മലയാളത്തിലെ യുവ നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരിടവേളയ്‌ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാന്‍ ഇന്ത്യന്‍ തെലുഗു ചിത്രം 'ലക്കി ഭാസ്‌കര്‍' ആണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് എന്നതും ശ്രദ്ധേയം. 2023ല്‍ ഓണം റിലീസായെത്തിയ 'കിംഗ് ഓഫ് കൊത്ത' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.
ഇപ്പോഴിതാ സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 'ലക്കി ഭാസ്‌കര്‍' റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. താന്‍ തന്‍റെ ആരോഗ്യം ശ്രദ്ധിച്ചില്ലെന്നാണ് താരം പറയുന്നത്.
"ചെറിയ ഒരു ഇടവേള എടുക്കേണ്ടിവന്നു. അത് ആരുടെയും തെറ്റല്ല. ചില സിനിമകള്‍ മാറിപ്പോയി. മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അത് എന്‍റെ തെറ്റാവാം. ഞാനെന്‍റെ ആരോഗ്യം ശ്രദ്ധിച്ചില്ല."-ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
ലക്കി ഭാസ്‌കര്‍ തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു. സിനിമയിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചും ദുല്‍ഖര്‍ വിശദീകരിച്ചു. ഏതൊരു സാധാരണക്കാരനെ പോലെയും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഭാസ്‌കർ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.
"അമ്മ, അച്ഛൻ, ഭാര്യ, കുട്ടികൾ തുടങ്ങിയ പ്രാരാബ്‌ദങ്ങളും മാസം ആദ്യത്തിൽ അടക്കേണ്ടിവരുന്ന ലോണുകളും ബില്ലുകളും ഒക്കെ അയാളെ നട്ടംതിരിക്കുന്നുണ്ട്. അയാൾക്കൊരു പൊട്ടിപ്പൊളിഞ്ഞ സ്‌കൂട്ടറും സ്വന്തമായുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സത്യത്തിൽ ഞാൻ വളരെയധികം എൻജോയി ചെയ്‌തിരുന്നു. ഭാസ്‌കറിന്‍റെ ജീവിത രീതികൾ എന്നെ വളരെയധികം സ്വാധീനിച്ചു." -ദുൽഖർ സല്‍മാന്‍ പറഞ്ഞു.
താന്‍ സിനിമയില്‍ എത്തിയിട്ട് 13 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കി. 13 വര്‍ഷത്തിടെ 44 ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും താരം പറഞ്ഞു. താങ്ങളുടെ പിതാവ് 400 സിനിമകള്‍ പിന്നിട്ടുവെന്നും, താങ്കള്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്നും അവതാര ദുല്‍ഖറിനോട് പറഞ്ഞു.
ഇതിന് പിന്നാലെ മമ്മൂട്ടിയ്‌ക്ക് സിനിമയോടും കഥാപാത്രങ്ങളോടുമുള്ള അഭിനിവേഷത്തെ കുറിച്ചും ദുല്‍ഖര്‍ പ്രതികരിച്ചു. "പെട്ടെന്നായിരിക്കും അദ്ദേഹം 'ഹാ....എനിക്ക് കിട്ടി' എന്ന് പറയുന്നത്. എന്താണെന്ന് ചോദിക്കുമ്പോള്‍ 'ഇപ്പോഴാണ് എനിക്ക് ആ കഥാപാത്രത്തെ കുറിച്ച് വ്യക്തമായത്' എന്നായിരുന്നും അദ്ദേഹത്തിന്‍റെ മറുപടി." -ദുല്‍ഖര്‍ പറഞ്ഞു.
ലക്കി ഭാസ്‌കറില്‍ ദുല്‍ഖറുടെ നായികയായി എത്തിയ മീനാക്ഷി ചൗധരി, സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി എന്നിവരും അഭിമുഖത്തിന്‍റെ ഭാഗമായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് മീനാക്ഷി ചൗധരി വാചാലയായി. പറയുന്ന കാര്യങ്ങള്‍ വളരെ ക്ഷമയോടെ കേള്‍ക്കുന്ന ആളാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് മീനാക്ഷി ചൗധരി പറഞ്ഞത്. പിന്നാലെ, ദുല്‍ഖറുടെ ഭാര്യ ഭാഗ്യം ചെയ്‌ത ആളാണെന്ന് അവതാരകയും പറഞ്ഞു.
'ലക്കി ഭാസ്‌കറി'ന് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം 'കിംഗ് ഓഫ് കൊത്ത' കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ബോക്‌സ് ഓഫീസിൽ സാമ്പത്തിക വിജയം നേടിയിരുന്നു. എങ്കിലും മികച്ച പ്രേക്ഷക പിന്തുണയുള്ളൊരു ചിത്രം ലഭിക്കേണ്ടത് ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
Also Read: ഓണം കളറാക്കി ദുൽഖർ സൽമാനും റാണ ദഗുപതിയും; വീഡിയോ വൈറല്‍ - Dulquer Rana celebrated Onam