ജി വി പ്രകാശ് കുമാർ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ 'കല്‍വൻ' ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏപ്രില്‍ നാലിന് തിയേറ്ററുകളിൽ എത്തിയ 'കല്‍വൻ' മെയ് 14നാകും ഒടിടിയിൽ പ്രദർശനത്തിനെത്തുക. പ്രമുഖ ഒടിടി പ്ളാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‍സ്റ്റാറാണ് 'കൽവ'ന്‍റെ ഡിജിറ്റൽ സ്‌ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം.
കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'കല്‍വൻ' സിനിമയുടെ സംവിധായകൻ പി വി ശങ്കറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിതത്തിന്‍റെ ഛായാഗ്രാഹകനും സംവിധായകൻ പി വി ശങ്കർ തന്നെയാണ്. ഇവാനയാണ് സിനിമയിൽ നായികയായി എത്തിയത്. ഭാരതി രാജ, ധീന എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തി. എൻ കെ രാഹുലാണ് 'കൽവ'ന്‍റെ കലാസംവിധാനം നിർവഹിച്ചത്.
'റെബൽ' ആണ് ജിവി പ്രകാശ് കുമാറിന്‍റേതായി അടുത്തിടെ റിലീസിനെത്തിയ മറ്റൊരു ചിത്രം. മലയാളികളുടെ പ്രിയ താരം മമിത ബൈജുവാണ് ഈ സിനിമയിൽ നായികയായി എത്തിയത്. നികേഷ് ആര്‍ എസാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. ജിവി പ്രകാശ് കുമാര്‍ തന്നെയാണ് 'റെബലി'നായും സംഗീത സംവിധാനം നിർവഹിച്ചത്.
'ഇടിമുഴക്കം' ആണ് ജിവി പ്രകാശ് കുമാറിന്‍റെ റിലീസ് കാത്തിരിക്കുന്ന സിനിമ. സീനു രാമസ്വാമി സംവിധാനം നിര്‍വഹിച്ച 'ഇടിമുഴക്കം' ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കലൈമകൻ മുബാറക്ക് നിർമിക്കുന്ന ഈ സിനിമയിൽ ഗായത്രിയാണ് നായികയായി എത്തുന്നത്. തേനി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എൻ ആര്‍ രഘുനന്ദനാണ്.
ALSO READ: ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ ; 'തലവൻ' വരുന്നു, റിലീസ് തീയതി പുറത്ത്