തിരുവനന്തപുരത്തെ നെടുമങ്ങാട് എന്ന ഗ്രാമത്തിൽ നിന്നും വർഷങ്ങൾക്കു മുമ്പ് ഒരു ചെറുപ്പക്കാരൻ ജനങ്ങളെ ചിരിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ഇറങ്ങി പുറപ്പെട്ടു. കയ്യിലുള്ള ചെറിയ സമ്പാദ്യം ഉപയോഗിച്ച് 'നർമ്മകല' എന്ന പേരിൽ അയാൾ ഒരു ട്രൂപ്പ് ആരംഭിച്ചു. അങ്ങനെ കലയുടെ ലോകത്തേക്ക് അയാള്‍ പിച്ചവച്ചു തുടങ്ങി.
നര്‍മ്മക്കല
കലാമേഖലയിൽ തന്‍റേതായ കൈമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് സ്വന്തമായി ഒരു ട്രൂപ്പ് ഉണ്ടാക്കണമെന്ന മോഹം മനസില്‍ ഉദിക്കുന്നത്. ജീവിതത്തിൽ എപ്പോഴും നർമ്മം ഉള്ളിൽ സൂക്ഷിക്കുന്ന വ്യക്തി ആയതുകൊണ്ട് ട്രൂപ്പിന് നർമ്മകല എന്ന പേര് നൽകി. നർമ്മം കൊണ്ട് ഒരു കലാരൂപം, അതാണ് ആ പേരിന് പിന്നിലെ കൗതുകം.
ദൈവകാരുണ്യം കൊണ്ട് ട്രൂപ്പ് വളർന്നു. ഇപ്പോഴും ട്രൂപ്പ് സജീവമാണ്. ടെലിവിഷൻ സീരിയലുകളും സിനിമകളും തന്നെ തേടിയെത്തിയതോടെ ട്രൂപ്പിന്‍റെ നടത്തിപ്പ് അവകാശം മറ്റു ചിലർക്ക് നൽകി. 15 വർഷത്തോളം ആ ട്രൂപ്പിന് ചുക്കാൻ പിടിച്ച ആ കലാകാരനാണ് റിയാസ് നര്‍മ്മകല എന്ന കോമഡി ആര്‍ട്ടിസ്‌റ്റ്.
പിൽക്കാലത്ത് മലയാള സിനിമയിലെ അതികായന്മാരായ പലരും ആദ്യകാലത്ത് നർമ്മകലയുടെ ഭാഗമായിരുന്നു. പ്രൊഫഷണൽ കലാ വേദികളിലും മിമിക്രിരംഗത്തും നർമ്മകല ശോഭിച്ചു. തന്‍റെ പേരിനൊപ്പം ഗ്രൂപ്പിന്‍റെ പേരും ചേർത്ത് മിനിസ്ക്രീനിലേക്കും പിന്നീട് ബിഗ് സ്ക്രീനിലേക്ക് റിയാസ് ചേക്കേറി.
നടൻ സുരാജ് വെഞ്ഞാറമൂട് നർമ്മ കലയുടെ ഭാഗമായിരുന്നു. മുൻപ് ചില മാധ്യമങ്ങളിലൊക്കെ അച്ചടിച്ച് വന്ന ഒരു വാർത്തയുണ്ട്. സുരാജിന്‍റെ മെന്‍ററാണ് റിയാസ് നർമ്മകലയെന്ന്. തികച്ചും വസ്‌തുത വിരുദ്ധമാണ് ആ പ്രസ്‌താവന. മലയാള സിനിമയിൽ സുരാജ് വെഞ്ഞാറമൂട് എന്ന നടന് എത്രത്തോളം സ്റ്റാർഡം ഇപ്പോഴുമണ്ടോ? നർമ്മകലയുടെ ഭാഗമാകുന്ന സമയത്ത് സുരാജ് വേദികളിലെ സൂപ്പർസ്റ്റാർ ആയിരുന്നു. സുരാജ് വെഞ്ഞാറമൂട് ഒരു പക്ഷേ നർമ്മ കലയുടെ ഭാഗ്യമായിരുന്നു.
