ആരാധകരെയും തമിഴ് സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടുള്ളതായിരുന്നു നടന്‍ ജയം രവിയുടെ വിവാഹ മോചന പ്രഖ്യാപനം. രണ്ട് ദിവസം മുമ്പ് എക്‌സിലൂടെയാണ് ജയം രവി ഇക്കാര്യം ലോകത്തോടു വിളിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ജയം രവിയുടെ വിവാഹ മോചന പ്രഖ്യാപനത്തോട് പ്രതികരിച്ചിരിക്കുകയാണ് ഭാര്യ ആരതി രവി.
തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ജയം രവിയുടെ വിവാഹ മോചന പ്രഖ്യാപനം എന്നാണ് ആരതി രവി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തി ആരതി രംഗത്തെത്തിയിരിക്കുന്നത്. ജയം രവിയുടെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും ആരതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 18 വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോള്‍ അത് പരസ്‌പര ബഹുമാനത്തോടും സ്വകാര്യതയോടും കൈകാര്യം ചെയ്യേണ്ടതാണെന്നാണ് ആരതി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
എന്‍റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള ഞങ്ങളുടെ വിവാഹ മോചനത്തെ കുറിച്ചുള്ള പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്‌തു. 18 വര്‍ഷം പങ്കിട്ട ജീവിതത്തിന് ശേഷം അത്തരമൊരു സുപ്രധാന കാര്യം, അത് അര്‍ഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രവിയുമായി ഒന്ന് മനസ്സ് തുറന്ന ചര്‍ച്ച നടത്താന്‍ ഞാന്‍ കുറച്ചു കാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ആ അവസരം എനിക്ക് ലഭിച്ചില്ല.
ഞങ്ങള്‍ തമ്മിലും കുടുംബപരമായുള്ള പ്രതിബദ്ധതയെ മാനിക്കണം എന്നെനിക്ക് ആഗ്രഹം ഉണ്ട്. ഖേദകരം എന്ന് പറയട്ടെ, ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീര്‍ത്തും ഞെട്ടിച്ച് കളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്. അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല. ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാന്‍ ഇതുവരെ പൊതു അഭിപ്രായങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്‍റെ പ്രസ്‌താവനയ്‌ക്ക് ശേഷം സമൂഹം എന്‍റെ മേല്‍ അന്യായമായി കുറ്റം ചുമത്തുകയും എന്‍റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
ഒരു അമ്മ എന്ന നിലയില്‍ എന്‍റെ പ്രഥമ പരിഗണന എപ്പോഴും എന്‍റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോള്‍ എനിക്ക് കണ്ട് നില്‍ക്കാന്‍ കഴിയില്ല. കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനും ശക്‌തിയോടും അവര്‍ അര്‍ഹിക്കുന്ന ആത്‌മാഭിമാനത്തോടും മുന്നോട്ട് പോകാന്‍ എന്‍റെ കുട്ടികളെ സഹായിക്കുന്നതിനാലായിരിക്കും ഇനി എന്‍റെ ശ്രദ്ധ. ഞങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അവസാനമായി, ഇക്കാലമത്രയും ഞങ്ങള്‍ക്ക് അചഞ്ചലമായ പിന്തുണ നല്‍കിയ മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്‌നേഹവുമാണ് ഞങ്ങള്‍ക്ക് ശക്‌തി പകരുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തില്‍ ഞങ്ങളുടെ സ്വകാര്യതയോട് അല്‍പം ബഹുമാനം കാണിക്കണമെന്നും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹത്തോടെ ആരതി. -ആരതി കുറിച്ചു.