കെ ക്യു എന്ന ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച നടനാണ് ആൻസൻ പോൾ. കല വിപ്ലവം പ്രണയം, ആട് 2, എബ്രഹാമിന്‍റെ സന്തതികൾ, ഗാംബ്ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ ആൻസൺ പോൾ പ്രേക്ഷക പിന്തുണ വർദ്ധിപ്പിച്ചു. ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ എന്ന ചിത്രത്തിൽ ആൻസൻ പോൾ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്.
മഴയിൽ നനയ്കിരേൻ എന്ന തമിഴ് ചിത്രത്തിലും ആൻസൻ പോൾ നായകനാണ്. രണ്ടു സിനിമകളും ഈ മാസം തന്നെ തിയേറ്റുകളിൽ എത്തും. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ തന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷത്തിലൂടെ കടന്നുപോയ കാര്യങ്ങൾ ഇ ടിവി ഭാരതിനോട് തുറന്നു പറയുകയാണ് ആൻസൻ പോൾ.

ചെറുപ്പകാലം മുതൽക്കുതന്നെ സിനിമയുമായി ബന്ധപ്പെട്ട ആൾക്കാരുമായി അടുത്തിടപഴകാൻ സാധിച്ചിരുന്നു. ഞാൻ മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം തന്നെ തമിഴ് സിനിമയുടെ ഈറ്റില്ലമായ പ്രദേശങ്ങളാണ്. വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ഭാഗ്യ പരീക്ഷണങ്ങളുമായി സിനിമ സ്വപ്‌നം കണ്ടെത്തുന്നവരുടെയും ആസ്ഥാനമാണ് സാലി ഗ്രാമവും കോടമ്പാക്കവും. ആ പ്രദേശം എന്നത് സിനിമ ജീവിതത്തിന്‍റെ ഭാഗമാണ്.

ചെറിയ പ്രായത്തിൽ പഠിക്കുമ്പോഴൊക്കെ എല്ലാവർക്കും ചെറിയ ദുശീലങ്ങളൊക്കെ ഉണ്ടാകും. വീടിനു സമീപത്തെ ഒരു ചായക്കടയാണ് പലപ്പോഴും ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള വേദി. വീട്ടുകാർ അറിയാതെ ഒരു സിഗരറ്റ് വലിക്കുക ചായ കുടിക്കുക ഈ പരിപാടിയാണ് അവിടെ നടക്കുക.
ചായ കുടിക്കുമ്പോഴും ശ്രദ്ധ ആ ചായക്കടയിൽ കൂടിയിരിക്കുന്ന ആളുകൾ സംസാരിക്കുന്ന കാര്യങ്ങളിലാണ്. സിനിമാക്കാരാണ് കൂടുതലും. ചിലർ സിനിമയിൽ വിജയിച്ച കഥകൾ പറയും ചിലർ പരാജയപ്പെട്ട കഥകൾ പറയും. അവസരം തേടിയെത്തി ഒന്നും നടക്കാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാര്യങ്ങൾ പറയും. കരയുന്നവരുണ്ടാകും ചിരിക്കുന്നവരുണ്ടാകും വ്യാകുലപ്പെടുന്നവർ ഉണ്ടാകും. ഈ സംഭാഷണങ്ങൾ ആയിരുന്നു എന്‍റെ ചായയ്ക്കും സിഗരറ്റിനും കൂട്ട്.
അക്കാലത്ത് തന്‍റെ പൊടിമീശയും മെലിഞ്ഞുണങ്ങിയ ശരീരവും വെളുത്ത നിറവും കാണുന്നവർക്ക് എന്നിലെന്തോ പ്രത്യേകത തോന്നുന്നതിന് കാരണമായി. തമിഴ് സൂപ്പർതാരം അജിത്തുമായി തനിക്ക് നല്ല സാമ്യമുണ്ടെന്ന് ചിലർ പറയുമായിരുന്നു.
'ഡേയ്, അവനെ പാര് തല മാതിരി ഇറുക്കട ' ചിലർ തമിഴ് ഭാഷയിൽ എന്നെ നോക്കി പറയുന്ന ഈ പ്രയോഗമാണ് ഒരു അഭിനയമോഹിയിലേക്കുള്ള ചുവടുവയ്പ്പിന് കാരണമായതെന്ന് ആൻസൻ പോൾ പറയുന്നു.

