തിയേറ്ററുകളിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രദർശനം തുടരുകയാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം'. നജീബിന്‍റെ നടുക്കുന്ന ജീവിത യാഥാർഥ്യങ്ങളെ തിരശീലയിലേക്ക് പകർത്തുന്ന സിനിമയക്ക് എങ്ങും മികച്ച അഭിപ്രായങ്ങൾ മാത്രം. പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കളും കയ്യടികൾ നേടുന്നുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ലൂയിസും അക്കൂട്ടത്തിലുണ്ട്.
'ആടുജീവിത'ത്തിലെ ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രമായി വന്ന് മലയാളികളുടെ മനസിൽ ഇടംപിടിക്കാൻ ജിമ്മി ലൂയിസിനായി. ഡിറ്റക്‌ടീവ് നൈറ്റ്സ് എന്ന ബ്രൂസ് വില്ലിസ് സിനിമ പരമ്പരയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് സുപരിചിതനാണ്. ദി ബോൺ ഐഡന്‍റിറ്റി, ദിസ് ഗേൾസ് ലൈഫ്, ഏജ് ഓഫ് കലി, സിങ്കിങ് സാൻഡ്‌സ്, വൺ നൈറ്റ് ഇൻ വേഗാസ് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
ആടുജീവിതത്തിലെ വിശേഷങ്ങൾ ഇടിവി ഭാരതിനൊപ്പം പങ്കുവയ്‌ക്കുകയാണ് ജിമ്മി ലൂയിസ്. ആടുജീവിതം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ജിമ്മി ലൂയിസ് പറഞ്ഞു. 16 വർഷത്തെ കഷ്‌ടപ്പാടിന് ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകും. ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് സിനിമകൾ എന്ന് മാത്രമായിരുന്നു തന്‍റെ ധാരണയെന്നും 'ആടുജീവിതം' സിനിമയുടെ ഭാഗമായ ശേഷം ഇന്ത്യൻ സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ സിനിമകളും സിനിമ പ്രവർത്തകരും ലോക നിലവാരമുള്ളവയാണ്. അമേരിക്കൻ, ഫ്രഞ്ച് തുടങ്ങി നിരവധി വ്യത്യസ്‌ത ഭാഷകളിലുള്ള സിനിമകളുടെ ഭാഗമായിട്ടുള്ള ആളാണ് താൻ. ഓരോ നാട്ടിലെയും സിനിമ സംവിധായകർ വ്യത്യസ്‌ത സ്വഭാവമുള്ളവർ തന്നെയാണ്. അവരുടെ കാഴ്‌ചപ്പാടുകൾ വ്യത്യസ്‌തമായിരിക്കും.
താൻ ഇതുവരെ കണ്ട സിനിമ പ്രവർത്തകരിൽ നിന്നും ഏറെ വ്യത്യസ്‌തനാണ് സംവിധായകൻ ബ്ലെസിയെന്നും ജിമ്മി ചൂണ്ടിക്കാട്ടി. പൂർണതയുടെ അവസാനഘട്ടം വരെ ക്ഷമയോടെയും മികച്ച കാഴ്‌ചപ്പാടോടെയും സമീപിക്കുന്ന മറ്റൊരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല. ഏകോപന സമീപനത്തോടുകൂടി കാര്യങ്ങൾ സൃഷ്‌ടിച്ചെടുക്കാൻ മികവുറ്റ ഒരു സംവിധായകന് മാത്രമേ സാധിക്കുകയുള്ളൂ. അത്തരത്തിൽ ബ്ലെസി ഞാൻ കണ്ടിട്ടുള്ള മികച്ച ഒരു സംവിധായകൻ തന്നെ.
നജീബിന്‍റെ ജീവിതത്തിൽ ഒരു രക്ഷകനായാണ് തന്‍റെ കഥാപാത്രം സിനിമയിൽ എത്തുന്നത്. വെള്ളമില്ലാതെ ഭക്ഷണം ഇല്ലാതെ ജീവനും കയ്യിൽ പിടിച്ചു ഓടുന്ന നജീബിനെ പോലുള്ളവർ ഈ ഭൂമിയിൽ ഉണ്ട്. ഞാൻ ജനിച്ചു വളർന്ന നാട്ടിൽ വെള്ളമോ വൈദ്യുതിയോ ഇല്ലായിരുന്നു. അതിനുശേഷം ആണ് പാരീസിലേക്ക് കുടിയെറാനുള്ള തീരുമാനം ഉണ്ടായത്.
വിദ്യാഭ്യാസം കാര്യമായി ഒന്നും നേടാനായില്ല. പാരീസിൽ ഒരു അനാഥന് തുല്യം ജീവിതം നയിച്ചു. അതിൽ നിന്നൊക്കെ ജീവിതം മെച്ചപ്പെടുത്താൻ കുറെ സമയം വേണ്ടിവന്നു. ജീവിതം പച്ച പിടിക്കാനുള്ള ഓട്ടത്തിനിടയിൽ പാരീസിൽ നിന്ന് ഇറ്റലിയിലേക്കും അവിടെനിന്ന് സ്‌പെയിനിലേക്കും പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും പലായനം ചെയ്‌തു.
പല ജോലികളും ചെയ്‌തിട്ടുണ്ട്. മികച്ച ജീവിത സാഹചര്യങ്ങൾ സ്വപ്‌നം കണ്ടാണ് ഇംഗ്ലണ്ടിലേക്ക് എത്തിയത്. നജീബിന്‍റെ ജീവിതവുമായി കൂട്ടി വായിക്കാവുന്ന ഒരു ജീവിത സാഹചര്യം തന്നെയാണ് കുട്ടിക്കാലത്ത് തനിക്കും ഉണ്ടായിരുന്നത്. നജീബും സൗദിയിലേക്ക് യാത്ര ചെയ്‌തത് മികച്ച ഒരു ജീവിത സാഹചര്യമുണ്ടാകും എന്നോർത്ത് തന്നെയാണല്ലോ.
നജീബിന്‍റെയും ഹക്കീമിന്‍റെയും ജീവിതത്തിൽ ഇബ്രാഹിം ഖാദിരി ഒരു രക്ഷകനോ അല്ലയോ എന്നുള്ളത് ഒരു ചർച്ചാവിഷയമാണ്. ഒരേ സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുന്ന മൂന്നുപേർ. സിനിമയുടെ അവസാനം ഇബ്രാഹിമിന്‍റെ കഥാപാത്രം ആരാണെന്ന് പ്രേക്ഷകർക്ക് മനസിലാകും.