ഗാസയിലെ റഫയിലെ ടെൻ്റ് ക്യാമ്പിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ പ്രമുഖരും. ദുൽഖർ സൽമാൻ, സാമന്ത റൂത്ത് പ്രഭു, ഗൗഹർ ഖാൻ എന്നിവരടക്കമുള്ള ഇന്ത്യൻ താരങ്ങളാണ് ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചിരിക്കുന്നത്. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 45 പേർ കൊല്ലപ്പെട്ടതായും തെറ്റ് സംഭവിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യോമാക്രമണം ഇസ്രയേലിനെതിരെ വ്യാപകമായ ജനരോഷമുണ്ടാക്കിയിരുന്നു. പലരും ഗാസയിൽ ഉടനടി വെടിനിർത്തൽ ആഹ്വാനം ചെയ്യാനായി ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിൻ്റെ നടപടികളെ അപലപിക്കുന്ന രീതിയിലുള്ള ഇൻസ്‌റ്റാഗ്രാം സ്‌റ്റോറികളുമായാണ് നടി സാമന്ത റൂത്ത് പ്രഭു രംഗത്ത് വന്നത്.
റാഫയിൽ ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധിയെ ഉദ്ധരിച്ച് നൽകിയ നടിയുടെ പോസ്‌റ്റ് വെടിനിർത്തലിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുന്നതായിരുന്നു. പലസ്‌തീനികളുടെ അവകാശങ്ങൾക്കായി ദീർഘകാലമായി പിന്തുണ നൽകുന്ന നടി സ്വര ഭാസ്‌കറും റഫയിലെ ആക്രമണത്തെ അപലപിച്ചു. തന്‍റെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറികളിലൂടെയാണ് സ്വര ഭാസ്‌കറും രോഷം പ്രകടമാക്കിയത്.
സ്വര ഭാസ്‌കറിൻ്റെ പോസ്‌റ്റുകൾ വികാരഭരിതമാണ്. ഈ ആക്രമണത്തെ പിന്തുണയ്‌ക്കുന്ന, സാമ്പത്തിക സഹായം നൽകുന്നവരെ താൻ ശപിക്കുന്നതായാണ് സ്വര ഭാസ്‌കറിൻ്റെ വാക്കുകൾ. ആക്രമണത്തിനിടയിൽ ഭയത്തോടെ ജീവിക്കാൻ നിർബന്ധിതരായ അമ്മമാരുടെ നിരാശയെ കുറിച്ചാണ് നടി ഗൗഹർ ഖാൻ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവച്ചത്.
"ഗാസയിലെ അമ്മമാർ ഇന്ന് രാത്രി തങ്ങളുടെ കുട്ടികളെ ചേർത്തുപിടിച്ച് വീണ്ടും അവർ ഉറങ്ങുമെന്ന് പ്രതീക്ഷിക്കും. അവർ ഉണരാൻ നമ്മൾക്കും അവർക്കും പ്രാർത്ഥിക്കാം" ഗൗഹർ ഖാന്‍റെ വാക്കുകളിങ്ങനെ.
റഫയിൽ നിന്നും പുറത്തുവന്ന ഭയാനകമായ ഒരു വീഡിയോ കണ്ടതിന് ശേഷം നടി ഫാത്തിമ സന ഷെയ്ഖും തന്‍റെ രോഷം പ്രകടിപ്പിച്ചു കൊണ്ട് ഇൻസ്‌റ്റാഗ്രാമിൽ എത്തിയിരുന്നു. ഇത് എപ്പോൾ അവസാനിക്കുമെന്നാണ് നടി പങ്കുവെച്ചത്. "എല്ലാ കണ്ണുകളും റഫയിലേക്ക്" എന്ന് എഴുതിയ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ദുൽഖർ സൽമാൻ പിന്തുണ അറിയിച്ചത്.