ജബൽപൂർ (മധ്യപ്രദേശ്) : ക്രിസ്‌ത്യൻ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ബോളിവുഡ് നടി കരീന കപൂർ ഖാന് നോട്ടിസ് അയച്ച് മധ്യപ്രദേശ് ഹൈക്കോടതി. താരത്തിന്‍റെ 'കരീന കപൂർ ഖാൻ പ്രഗ്‌നൻസി ബൈബിൾ' (Kareena Kapoor Khan's Pregnancy Bible) എന്ന പുസ്‌തകവുമായി ബന്ധപ്പെട്ടാണ് കേസ്. ഗർഭധാരണത്തെക്കുറിച്ചുള്ള പുസ്‌തകത്തിൽ 'ബൈബിൾ' എന്ന വാക്ക് അടങ്ങിയ തലക്കെട്ട് നൽകിയതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജബൽപൂരിലെ ക്രിസ്റ്റഫർ ആൻ്റണി എന്നയാളാണ് കോടതിയെ സമീപിച്ചത്.
അഭിഭാഷകനായ ക്രിസ്റ്റഫർ ആൻ്റണിയുടെ ഹർജി പരിഗണിച്ച് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ അധ്യക്ഷനായ ബെഞ്ചാണ് നടിക്ക് നോട്ടിസ് അയച്ചത്. കരീന കപൂർ 'ബൈബിൾ' എന്ന പദം ഉപയോഗിച്ചത് ക്രിസ്‌ത്യൻ സമൂഹത്തിന് അപമാനമുണ്ടാക്കിയെന്നാണ് ഹർജിക്കാരൻ്റെ വാദം. മെയ് 9 നാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. ഏഴ് പ്രവര്‍ത്തി ദിവസത്തിനുള്ളിൽ RAD മോഡ് വഴി പ്രോസസ് ഫീസ് അടയ്‌ക്കാൻ നടിയോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം ക്രിസ്‌ത്യൻ സമൂഹത്തിന് അപമാനമുണ്ടാക്കിയ കരീന കപൂർ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിക്കാരൻ വാദിക്കുന്നു. നടിക്ക് പുറമെ ആമസോൺ ഓൺലൈൻ ഷോപ്പിംഗ്, ജഗ്ഗർനട്ട് ബുക്‌സ്, സഹ രചയിതാവ് എന്നിവർക്കെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെടുന്നു.
'വിശുദ്ധ പുസ്‌തകമായ ബൈബിളിനെ' നടിയുടെ ഗർഭകാല യാത്രയുമായി തുലനം ചെയ്യരുതെന്ന് കാട്ടി ആദ്യം ജബൽപൂരിലെ ഒരു പ്രാദേശിക പൊലീസ് സ്റ്റേഷനിലാണ് ആൻ്റണി പരാതി നൽകിയത്. എന്നാൽ, കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെ അഭിഭാഷകൻ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ ഹർജി നൽകി. പക്ഷേ 'ബൈബിൾ' എന്ന പദത്തിൻ്റെ ഉപയോഗം ക്രിസ്‌ത്യൻ സമൂഹത്തിന് എങ്ങനെ അപമാനമുണ്ടാക്കിയെന്ന് സ്ഥാപിക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് ഹർജി തള്ളി.
തുടർന്ന് ആൻ്റണി അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ അനുകൂല നടപടി ലഭിക്കാതെ വന്നതോടെ ആന്‍റണി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.