ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു കാളിദാസ് ജയറാമിന്‍റേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതസഖിയാക്കിയത്. വിവാഹത്തിന്‍റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ കാളിദാസ് - താരണി വിവാഹ റിസപ്‌ഷന്‍റെ ആഘോഷ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ആഘോഷ പരിപാടിയില്‍ ജയറാമും കുടുംബവും പഞ്ചാബി ഗാനത്തിന് മനോഹരമായ ചുവട് വയ്ക്കുന്നതും കാണാം. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോഴാണ് ഞെട്ടിച്ചുകൊണ്ട് ജയറാമിന്‍റെ എന്‍ട്രി.
പാട്ടിനൊപ്പം ആടിത്തിമിര്‍ക്കുകയാണ് ജയറാം. കാളിദാസും താരിണിയും ഒപ്പം നൃത്തം ചെയ്യുന്നുണ്ട്. ഒപ്പം പാര്‍വതിയും മാളവികയും നവനീതുമൊക്കെ ഡബിള്‍ എനര്‍ജിയില്‍ നൃത്തം ചെയ്യുകയാണ്. കാളിദാസിന്‍റെ മുത്തശ്ശി പോലും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതേസമയം ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഡിസംബര്‍ എട്ടിന് രാവിലെ 7.30 നും 7.45 നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ജയറാം തന്നെയാണ് താരിണിയുടെ കൈപിടിച്ചു കാളിദാസിന് നല്‍കിയത്. മരുമകളല്ല, മകളാണ് താരിണി എന്ന് ജയറാം പ്രീ വെഡ്‌ഡിങ് ആഘോഷപരിപാടികള്‍ക്കിടെ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗുരുവായൂരപ്പന്‍റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്‍റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷമെന്ന് കാളിദാസ് താരിണി വിവാഹ ശേഷം ജയറാം പറഞ്ഞിരുന്നു. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്‍റെയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
അതേസമയം വലിയൊരു സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
എന്‍റെ ജീവിതത്തിലെ പുതിയൊരു യാത്രയാണിത്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ലിറ്റില്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന താരിണിയുടെ കൂടെ ജീവിതത്തില്‍ ഇനിയൊരു പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും നേരിട്ട് വന്ന് അനുഗ്രഹിച്ചതിന് നന്ദിയെന്നും കാളിദാസ് പറഞ്ഞിരുന്നു.
മൈസുരു മസനഗുഡി സ്വദേശിയാണ് താരിണി. പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 ല്‍ റണ്ണര്‍ അപ്പായിരുന്നു.
Also Read:താരിണിയെ ചേര്‍ത്ത് ചുംബിച്ച് കാളിദാസ്, വിവാഹ ഫോട്ടോകള്‍ വൈറല്‍; മനം നിറഞ്ഞ് ജയറാമും പാര്‍വതിയും