സിനിമയാണ് ഇനി ലക്ഷ്യം. വീട്ടുകാരുടെ സമ്മതത്തോടെ സിനിമയിൽ അഭിനയിക്കാം എന്ന് കരുതേണ്ട. പക്ഷേ അവിടെയാണ് ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടം ആരംഭിച്ചത്. മുന്നോട്ട് ഒരു ജീവിതമുണ്ടോ എന്ന് പോലും സംശയം തോന്നി. ആ ആ സംഭവം എന്താണെന്ന് അധികം സ്ഥലങ്ങളിൽ ഒന്നും ഞാൻ വെളിപ്പെടുത്തിയിട്ടില്ല. ആ സമയത്ത് തനിക്കൊരു ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. കാലഘട്ടം 2011 ആണ്. എത്രയും പെട്ടെന്ന് സർജറി ചെയ്‌ത് ബ്രെയിൻ ട്യൂമർ നീക്കം ചെയ്യണം.
സർജറി കഴിഞ്ഞശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് സംശയമുണ്ട്. സർജറിക്ക് മുമ്പ് ഒരേയൊരു ആഗ്രഹം മാത്രമേ താൻ വീട്ടുകാരോട് ആവശ്യപ്പെട്ടുള്ളൂ. സർജറി കഴിഞ്ഞ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ ഒരു സിനിമയെങ്കിൽ ഒരു സിനിമ ഒരു സീൻ എങ്കിൽ ഒരു സീൻ എനിക്ക് അഭിനയിക്കണം.
ഒരു സിനിമയിലെ ഒരു സീനിലെങ്കിലും 70 എം എം സ്ക്രീനിൽ തന്‍റെ മുഖം കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ആൻസൻ പോൾ വീട്ടുകാരോട് പറഞ്ഞു. ആ അവസ്ഥയിൽ വീട്ടുകാർക്ക് മറുത്തൊന്നും പറയാൻ സാധിച്ചില്ലെന്നും ആൻസൻ പോൾ കൂട്ടിച്ചേർത്തു.

ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് ആകെ കുറച്ചുള്ള ആത്മവിശ്വാസം കൂടി ചോർന്ന് പോയാൽ പിന്നെ ഞാനില്ല. അതുകൊണ്ടാണ് എല്ലാവരിൽ നിന്നും മാറി കുറച്ചുകാലം ഒരു വനവാസം പോലെ ജീവിക്കാൻ തീരുമാനിച്ചത്. കീമോ ചെയ്‌ത് നഷ്ടപ്പെട്ട മുടിയൊക്കെ തിരിച്ച് വന്നശേഷമാണ് പുറത്തേക്ക് ഒക്കെ ഇറങ്ങി തുടങ്ങുന്നത്. ആൻസൻ പോൾ പറഞ്ഞു.
ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞാൽ അതിൽ പൂർണമായും വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ആൻസൻ പോൾ വ്യക്തമാക്കി. തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഒരു അഭിനയത്രി മമ്ത മോഹൻദാസ് ആണ്. ഒരു പാഠപുസ്‌തകം ആയിരുന്നു അവർ.
അസുഖത്തിൽ നിന്നും മുക്തനായി ഒരിക്കൽ നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മംമ്ത മോഹൻദാസിനെ നേരിൽ കണ്ടു. ഒരുപാട് നേരം അവരെ കൗതുകത്തോടെ നോക്കിക്കൊണ്ട് നിന്നശേഷമാണ് അടുത്തുചെന്ന് പരിചയപ്പെട്ടത്. ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ, പ്രചോദനമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് മംമ്ത എന്ന് ഞാൻ അവരോട് പറഞ്ഞു. അതിനുശേഷം ആണ് തന്റെ സിനിമ മോഹവും അസുഖത്തിന്റെ കാര്യവും മംമ്ത മോഹൻദാസിനോട് വെളിപ്പെടുത്തിയത്.
ആ സമയത്ത് മംമ്ത മോഹൻദാസ് തമിഴ് താരം അരുൺ വിജയ് നായകനാകുന്ന തടയാറ താക്ക എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സിനിമയുടെ ലൊക്കേഷനിലേക്ക് മംമ്ത മോഹൻദാസ് എന്നെ ക്ഷണിച്ചു. ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് ഞാൻ ആദ്യമായി കടന്നു ചെല്ലുന്നത് അപ്പോഴാണ്. എന്നെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് മമ്ത മോഹൻദാസ് ആണ്. ആൻസൻ പോൾ വിശദീകരിച്ചു.
ആ സിനിമയുടെ ലൊക്കേഷനിൽ മംമ്ത മോഹൻദാസിന് ഒപ്പം ഒരു ദിവസം ഞാൻ ചിലവഴിക്കുകയുണ്ടായി. സിനിമ ചിത്രീകരിക്കുന്ന രീതികൾ ഒക്കെ നോക്കി മനസ്സിലാക്കി. തന്‍റെ സിനിമ മോഹം കണക്കിലെടുത്ത് മംമ്ത തന്നെ ഒരു ചിത്രത്തിലേക്ക് റെക്കമെന്‍റ് ചെയ്‌തു. മംമ്തയുടെ നായകനായിട്ടായിരുന്നു ആ ചിത്രത്തിൽ ഞാൻ വേഷമിടേണ്ടിയിരുന്നത്. സാങ്കേതിക കാരണങ്ങളാൽ ചിത്രം സംഭവിച്ചില്ല.
വീണ്ടും ഒരു അവസരത്തിനു വേണ്ടി മംമ്തയോട് ആവശ്യപ്പെട്ടപ്പോൾ മംമ്ത പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ഈ ലോകത്തിൽ 99% ആൾക്കാർക്കും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് നിങ്ങൾക്കുള്ളത്? സിനിമ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം സിനിമ പഠിക്കൂ. സിനിമയുടെ ഭാഗമാകാൻ പരിശ്രമിക്കൂ. മംമ്തയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് സിനിമയിൽ എത്തിപ്പെടാനുള്ള പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിച്ചു.

