ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്‌ത ആക്ഷൻ ത്രില്ലർ ചിത്രം 'ഫൈറ്റർ' ഒടിടിയിൽ. വ്യാഴാഴ്‌ച (മാർച്ച് 21) മുതലാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്‌സിലാണ് 'ഫൈറ്റർ' സ്‌ട്രീം ചെയ്യുന്നത്.
ജനുവരി 25 നാണ്, ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമെന്ന ഖ്യാതിയുമായി എത്തിയ ഈ ചിത്രം റിലീസ് ചെയ്‌തത്. വ്യോമസേനയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മമ്ത ആനന്ദ്, റമണ്‍ ചിബ്ബ്, അങ്കു പാണ്ഡെ, കെവിൻ വാസ്, അജിത് അന്ധാരെ എന്നിവരാണ് നിർമിച്ചത്. വയാകോം18 സ്റ്റുഡിയോസും മാർഫ്ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് 'ഫൈറ്റർ' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഏതാണ്ട് 250 കോടിയോളം മുതൽമുടക്കിൽ ആയിരുന്നു ഈ ചിത്രത്തിന്‍റെ നിർമാണം. ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്ന് 200 കോടിയും ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 300 കോടി ഗ്രോസുമാണ് ഈ ചിത്രത്തിന് നേടാനായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഷാരൂഖ് ഖാൻ നായകനായി, ബോക്‌സ് ഓഫിസിൽ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രമാണ് 'ഫൈറ്റർ'.
ഏറെ ഹൈപ്പുമായി എത്തിയ ഈ ചിത്രത്തിന് എന്നാൽ നിർമാതാക്കൾക്ക് വലിയ നേട്ടം നൽകാനായില്ല. അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ്, റിഷഭ് സാഹ്നി, സഞ്ജേന്ദ്ര ഷെയ്‌ഖ്, അശുതോഷ് റാണ, ഗീത അഗർവാള്‍, തലത് അസീസ് തുടങ്ങിയവരാണ് ഫൈറ്ററിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്‌ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയയായി (പാറ്റി) ഹൃത്വിക് എത്തിയപ്പൾ സ്‌ക്വാഡ്രൺ ലീഡർ മിനൽ റാത്തോർ (മിന്നി) എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിച്ചത്.
സച്ചിത് ഹൗലോസ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ആരിഫ് ഷെയ്‌ഖും കൈകാര്യം ചെയ്‌തിരിക്കുന്നു. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദും ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ റമണ്‍ ചിബും ചേര്‍ന്നാണ് കഥാരചന. റമണ്‍ ചിബ് തന്നെയാണ് തിരക്കഥയും ഒരുക്കിയത്. സംഭാഷണം രചിച്ചത് ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവർ ചേർന്നാണ്.
ALSO READ: വഞ്ചനയ്‌ക്കുള്ള പ്രതികാരം; ത്രസിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കി 'ഫൈറ്റർ' ട്രെയിലർ പുറത്ത്