സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും അണിനിരന്ന മ്യൂസിക് വീഡിയോ 'ഇനിമേല്‍' യൂട്യൂബിൽ തരംഗമാവുന്നു. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകൾ ഒരുക്കിയ സംവിധായകൻ ലോകേഷ് കനകരാജ് ഇതാദ്യമായാണ് ക്യാമറയ്‌ക്ക് മുന്നിൽ നടനായി എത്തുന്നത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടാൻ 'ഇനിമേലി'ന് സാധിച്ചിരുന്നു.
ഇപ്പോഴിതാ പുറത്തെത്തി ആദ്യ മണിക്കൂറുകളില്‍ തന്നെ ഈ ഗാനം യൂട്യൂബില്‍ തരംഗമായി മാറി. 16 മണിക്കൂര്‍ കൊണ്ട് 25 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് മ്യൂസിക് വീഡിയോ സ്വന്തമാക്കിയത്. ഇതുവരെ 35 ലക്ഷത്തിലേറെ ആളുകൾ യൂട്യൂബിൽ ഗാനം കണ്ടുകഴിഞ്ഞു.
നഗര പശ്ചാത്തലത്തില്‍ ഒരു സ്‌ത്രീ പുരുഷ ബന്ധത്തിന്‍റെ കഥയാണ് 'ഇനിമേല്‍' ദൃശ്യവത്‌കരിച്ചിരിക്കുന്നത്. 4.42 മിനിറ്റ് ദൈർഘ്യമുള്ള ഗാനം വളരെ റിയലിസ്റ്റിക് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കമല്‍ ഹാസനാണ് 'ഇനിമേലി'നായി വരികൾ ഒരുക്കിയിരിക്കുന്നത് എന്നതും ഈ ഗാനത്തിന്‍റെ പ്രധാന സവിശേഷതയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രുതി ഹാസനാണ്. കൂടാതെ ആശയവും ശ്രുതി ഹാസന്‍റേത് തന്നെ. വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ദ്വര്‍കേഷ് പ്രഭാകര്‍ ആണ്.
- " class="align-text-top noRightClick twitterSection" data="">
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് 'ഇനിമേൽ' മ്യൂസിക് വീഡിയോയുടെ നിർമാണം. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിർവഹിച്ച ഗാനത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്രീറാം അയ്യങ്കാര്‍, മ്യൂസിക് പ്രൊഡക്ഷന്‍-യഞ്ചന്‍, കല സംവിധാനം-സൗന്ദര്‍ നല്ലസാമി, കോസ്റ്റ്യൂം - പല്ലവി സിങ്, വിഎഫ്എക്‌സ് ആന്‍ഡ് ഡിഐ - ഐജീന്‍ എന്നിവരാണ് ഈ മ്യൂസിക് വീഡിയോയുടെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് 'വിക്രം'. പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രം ബോക്‌സ് ഓഫിസില്‍ വമ്പന്‍ വിജയമാണ് നേടിയത്. നിലവിൽ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് ലോകേഷ്.
രജനികാന്തിന്‍റെ കരിയറിലെ 171-ാമത്തെ ചിത്രമാകും ഇത്. ആക്ഷന്‍ ഡ്രാമ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നേരത്തെ ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്‌സിൽ വരുന്ന സിനിമയല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.