമാരൻ എന്ന ചിത്രത്തിലെ ഗാനമായിരുന്നു അദ്ദേഹത്തിന് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത്.
"ജോൺസൺ മാഷ് സിന്ദൂരപ്പൂവേ എന്നൊരു ഡമ്മി വാക്ക് ഉപയോഗിച്ചാണ്, ട്യൂൺ എന്നെ പാടി കേൾപ്പിക്കുന്നത്. അത് വലിയ കുഴപ്പമായി. പിന്നെ എന്ത് ചിന്തിച്ചാലും എഴുതിയാലും സിന്ദൂരപ്പൂവ് എന്ന് മാത്രമെ വരുന്നുള്ളൂ. രാത്രികളിൽ ഉറക്കം നഷ്‌ടപ്പെട്ടു. ഭാരതപ്പുഴയുടെ തീരത്തുള്ള ഗസ്‌റ്റ് ഹൗസിലാണ് താമസം. രാത്രി ഉറക്കം വരാതെ ഗസ്‌റ്റ് ഹൗസിന് ചുറ്റും ഇറങ്ങി നടന്നു.
ഈ പരിപാടി ഇന്നത്തോടെ അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു. മതി പാട്ടെഴുത്ത്. നാളെ രാവിലെ പെട്ടിയും പ്രമാണവും എടുത്ത് നാട്ടിലേക്ക് തിരിച്ചു പോകണം. ഫിലിം എഡിറ്റർ ആയ അംബി അണ്ണൻ എന്‍റെ റൂമിന്‍റെ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. ഞാൻ ഉമ്മറത്ത് കൂടി ഉലാത്തുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നു.
ഞാനീ പാട്ടെഴുത്ത് എന്ന ജോലി അവസാനിപ്പിക്കുകയാണ്. എന്നെക്കൊണ്ടാകില്ല. അമ്പിയണ്ണനോട് വിഷാദ സ്വരത്തിൽ ഞാനെന്‍റെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞു. താൻ പോയി കിടന്ന് സുഖമായി ഉറങ്ങുക, രാവിലെ എല്ലാം ശരിയാകും. വയലാർ താമസിച്ചിരുന്ന മുറിയാണ് തന്‍റേതെന്ന് അമ്പിയണ്ണനാണ് വെളിപ്പെടുത്തിയത്.
അമ്പിയണ്ണൻ അന്ന് തന്നെ ആശ്വസിപ്പിച്ചില്ലായിരുന്നെങ്കിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പാട്ട് എഴുത്തുകാരൻ പിന്നീട് മലയാള സിനിമയിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. അംബി അണ്ണന്‍റെ ആശ്വാസ വാക്കുകൾ നല്ല ഉറക്കത്തിന് പ്രചോദനമായി. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ആദ്യ വരി ലഭിച്ചു. ആ പാട്ടാണ് കണ്ണാടി കയ്യിൽ."-പാട്ടിന്‍റെ രണ്ട് വരി മൂളി കൈതപ്രം പറഞ്ഞവസാനിപ്പിച്ചു.