എറണാകുളം: ഒരു ഇടവേളക്കുശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും തിരിച്ചുവരാൻ ഒരുങ്ങുകയാണ് അഭിനേത്രിയും, നർത്തകിയുമായ ഹിമാശങ്കരി. ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചാപ്പ കുത്താണ് ഹിമാശങ്കരിയുടെ ഏറ്റവും പുതിയ ചലച്ചിത്രം (Interview With Malayali Actress and Dancer Hima Shankari).
ഇതിനോടകം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ്.
തേടിപ്പോകുന്ന, തേടി വരാനിരിക്കുന്ന കഥാപാത്രങ്ങൾ ഒക്കെയും വലിയ കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാണെന്നുള്ളത് ജീവിതത്തിലെ വലിയ സന്തോഷമാണെന്ന് ഹിമാശങ്കരി ഇടിവി ഭാരതിനോട് പ്രതികരിച്ചു.
"സിബി മലയിൽ ചിത്രം അപൂർവ രാഗം, സീനിയേഴ്‌സ്, തൽസമയം ഒരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്റ്റേജ് പെർഫോമൻസുകളിലൂടെയും താന്‍ മലയാളികൾക്ക് സുപരിചിതയാണ്. കനി, യക്ഷം തുടങ്ങി 50 ലക്ഷത്തിലധികം കാഴ്‌ചക്കാരുള്ള ഹ്രസ്വചിത്രങ്ങളും അഭിനയ ജീവിതത്തിന് മാറ്റുകൂട്ടുന്നു.
അതില്‍ യക്ഷം എന്ന ഹ്രസ്വചിത്രം എടുത്തു പറയേണ്ടതു തന്നെ. 60 ലക്ഷത്തിലധികം കാഴ്‌ചക്കാരുണ്ടായിരുന്നു അതിന്. ആ കഥാപാത്രം തന്നെ തേടിയെത്തിയതാണ്. കഥയും കഥാപാത്രവും ആവശ്യപ്പെടുന്ന തരത്തിലാണ് തന്‍റെ പ്രകടനം. ബോൾഡ് ആയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സംസാര വിഷയമായത് അഭിമാനകരം. തന്‍റെ വ്യക്തിത്വത്തിൽ അധിഷ്‌ഠിതമായി കഥാപാത്രങ്ങളുമായി ചേർന്നു നിൽക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയത് കൊണ്ട് തന്നെ കലാപരവും സാമൂഹികപരവുമായ കാഴ്‌ചപ്പാടുകളിൽ വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു.
പഠിച്ചത് സംവിധാനമായതുകൊണ്ട് തന്നെ സ്വന്തമായി സ്റ്റേജ് നൃത്ത രൂപങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തു. ഒരു പ്രായത്തിൽ തോന്നിയ കലാ വഴിയെ സഞ്ചരിക്കവേ ഒരുപക്ഷേ സിനിമയിൽനിന്ന് വിട്ടു നിൽക്കേണ്ടി വന്നിട്ടുമുണ്ട്.
പക്ഷേ ഇനിയൊരു മുഖം തിരിവ് സിനിമയോട് കാണിക്കില്ല. കഥാമൂല്യമുള്ള കലാമൂല്യമുള്ള സിനിമകളോട് താല്‍പര്യം കൂടുതലുള്ളത് കൊണ്ട് തന്നെ അത്തരം ചിത്രങ്ങളിൽ ഒരു സമയത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
എല്ലാത്തരം സിനിമകളും പ്രേക്ഷക സംതൃപ്‌തിക്ക് വേണ്ടിയുള്ളത് തന്നെയാണ്. അതിൽ വേർതിരിവ് വേണ്ടെന്ന് തിരിച്ചറിഞ്ഞു. അത്തരത്തിലുള്ള ആദ്യ ചവിട്ടുപടിയാണ് പുറത്തിറങ്ങാൻ ഇരിക്കുന്ന ചാപ്പ കുത്ത് (Malayali Actress and Dancer Hima Shankari).
സാമൂഹികമായി ഉൾപ്പെടെ വസ്‌തുനിഷ്‌ഠമായി പ്രതികരിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. തന്‍റെ കാഴ്‌ചപ്പാടുകളെയും അഭിപ്രായങ്ങളെയും പല ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചത് വേദനിപ്പിച്ചു.
ചെറുപ്രായത്തിന്‍റെ ബോധതലത്തിൽ ചൊടിപ്പിച്ചിരുന്ന വസ്‌തുതകൾ ഒക്കെയും ഇക്കാലത്ത് തെറ്റ് ഏത് ശരിയേത് എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിൽ സമീപിക്കാൻ പഠിച്ചത് തന്നിലെ പുതിയ മനുഷ്യനെയും കലാകാരിയെയും രൂപപ്പെടുത്താൻ സഹായിച്ചു.
കല എക്കാലവും തന്‍റെ മുറിവുണക്കാൻ പോന്ന മരുന്നാണ്. മുറിവേൽപ്പിച്ചവരൊക്കെയും കലാകാരന്മാരും കലാകാരികളും. ശത്രുവേത് മിത്രമേത് എന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന വലിയ പ്രോജക്‌ടുകളുടെ ഭാഗമാണ് ഇപ്പോൾ. മറ്റു വിവരങ്ങൾ വഴിയെ അറിയിക്കാം. തിരിച്ചുവരവിൽ പ്രേക്ഷക പിന്തുണയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു". ഹിമ ശങ്കരിയുടെ വാക്കുകൾ.