സുരാജ് വെഞ്ഞാറമൂട് ഉണ്ടെങ്കിൽ ഉത്സവ കമ്മിറ്റിക്കാർക്ക് പരിപാടി ബുക്ക് ചെയ്യാൻ വലിയ ഉത്സാഹം ആയിരുന്നു. അക്കാലത്തെ സുരാജിന്‍റെ ഡെഡിക്കേഷൻ എടുത്തു പറയേണ്ടതാണ്. ഇത്രയും ആത്മാർത്ഥതയോടെ കാര്യങ്ങളെ സമീപിക്കുന്ന മറ്റൊരു മിമിക്രി താരം അക്കാലത്ത് വേറെയില്ല. അക്കാലത്ത് നർമ്മകലയിൽ നിന്നും സുരാജിനെ കൈക്കലാക്കാനായി കേരളത്തിലെ പ്രമുഖ ട്രൂപ്പുകൾ മത്സരമായിരുന്നു. സുരാജ് നമ്മളോടൊപ്പം പ്രവർത്തിച്ചിരുന്നു എന്ന് പറയുന്നത് തന്നെ അഭിമാനമാണ്.
ടെലിവിഷന്‍ മേഖലയിലേക്ക്
കൈരളി ടിവി ടെലികാസ്‌റ്റ് ചെയ്തിരുന്ന 'ജഗപൊഗ' എന്ന പരിപാടിയിലൂടെയാണ് ടെലിവിഷൻ മേഖലയിൽ ആദ്യം കടന്നു വരുന്നത്. ആ പരിപാടിയിൽ സുരാജ് വെഞ്ഞാറമൂടും ഭാഗമായിരുന്നു. പക്ഷേ ജനപിന്തുണയേറിയത് 'മറിമായ'ത്തിലൂടെയാണ്.
മറിമായം സംപ്രേഷണം തുടങ്ങുന്ന കാലത്ത് വെറുമൊരു പ്രേക്ഷകൻ മാത്രമായിരുന്നു താൻ. പരിപാടി കാണുമ്പോൾ മറിമായത്തിന്‍റെ ഭാഗമാകാൻ ഏറെ ആഗ്രഹിച്ചിരുന്നു. പിൽക്കാലത്ത് മറി മായത്തിന്‍റെ ഭാഗമായി. 'മന്മദൻ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാധാരണ പ്രേക്ഷകർ പറയാനും കേൾക്കാനും ആഗ്രഹിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്‌തു എന്നുള്ളതാണ് 'മറിമായം' സീരിയലിന്‍റെ വിജയം. പിന്നീട് താനും മണികണ്ഠൻ പട്ടാമ്പി ചേർന്ന് ഒരു സീരിയലിനു തിരക്കഥ എഴുതി. 'അളിയൻസ്' എന്ന പേരിൽ ആ സീരിയൽ സൂപ്പർ ഹിറ്റ്.
'മറിമായ'വും 'അളിയൻസും' കരിയറിൽ വലിയ വിജയം നേടിത്തന്നവയാണ്. 'അളിയൻസി'ലെ ക്ലീറ്റസ് എന്ന കഥാപാത്രം ഒരു രാഷ്ട്രീയക്കാരനാണ്. സ്വന്തം കുടുംബത്തിലെ ആളുകളോട് ഇടപെടുന്നത് രീതിയിലാണ് പുറത്തും അയാളുടെ പെരുമാറ്റം.
ആദ്യ സിനിമ
രഞ്ജിത്ത് സംവിധാനം ചെയ്‌ത 'തിരക്കഥ' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. എന്നാൽ താൻ അഭിനയിച്ച രംഗങ്ങൾ വെട്ടി മാറ്റപ്പെട്ടു. തുടർന്ന് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം ഉമ്മയാണ്. നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ പിൽക്കാലത്ത് മലയാള സിനിമയിൽ സജീവമായി.
ആസിഫ് അലി ചിത്രം 'കൂമൻ', 'കേശു ഈ വീടിന്‍റെ നാഥൻ', 'കണ്ണൂർ സ്ക്വാഡ്', 'റോഷാക്ക്' തുടങ്ങിയ സിനിമകളിലൊക്കെ വേഷമിട്ടു. വലിയ സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. എല്ലാ സംവിധായകരോടൊപ്പം വർക്ക് ചെയ്യണം. ഒരു സീൻ എങ്കിൽ ഒരു സീൻ താൻ സന്തോഷവാനാണ്.