എറണാകുളം: കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വരാഹം'. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് സഞ്ജയ് പടിയൂർ. മലയാള സിനിമ മേഖലയിലെ തിരക്കുളള പ്രോജക്‌ട് ഡിസൈനറാണ് സഞ്ജയ് പടിയൂർ.
സഞ്ജയ് പടിയൂറിന്‍റെ ആദ്യ നിർമാണ സംരംഭമാണ് 'വരാഹം'. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം പൂർത്തിയായി. ചിത്രത്തിന്‍റെ റിലീസ് സംബന്ധമായ കാര്യങ്ങളിലേക്ക് നീങ്ങുമ്പോഴായിരുന്നു വയനാട് ദുരന്തം സംഭവിക്കുന്നത്. അനുചിതമായ നേരമായത് കൊണ്ട് ചിത്രത്തിന്‍റെ റിലീസ് താത്കാലികമായി മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ തന്നെ പുറത്തുവിടുമെന്ന് സഞ്ജയ് പടിയൂർ പറഞ്ഞു.
നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്‌ത 'കാവൽ' എന്ന ചിത്രത്തിന്‍റെ ഭാഗമായിരിക്കുമ്പോഴാണ് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്‌ടർ കൂടിയായ സനൽ വി ദേവൻ തന്നോട് ഒരു കഥ പറയുന്നത്. ചിത്രത്തിന്‍റെ തിരക്കഥയാണ് ഒരു നിർമാതാവാകാൻ തന്നെ പ്രേരിപ്പിച്ചത്. കഥ കേട്ടപ്പോൾ സുരേഷ് ഗോപി ഈ കഥയിലെ കേന്ദ്ര കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നിയിരുന്നുവെന്ന് സഞ്ജയ് പടിയൂർ പറഞ്ഞു.
തിരക്കഥ വായിച്ച് കേൾപ്പിച്ച ശേഷം സുരേഷ് ഗോപി ചിത്രത്തിനായി ഓപ്പൺ ഡേറ്റ് ആണ് നൽകിയത്. എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും മറ്റേത് സിനിമയുടെ ഭാഗമായാലും അതൊക്കെ മാറ്റിവച്ച് നിങ്ങൾ പ്ലാൻ ചെയ്യുന്ന സമയത്ത് ഈ ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ എത്തും എന്നായിരുന്നു സുരേഷ് ഗോപിയുടെ വാഗ്‌ദാനം. ഈ സിനിമ സാധ്യമാകാൻ സുരേഷ് ഗോപി എന്ന നടൻ നൽകിയ പിന്തുണ വിസ്‌മരിക്കാൻ കഴിയുന്നതല്ല. സിനിമയുടെ യാത്രയിൽ കൊവിഡ് വലിയ പ്രതിസന്ധിയായി മാറി. തുടർന്ന് മൂന്ന് വർഷത്തിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര കഥാപാത്രത്തോടൊപ്പം കിടപിടിക്കുന്ന മറ്റൊരു കഥാപാത്രം കൂടി സിനിമയിലുണ്ട്. ആ കഥാപാത്രം അവതരിപ്പിക്കുന്നതിനായി പ്രശസ്‌ത സംവിധായകനായ ഗൗതം വാസുദേവ് മേനോനെ സമീപിച്ചു. ഗൗതം വാസുദേവ് മേനോൻ അഭിനയത്തിലേക്ക് ചുവടുറപ്പിക്കുന്ന സമയത്താണ് കഥയുമായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലുന്നത്. കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു എന്ന് പടിയൂർ ഓര്‍മിച്ചു.
സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടുമായുള്ള ദീര്‍ഘകാല സൗഹൃദം ചിത്രത്തിലെ അദ്ദേഹത്തിന്‍റെ കാസ്റ്റിങ്ങിന് പ്രധാന കാരണമാണ്. നവ്യ നായര്‍, പ്രാചി തെഹ്‌ലാൻ എന്നിവരാണ് പ്രധാന സ്‌ത്രീ കഥാപാത്രങ്ങള്‍.
തെരഞ്ഞെടുപ്പ് വിജയവും കേന്ദ്രമന്ത്രി സ്ഥാനവും സുരേഷ് ഗോപി എന്ന നടനെ മലയാള സിനിമയ്ക്ക് നഷ്‌ടമാക്കുമോ എന്ന സംശയം പല ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. പക്ഷേ താൻ അറിയുന്ന സുരേഷ് ഗോപി ജീവിതത്തിൽ സിനിമയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. സിനിമ കഴിഞ്ഞ് മാത്രമെ അദ്ദേഹത്തിന് മറ്റെന്തുമുളളൂ.
രാജ്യസഭ എംപിയായിരുന്ന സമയത്താണ് ഞാൻ വർക്ക് ചെയ്‌ത 'കാവൽ' എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും സിനിമകൾക്കായി അദ്ദേഹം എങ്ങനെയും സമയം കണ്ടെത്തും. അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന പ്രോജക്‌ടുകൾ എന്ത് വില കൊടുത്തും പൂർത്തിയാക്കുകയും ചെയ്യും. മലയാള സിനിമയ്ക്ക് സുരേഷ് ഗോപി എന്ന നടനെ ഒരിക്കലും നഷ്‌ടപ്പെടില്ലെന്ന് സഞ്ജയ് പടിയൂർ ഉറപ്പിച്ചു പറഞ്ഞു.
ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി തുടങ്ങിയവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പല അധിക്ഷേപങ്ങളും ശ്രദ്ധിക്കാറുണ്ട്. ഇവർ രണ്ടുപേരും മാത്രമല്ല സോഷ്യൽ മീഡിയയുടെ ഇരകൾ. ഏതൊരു നടന്‍റെയും ഒരു സിനിമ റിലീസിന് ഒരുങ്ങുന്ന സമയത്തോ അല്ലെങ്കിൽ ഒരു നടനോ സംവിധായകനോ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുമ്പോഴോ മനപൂർവ്വമായി അവർക്കുനേരെ പലതരത്തിലുള്ള അധിക്ഷേപങ്ങൾ എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ആദ്യകാലങ്ങളിൽ പ്രിന്‍റ് മീഡിയകൾ വഴിയായിരുന്നുവെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ വഴി. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ നീതിബോധം എന്താണെന്ന് വിശകലനം ചെയ്യാനുള്ള കഴിവ് എനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
34 വർഷമായി താൻ സിനിമ മേഖലയിലുണ്ട്. ഇതിനിടയില്‍ 125 സിനിമകളുടെ ഭാഗമായി. ഉണ്ണിമുകുന്ദൻ ചിത്രം 'മാളികപ്പുറ'ത്തിലും പ്രോജക്‌ട് ഡിസൈനറായി ജോലി ചെയ്‌തത് താനാണ്. 1991ൽ പ്രശസ്‌ത നിർമാണ കമ്പനിയായ ജൂബിലി ഫിലിംസിൽ നിന്നാണ് സിനിമ പഠിച്ച് ഇൻഡസ്ട്രിയിലേക്ക് ഇറങ്ങുന്നതെന്ന് സഞ്ജയ് പടിയൂർ പറഞ്ഞു.
'വരാഹ'മെന്ന ചിത്രം നിർമിക്കുന്നതിനോടൊപ്പമാണ് 'നാഗേന്ദ്രൻസ് ഹണിമൂൺ' എന്ന വെബ് സീരീസിന്‍റെ ഭാഗമാകുന്നത്. നിതിൻ രഞ്ജി പണിക്കർക്ക് തന്നോടുള്ള വിശ്വാസം കൊണ്ടാണ് ആ സീരീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോലി തന്നെ ഏൽപ്പിക്കുന്നത്. രണ്ട് കാര്യങ്ങള്‍ ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരിക്കലും വൈഷമ്യം തോന്നിയിട്ടില്ല. കാരണം സിനിമയല്ലാതെ മറ്റൊരു തൊഴിൽ അറിയില്ല. സിനിമയാണ് എന്‍റെ പാഷൻ. സിനിമ ഇല്ലെങ്കിൽ എന്‍റെ ജീവിതം എന്താകുമെന്ന് പലപ്പോഴും വ്യാകുലപ്പെട്ടിട്ടുണ്ടെന്നും സഞ്ജയ് പടിയൂർ പറഞ്ഞു.
സുരേഷ് ഗോപി നായകനായ 'സിറ്റി പൊലീസ്' എന്ന ചിത്രത്തിലൂടെയാണ് താൻ ആദ്യമായി ഒരു ഷൂട്ടിങ് അറ്റൻഡ് ചെയ്യുന്നത്. അക്കാലം മുതൽ ആരംഭിച്ചതാണ് സുരേഷ് ഗോപി എന്ന നടനുമായുള്ള ആത്മബന്ധം. അതിനുശേഷം നിരവധി സുരേഷ് ഗോപി ചിത്രങ്ങളുടെ ഭാഗമായി.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ഒരിക്കലും മറക്കാനാകാത്ത നിരവധി അനുഭവങ്ങൾ ഉണ്ട്. എങ്കിലും കൊവിഡ് കാലത്ത് സംഭവിച്ച ചില കാര്യങ്ങൾ ഒരിക്കലും മനസിൽ നിന്ന് മാഞ്ഞു പോകില്ല. തനിക്ക് നേരിട്ട് അറിവുള്ള പല കാര്യങ്ങളുമുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ള സുരേഷ് ഗോപി പല രാത്രികളിലും ഉറങ്ങാതെ പോലും പരിശ്രമിച്ച് പല രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. അതിലൊരു സംഭവം കുവൈറ്റിലുള്ള ഒരു കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ എയർഫോഴ്‌സിന്‍റെ ഒരു വിമാനം അറേഞ്ച് ചെയ്‌ത് കുഞ്ഞിനെ ഡൽഹിയിൽ എത്തിച്ച് ചികിത്സ നൽകിയതായിരുന്നു.
ചികിത്സയ്ക്കുശേഷം ആ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ സുരേഷ് ഗോപിയെ കാണാൻ പാലക്കാട് 'കാവൽ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വന്നിരുന്നു. പക്ഷേ ആ സെറ്റിൽ നിന്നും എത്രയും പെട്ടെന്ന് കുഞ്ഞിനെയും കൊണ്ട് പോകാനാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഇത്തരം ഒരു അന്തരീക്ഷത്തിൽ കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാകുമോ എന്നുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വ്യാകുലത. എങ്കിലും ഭക്ഷണവും നിരവധി സമ്മാനങ്ങളും നൽകിയാണ് സുരേഷ് ഗോപി അവരെ തിരിച്ചയച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ആ കുഞ്ഞിനോട് സുരേഷ് ഗോപി എന്ന വ്യക്തി കാണിക്കുന്ന സ്നേഹം താൻ തൊട്ടടുത്തുനിന്ന് നോക്കി കണ്ടതാണ്. നിർഭാഗ്യവശാൽ ആ കുഞ്ഞ് ഇന്ന് ജീവനോടെ ഇല്ല. സുരേഷ് ഗോപി എന്ന മനുഷ്യനെ മലയാളികളിൽ പലർക്കും ഇനിയും മനസിലായിട്ടില്ല എന്നുള്ളത് സങ്കടകരമായ വസ്‌തുതയാണെന്ന് സഞ്ജയ് പടിയൂർ പറഞ്ഞു നിർത്തി.