എറണാകുളം : പ്രണയവിലാസം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന 'കടകൻ' നാളെ (മാർച്ച് 1) മുതൽ തിയറ്ററുകളിൽ. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ഖലീലാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
നിലമ്പൂരിന്‍റെ പശ്ചാത്തലത്തിൽ ചാലിയാറിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നർത്ഥത്തിൽ പ്രശസ്‌തമായ സ്ഥലമാണ് നിലമ്പൂർ. തേക്കിന് പുറമെ മണൽ, സ്വർണ്ണം എന്നീ വ്യവസായങ്ങളിലും നിലമ്പൂർ മുൻപന്തിയിലായിരുന്നു. നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്‍റെ പ്രമേയം. മണല്‍ മാഫിയയും പൊലീസും തമ്മലുള്ള പോരാട്ടമാണ് 'കടകൻ' എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
മണൽവാരലും സ്വർണ്ണം അരിച്ചെടുക്കലും നിയമവിരുദ്ധമായതോടെ നിലമ്പൂർ പൊലീസിന്‍റെ കോട്ടയായ് മാറി. പണ്ട് വീടുകളും ബിൽഡിങ്ങുകളുമൊക്കെ മണൽ ഉപയോഗിച്ചാണ് നിർമ്മിച്ചിച്ചതെങ്കിൽ മണൽവാരൽ നിരോധിച്ചതോടെ പാറപ്പൊടി ഉപയോഗിച്ചായ് പിന്നീട് നിർമ്മാണം. പക്ഷെ ഒരു ചോദ്യം അപ്പോഴും നിലനിൽക്കുന്നു, പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് മണൽവാരൽ നിരോധിച്ചതെങ്കിൽ പാറപ്പൊട്ടിക്കുന്നതും പ്രകൃതിയെ മോശമായി ബാധിക്കില്ലെ ? മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവർക്ക് ആഴത്തിൽ സ്‌പർശിക്കുന്ന ഒരു സിനിമയായിരിക്കും 'കടകൻ'. ഒരു ഫാമിലി എന്‍റർ ടൈനർ സിനിമയാണ് ഇത്. തികച്ചും വ്യത്യസ്‌തമായ രീതിയിലാണ് ചിത്രത്തിന്‍റെ കഥപറച്ചിൽ. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടും കിടിലൻ സൗണ്ട് ട്രാക്കോടും മാസ്സ് ആക്ഷൻ രംഗങ്ങളോടും കൂടിയാണ് ചിത്രം എത്തുന്നത്. ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്‌ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്‍റെ ട്രെയിലറും മൂന്ന് ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. ബേബി ജീൻ വരികളെഴുതി ആലപിച്ച ടൈറ്റിൽ സോങ്ങ് 'കുരുക്ക്' സിനിമയുടെ പ്രമേയം വ്യക്തമാക്കുന്ന വിധത്തിൽ ആനിമേഷനിലൂടെയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. ആദ്യ ഗാനം 'ചൗട്ടും കുത്തും' ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്നാണ് ആലപിച്ചത്. ഫോൾക്ക്ഗ്രാഫർ തന്നയാണ് ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നതും.
ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ രണ്ടാമത്തെ ഗാനം 'അജപ്പമട' ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഈ മൂന്ന് ഗാനങ്ങളും റിലീസ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. 'കടകൻ'ന്‍റെ ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്.
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്‌സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്‌ണ, ആക്ഷൻ: ഫീനിക്‌സ് പ്രബു, പിസി സ്‌റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്‌ദാൻ, അനഘ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്‌സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്‌റ്റുഡിയോസ്, സ്‌റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്‌ണപ്രസാദ് കെ വി, പിആർഒ: ശബരി