'സർപാട്ട പരമ്പരൈ' എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് ദുഷാര വിജയൻ. പിന്നീട് പാ രഞ്ജിത്തിന്‍റെ 'നച്ചത്തിരം നഗർഗിരത്' എന്ന സിനിമയിലെ പ്രകടനത്തിലൂടെയും ദുഷാര കയ്യടി നേടി. 'രായൻ', 'വേട്ടൈയ്യൻ' തുടങ്ങിയ സിനിമകളിൽ മുൻനിര താരങ്ങൾക്കൊപ്പം സ്‌ക്രീൻ പങ്കിടാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇപ്പോഴിതാ ദുഷാരയുടെ കരിയറിലെ പുത്തൻ പ്രൊജക്‌ടുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാവുകയാണ് 'ചിയാൻ 62'. ചിയാൻ വിക്രം നായകനാകുന്ന 'ചിയാൻ 62' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുഷാര നിർണായക വേഷത്തിലെത്തും. താരത്തെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്റർ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
എസ് യു അരുൺ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും 'ചിയാൻ 62' സിനിമയിൽ സുപ്രധാന വേഷത്തിലുണ്ട്. എസ് ജെ സൂര്യ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ റിയ ഷിബു നിർമിക്കുന്ന 'ചിയാൻ 62'ന്‍റെ താരനിരയിലേക്ക് ദുഷാര വിജയനും എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളം ഉയരുകയാണ്. 'പനിയാരും പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത' എന്നീ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ എസ് യു അരുൺ കുമാർ പുതിയ സിനിമയിലൂടെയും അത്ഭുപ്പെടുത്തുമെന്ന് തന്നെയാണ് കരുതുന്നത്.
വലിയ ബജറ്റിലാണ് ഈ സിനിമയുടെ നിർമാണം. തീവ്രവും ആകർഷകവുമായ ഒരു ആക്ഷൻ എന്‍റർടെയ്‌നറാകും 'ചിയാൻ 62' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തേനി ഈശ്വറാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ഏപ്രിൽ 21ന് ഈ സിനിമയുടെ ഷൂട്ടിങ്ങിന് മധുരയിൽ തുടക്കമാവും. പി ആർ ഒ - പ്രതീഷ് ശേഖർ.
ALSO READ: വിക്രമിന്‍റെ 'ചിയാൻ 62' വരുന്നു; ത്രില്ലടിപ്പിച്ച് അനൗൺസ്‌മെന്‍റ് വീഡിയോ