വിദ്യാർഥികളായ അബിൻ ജോസഫ്, ദേവിക രാജ്, മേജർ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എൻ രാമചന്ദ്രൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത സിനിമയാണ് 'ഈ ബന്ധം സൂപ്പറാ'. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായാണ് 'ഈ ബന്ധം സൂപ്പറാ' സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീപക് ധർമ്മടം, പ്രകാശ് പയ്യാനക്കൽ, എൻ രാമചന്ദ്രൻ നായർ, രമ്യ കൃഷ്‌ണൻ, അഞ്ജു കൃഷ്‌ണ, ബാലതാരങ്ങളായ ശ്രീലക്ഷ്‌മി, ബേബി ഗൗരി, ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവരോടൊപ്പം ഒട്ടേറെ സ്‌കൂൾ കുട്ടികളും അധ്യാപകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മാതാപിതാക്കളെ പ്രായമാവുമ്പോൾ വൃദ്ധസദനത്തിൽ തള്ളുന്ന മക്കളുള്ള പുതിയ കാലത്ത് അവർക്ക് നേരെ നീട്ടുന്ന കണ്ണാടിയാണ് ഈ ചിത്രം. വൃദ്ധസദനത്തിലെ അന്തേവാസികളായ ഒരു അച്ഛനെയും അമ്മയെയും ദത്തെടുക്കുന്ന രണ്ട് സ്‌കൂൾ വിദ്യാർഥികളും അവർക്ക് നിയമ സംരക്ഷണം നൽകുന്നതിന് ശ്രമിക്കുന്ന അധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടെയും കഥയാണ് 'ഈ ബന്ധം സൂപ്പറാ' പറയുന്നത്. കുട്ടികൾക്ക് സിനിമയോടുള്ള അഭിനിവേശം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ മാനേജ്മെന്‍റും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ലിറ്റിൽ ഡാഫോഡിൽസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണ് 'ഈ ബന്ധം സൂപ്പറാ'.

കെ ടി മുരളീധരൻ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ഈ സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത് വി ഉണ്ണികൃഷ്‌ണൻ ആണ്. അദ്വൈത്, അനുരാജ്, തസ്ലി മുജീബ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷാബി പനങ്ങാടിന്‍റെ വരികൾക്ക് സാജൻ കെ റാം ഈണം പകരുന്നു. തസ്ലി മുജീബ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
ആലാപനം - ചെങ്ങന്നൂർ ശ്രീകുമാർ, കൊല്ലം അഭിജിത്ത്, കീർത്തന കോഴിക്കോട്, പശ്ചാത്തല സംഗീതം - എ എഫ് മ്യൂസിക്കൽസ്, പ്രൊഡക്ഷൻ കൺട്രോളർ -
ടി പി സി വളയന്നൂർ, കോസ്റ്റ്യൂംസ് - ലിജി, ചമയം - അശ്വതി, ജോൺ, ശാരദ പാലത്ത്, രഞ്ജിത്ത് രവി, വിഎഫ്‌എക്‌സ് - സവാദ്, അസിസ്റ്റന്‍റ് ഡയറക്‌ടർ - മൃദു മോഹൻ,
കൊറിയോഗ്രാഫി - ലിജി അരുൺകുമാർ, ബാലു പുഴക്കര എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ഒടുവിൽ തീരുമാനമായി ; കങ്കണ റണാവത്തിൻ്റെ 'എമർജൻസി' റിലീസ് സെപ്റ്റംബറിൽ