പീഡന കേസിൽ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. നേരത്തെ ഇടവേള ബാബുവിനെ എസ്‌ഐടി ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഇടവേള ബാബുവിനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ വീണ്ടും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
ആലുവയിലെ നടി നൽകിയ പരാതിയിൽ നോർത്ത് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൊച്ചിയിൽ എഐജി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് രണ്ടാം തവണയും നടനെ ചോദ്യം ചെയ്യുന്നത്.
കേസില്‍ നടന് എറണാകുളം സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം നൽകിയത്.
ഇടവേള ബാബു അമ്മ ജനറൽ സെക്രട്ടറിയായിരിക്കെ തനിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്നാണ് ആലുവയിലെ നടിയുടെ ആരോപണം. താര സംഘടന അമ്മയിൽ അംഗത്വം നൽകണമെന്ന ആവശ്യവുമായാണ് ഇടവേള ബാബുവിനെ നടി സമീപിച്ചത്. അപേക്ഷ ഫോം നൽകാൻ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിതിക്രമം നടത്തിയെന്നാണ് കേസ്.
ഈ സംഭവത്തിന് ശേഷവും പരാതിക്കാരി താനുമായി സൗഹൃദം തുടർന്നിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഉൾപ്പടെ കോടതിയിൽ സമർപ്പിച്ചായിരുന്നു ഇടവേള ബാബു മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചത്. ഇത്തരം കാര്യങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് കോടതി നടന് ജാമ്യം നൽകിയത്.
Also Read: 'ഇടവേളകളില്ലാതെ'; ഇടവേള ബാബുവിന്‍റെ ആത്മകഥ പ്രകാശനം ചെയ്‌തു