എറണാകുളം: ആസിഫ് അലിയും അമലാപോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ലെവൽ ക്രോസ് എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും. ടുണീഷ്യയിൽ ഷൂട്ട് ചെയ്‌ത ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ലെവൽ ക്രോസ്. അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം ജീത്തു ജോസഫാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ മാധ്യമങ്ങളെ കണ്ടിരുന്നു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചാവിഷയങ്ങൾ ആയിരുന്നു ആസിഫ് അലിയും അമല പോളും. ആസിഫ് അലിക്ക് പോസിറ്റീവ് ക്യാമ്പയിൻ ആയിരുന്നെങ്കിൽ അമല പോളിന് നെഗറ്റീവ് ക്യാമ്പയിൻ ആയിരുന്നു.
ലെവൽ ക്രോസിന്‍റെ പ്രചാരണാർഥം ഒരു കോളജ് പരിപാടിയിൽ എത്തിയ അമലാപോൾ ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു സോഷ്യൽ മീഡിയയിലെ നെഗറ്റീവ് പൊല്ലാപ്പുകൾ. ചിത്രത്തിന്‍റെ വാർത്താസമ്മേളനത്തിൽ ഈ രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ അണിയറ പ്രവർത്തകരോട് ചോദിച്ചു.
വസ്ത്രധാരണത്തെക്കുറിച്ച് കാസ ഫേസ് ബുക്ക് പോസ്‌റ്റ് ഇട്ടതിനെക്കുറിച്ച് ആദ്യം മറുപടി പറഞ്ഞത് അമല പോൾ ആണ്. 'കോളജ് പരിപാടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രം അനുചിതമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. മാത്രമല്ല എന്‍റെ വസ്ത്രധാരണത്തെ പറ്റി കോളജിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. പല രീതിയിലും പല ആംഗിളുകളിലുമാണ് ക്യാമറ കണ്ണുകൾ അന്ന് എന്നെ ആ പരിപാടിയിൽ ഒപ്പിയെടുത്തിട്ടുള്ളത്. ചില പ്രത്യേക ആംഗിളുകളിൽ ഉള്ള ദൃശ്യങ്ങൾ സത്യത്തിൽ അനുചിതമായിരുന്നില്ല. എന്‍റെ വസ്ത്രധാരണമല്ല അവിടെ അപ്പോൾ പ്രശ്‌നമാകുന്നത്. ക്യാമറയിൽ എങ്ങനെ ഷൂട്ട് ചെയ്യണമെന്നും അത് എങ്ങനെ പ്രദർശിപ്പിക്കണമെന്നും ഉള്ള കാര്യങ്ങൾ എന്‍റെ കയ്യിൽ അല്ല'-അമല പോളിന്‍റെ പ്രതികരണം ഇങ്ങനെ.
സോഷ്യൽ മീഡിയയിലെ ചില നെഗറ്റീവ് കമന്‍റുകൾ മാത്രം കണ്ടുകൊണ്ട് സമൂഹത്തെ വിലയിരുത്താൻ ആകില്ലെന്ന് ജീത്തു ജോസഫ് പ്രതികരിച്ചു. സമൂഹത്തിന്‍റെ കാഴ്‌ചപ്പാടിലും ചിന്താഗതിയിലുമെല്ലാം ഉയർച്ചയുണ്ട്. ഒന്നോ രണ്ടോ നെഗറ്റീവ് കമന്‍റുകൾ ഘടകങ്ങളാക്കി സമൂഹത്തിന് ഉയർച്ചയില്ലെന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ ആസിഫ് അലിയുടെ മേക്കോവറിനെക്കുറിച്ചും വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നു. കഥാപാത്രങ്ങൾക്ക് വേണ്ടി ഏതൊരു രീതിയിലും ഒരു അഭിനേതാവ് പരകായ പ്രവേശം നടത്തുന്നത് അയാളിലെ കലാകാരനെ കൂടുതൽ വളർത്തുകയേ ഉള്ളൂവെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. സിനിമയിൽ ഇപ്പോഴും ചില നടിമാർക്ക് ചില പ്രത്യേക വേഷങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഇത്തരം ഇമേജ് കോൺഷ്യസ് അവരിലെ അഭിനേതാവിന് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആസിഫ് അലി പലതരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങൾ അടക്കം അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ കരിയറിൽ അത്തരം കഥാപാത്രങ്ങളാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി ഞാൻ കരുതുന്നില്ല. പലതരത്തിലുള്ള കഥാപാത്രങ്ങളും രൂപമാറ്റവും ആസിഫിനെ പോലുള്ള താരങ്ങളുടെ മൂല്യം വർധിപ്പിച്ചിട്ടേ ഉള്ളൂ'വെന്നും ജീത്തു ജോസഫ് പറഞ്ഞു.
Also Read: ഇത് വേറെ ലെവല്‍: ആസിഫ് അലി-അമല പോള്‍ ചിത്രം 'ലെവല്‍ ക്രോസ്' തിയേറ്ററുകളിലേക്ക്