ഹൈദരാബാദ്: കമൽഹാസനെ നായകനാക്കി ഷങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഇന്ത്യൻ 2' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 1996 ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് ചിത്രം. ചിത്രീകരണം പൂർത്തിയാക്കി ജൂലൈ 12 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ആരാധക പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ, പ്രായമായ സേനാപതിയുടെ വേഷത്തിൽ കമൽഹാസൻ നടത്തുന്ന ആക്ഷനുകളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. ‘ഇന്ത്യൻ’ എന്ന സിനിമ ചെയ്യുമ്പോൾ സേനാപതിയുടെ കഥാപാത്രത്തിന്‍റെ പ്രായം 75 വയസായിരുന്നു.
അതുപ്രകാരം 2024 ആകുമ്പോഴേക്കും ആ കഥാപാത്രത്തിന് 103 വയസ് തികയും. ആ പ്രായത്തിലുള്ള ഒരു വൃദ്ധന് ആയോധന കലകൾ അഭ്യസിക്കാനാവുമോ എന്ന തരത്തില്‍ ചോദ്യങ്ങളുയര്‍ന്നു. ഇത് വിശദീകരിച്ചുകൊണ്ട്, സേനാപതിയെ ഒരു സാധാരണക്കാരനായി കാണരുത്, മറിച്ച് ഒരു സൂപ്പർഹീറോ ആയിട്ടാണ് കാണേണ്ടതെന്ന് സംവിധായകന്‍ ഷങ്കര്‍ മറുപടി നൽകി.
ചൈനയില്‍ 120 വയസുള്ള ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് മാസ്റ്ററുണ്ട്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും തുടരുന്നതിനാല്‍ മാസ്റ്റര്‍ ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്നുണ്ട്. അതുപോലെ ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്‌ധനാണ് സേനാപതിയെന്നും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ ഷങ്കര്‍ വ്യക്തമാക്കി. ചിത്രത്തില്‍ സിദ്ധാർത്ഥ്, രാകുൽപ്രീത് സിങ്, എസ് ജെ സൂര്യ, ബോബി സിംഹ, അന്തരിച്ച നടൻ വിവേക്, പ്രിയ ഭവാനി ശങ്കർ, ബ്രഹ്മാനന്ദം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.