ശകുൻ ബത്രയുടെ സംവിധാനത്തിൽ 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗെഹരായിയാൻ'. ബോളിവുഡിലെ മിന്നും താരങ്ങളായ ദീപിക പദുക്കോൺ, അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 'ഗെഹരായിയാൻ' റിലീസായി രണ്ട് വർഷം പിന്നിട്ട വേളയിൽ 'ബിഹൈൻ ദി സീൻ' (Gehraiyaan BTS Clip) വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപികയും മറ്റ് താരങ്ങളും (Gehraiyaan Marks 2 Yrs).
സഹ താരങ്ങൾക്കൊപ്പമുള്ള ഇതുവരെ വെളിപ്പെടുത്താത്ത, അപൂർവ ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. ആകർഷകമായ കഥ, മനോഹരമായ ഛായാഗ്രഹണം, അസാമാന്യ പ്രകടനങ്ങൾ എന്നിവയാൽ പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് 'ഗെഹരായിയാൻ'. ചിത്രത്തിന്‍റെ ഇതുവരെ കാണാത്ത പിന്നാമ്പുറ കാഴ്‌ചകൾ പുറത്തുവന്നതോടെ ആരാധകരും ഇപ്പോൾ ഏറെ ആവേശത്തിലായിരിക്കുകയാണ്.
സിനിമയുടെ രണ്ടാം വാർഷികം അഭിനേതാക്കളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചിരുന്നു. അനന്യ പാണ്ഡെ, ദീപിക പദുക്കോൺ, ധൈര്യ കർവ, സംവിധായകൻ ശകുൻ ബത്ര എന്നിവരോടൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്‌താണ് സിദ്ധാന്ത് 'ഗെഹരായിയാൻ' ഓർമകൾ പങ്കുവച്ചത്. സിനിമ ചിത്രീകരണ വേളയിൽ അവർക്കിടയിൽ ഉടലെടുത്ത സൗഹൃദവും പങ്കുവച്ച നല്ല നിമിഷങ്ങളും പ്രതിഫലിക്കുന്നതായിരുന്നു ഈ ഫോട്ടോകൾ. സിനിമയുടെ ചിത്രീകരണ വേളയിൽ സെറ്റിൽ നിന്ന് പകർത്തിയ മോണോക്രോം ഫോട്ടോകളും താരം പങ്കിട്ടു.
നേരത്തെ 'ഗെഹരായിയാ'നിലെ കഥാപാത്രത്തിൽ നിന്ന് പുറത്തുകടക്കാൻ താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു എന്ന് സിദ്ധാന്ത് ചതുർവേദി പറഞ്ഞിരുന്നു. താൻ നടന്ന വഴിയും ഇരിക്കുന്ന രീതിയും എല്ലാം വ്യത്യസ്‌തമായി എന്നും തനിക്ക് പോലും അറിയാത്തതായിരുന്നു ആ മാറ്റം എന്നും താരം പറഞ്ഞിരുന്നു.
അതേസമയം ദീപിക പദുകോൺ പങ്കുവച്ച വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിലെ ദീപികയുടെ ഒരു ചെറിയ സീൻ പ്ലേ ചെയ്യുന്ന കമ്പ്യൂട്ടർ മോണിറ്ററാണ് വീഡിയോ ക്ലിപ്പിൽ കാണുന്നത്. അനന്യ പാണ്ഡെയും തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഞായറാഴ്‌ച ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. പ്രൊഡക്ഷൻ ഹൗസ് പങ്കുവച്ച വീഡിയോ 2 വർഷം! എന്ന അടിക്കുറിപ്പ് നൽകിയാണ് അനന്യ പോസ്റ്റ് ചെയ്‌തത്.ല സിനിമയിലെ അവിസ്‌മരണീയ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു പ്രൊഡക്ഷൻ ഹൗസ് പങ്കുവച്ച വീഡിയോ.
ധർമ്മ പ്രൊഡക്ഷൻസ്, വിയാകോം 18 സ്റ്റുഡിയോസ് (Viacom18 ), ജൗസ്‌ക ഫിലിംസ് എന്നീ ബാനറുകളിലാണ് 'ഗെഹരായിയാൻ' ഒരുങ്ങിയത്. ധൈര്യ കർവ, രജത് കപൂർ, നസിറുദ്ദീൻ ഷാ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.