എറണാകുളം : ഇന്ന് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് 73-ാം പിറന്നാൾ. മമ്മൂട്ടി എന്ന നടനെക്കുറിച്ച് പൊതുവേ മലയാളികൾക്കുള്ള ഒരു ചിന്താഗതിയാണ് ആളൊരല്‌പം ഗൗരവക്കാരനാണ് എന്നുള്ളത്. നിസാര കാര്യങ്ങൾക്കുപോലും ചൂടാകുന്ന വ്യക്തിത്വം, സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ പ്രശ്‌നമാകും, ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സ്വഭാവം. പലരെയും മമ്മൂട്ടി തന്‍റെ കോപാഗ്നി കൊണ്ട് ഭസ്‌മമാക്കി എന്നുള്ള ചില ഗോസിപ്പുകൾ ഇന്നും ഇൻഡസ്ട്രിയിൽ കേൾക്കാറുണ്ട്.
എന്നാൽ മമ്മൂട്ടി അങ്ങനെ ഒരു ചൂടൻ സ്വഭാവക്കാരൻ ആണോ?
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ ജിയോ ബേബി പ്രതികരിച്ചത് ഇപ്രകാരമാണ്. 'ജീവിതത്തെ ഇത്രയധികം രസാവഹമായി കാണുന്ന മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. എല്ലാ കാര്യങ്ങളെയും ഒരു ഫണ്ണോട് കൂടിയാണ് അദ്ദേഹം സമീപിക്കുന്നത്. വളരെ സീരിയസായ വിഷയങ്ങളിൽ പോലും നർമത്തിന്‍റെ അകമ്പടിയോടുകൂടി ആ വിഷയത്തിന്‍റെ രൂക്ഷ സ്വഭാവത്തെ ലഘൂകരിക്കാൻ മമ്മൂട്ടി എപ്പോഴും ശ്രമിക്കും.
ഇനിയൊരു ചെറിയ വിഷയമാണെങ്കിൽ പോലും അതിലും ഒരു നർമത്തിന്‍റെ ഭാഷ്യം സൃഷ്‌ടിച്ച് കാര്യത്തെ ഗൗരവമുള്ളതാക്കും. സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ സംഭവിക്കുന്ന ചില സ്ട്രെസുകൾ ലഘൂകരിക്കാൻ മമ്മൂട്ടി എന്ന വലിയ നടന്‍റെ ഇത്തരം പ്രവർത്തികൾ സഹായിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോൾ ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണിത്. എന്ത് കാര്യത്തെയും വിവേക ചിന്തയോടെ രസത്തോടെയോ നർമ്മത്തോടെയോ സമീപിക്കുക.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അദ്ദേഹം ഈ പ്രായത്തിലും വളരെയധികം എനർജിയോടെയും ചെറുപ്പത്തോടെയും കാണപ്പെടുന്നതിന്‍റെ പ്രധാന കാരണം അദ്ദേഹത്തിനുള്ളിലെ നർമഭാവം തന്നെയാണ്. കാതൽ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം 35 ദിവസങ്ങളോളം ലൊക്കേഷനിൽ സഹകരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒക്കെ തന്നെയും വളരെ ശാന്തനും സൗമ്യനുമായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്.
അദ്ദേഹം ആരോടും മുഖം കയർത്ത് ഒരു വാക്കുപോലും പറയുന്നത് താൻ കണ്ടിട്ടില്ല. ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാനും ഒരു സിനിമ കൂടി സംഭവിക്കാനും മോഹം തോന്നുന്ന തരത്തിൽ മികച്ച അനുഭവങ്ങൾ സമ്മാനിച്ച വ്യക്തിത്വമാണ് എന്നെ സംബന്ധിച്ചിടത്തോളം സാക്ഷാൽ മമ്മൂട്ടി.' ഹൃദ്യ ഭാഷയിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നതായി സംവിധായകൻ ജിയോ ബേബി.