ഏതെങ്കിലും ഒരു രീതിയിൽ സിനിമയുടെ ഭാഗമാകണമെന്ന ഉദ്ദേശത്തോടെ ആദ്യം അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ആകാനാണ് തീരുമാനിച്ചത്. അങ്ങനെ വരുന്ന ചിത്രമാണ് കെ ക്യു. തമിഴ് താരം ആര്യയും, പാർവതി ഓമനക്കുട്ടനും ആയിരുന്നു ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആര്യ ആ ചിത്രത്തിൽ നിന്നും പിന്മാറി. മറ്റ് പല നടന്മാരെയും അണിയറ പ്രവർത്തകർ സിനിമയുടെ നായകൻ ആക്കാൻ ആലോചിച്ചു.
പക്ഷേ പാർവതി ഓമനക്കുട്ടന്‍റെ ഉയരവുമായി യോജിക്കുന്ന മറ്റൊരു നടനെ അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. പാർവതി ഓമനക്കുട്ടന്‍റെ ഉയരം 5. 11 ആണ്. അപ്പോൾ ആറടി എങ്കിലും ഉയരമുള്ള ഒരു നായകനെ തന്നെ കാസ്റ്റ് ചെയ്യണം. ഒടുവിൽ ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ ഞാൻ ആ ചിത്രത്തിലെ നായകനാകുന്നു. ജീവിതത്തിലെ മറ്റൊരു നിർണായക വഴിത്തിരിവായിരുന്നു അത്.
ആ ചിത്രത്തിന്‍റെ വലിയ പോസ്റ്റർ ബോർഡുകൾ ചെന്നൈയിലെ പല തിയേറ്ററുകളുടെയും മുന്നിലുണ്ട്. സിനിമ കണ്ടു തുടങ്ങിയ ചെറിയ പ്രായം മുതൽക്ക് തന്നെ ചെന്നൈയിലെ തിയേറ്ററുകളിൽ ഓപ്പണിങ് ഷോകൾ കണ്ടും കയ്യടിച്ചും ആഘോഷിച്ചും സിനിമയെ സ്നേഹിച്ച ആളാണ് ആൻസൻ പോൾ.
പിന്നീട് സിനിമ സ്വപ്‌നം കാണുകയും കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ബാക്കി പത്രം പോലെ സിനിമ എത്തിപ്പിടിക്കുകയും ചെയ്‌തു. ആൻസൻ പോൾ എന്ന ചെറുപ്പക്കാരൻ ഒരുകാലത്ത് താൻ സിനിമ കണ്ടു നടന്ന ചെന്നൈയിലെ തിയേറ്ററുകൾക്ക് മുന്നിൽ താൻ നായകനായ ചിത്രത്തിന്റെ കൂറ്റൻ ബോർഡുകൾ കണ്ട് സ്വപ്ന സാക്ഷാത്കാരത്തിന്റെ ആത്മസംതൃപ്തി നേടുന്നു.
ശിവ കാർത്തികേയൻ നായകനായ റെമോ എന്ന തമിഴ് ചിത്രത്തിൽ ആൻസർ പോളായിരുന്നല്ലോ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സിനിമയിൽ ഒരു അഭിനയ മോഹിയായ കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. ചെന്നൈയിലെ തിയേറ്ററുകൾക്ക് മുന്നിലുള്ള കൂറ്റൻ പോസ്റ്റർ ബോർഡുകൾക്ക് മുന്നിൽ നിന്ന് ശിവകാർത്തികേയന്റെ കഥാപാത്രം എന്ന് തന്റെ മുഖവും ഇതുപോലെ ഒരു പോസ്റ്ററിൽ പ്രത്യക്ഷപ്പെടുമെന്ന് ആശങ്കപ്പെടുന്ന ഒരു രംഗമുണ്ട്. കഥാവസാനം സിനിമയുടെ ക്ലൈമാക്സിൽ സ്വപ്നസാക്ഷാത്കാരം നേടി ശിവ കാർത്തികേയന്റെ കഥാപാത്രം താൻ സിനിമ കണ്ടു നടന്ന തിയേറ്ററിനു മുന്നിലെ പോസ്റ്ററിൽ താൻ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റർ കണ്ട് ആനന്ദിക്കുന്നു. ഇതാണ് സിനിമ ജീവിതത്തിന്റെ നേർക്കാഴ്‌ചയാണെന്ന് പറയുന്നത്.