തിരുവനന്തപുരം : പ്രശസ്‌ത സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവന്‍(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
സംവിധായകരായ സന്തോഷ് ശിവന്‍, സജ്ഞീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്‍റെയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി 1959ല്‍ തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിലാണ് ജനനം. ശ്രീകാര്യം ലയോള സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളജ്, മാര്‍ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ഹോക്കി, ക്രിക്കറ്റ് എന്നീ ഇനങ്ങളില്‍ കേരളത്തെയും കേരള സര്‍വകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
1976ല്‍, അച്ഛനോടൊപ്പം പരസ്യങ്ങളും ഡോക്യുമെന്‍ററികളും ചെയ്യാനാരംഭിച്ച സംഗീത് ശിവന്‍ സഹോദരന്‍ സന്തോഷ് ശിവനുമായി ചേര്‍ന്ന് പിന്നീട് ഒരു പരസ്യ കമ്പനിക്ക് രൂപം നല്‍കിയിരുന്നു. നിരവധി ഡോക്യുമെന്‍ററികളില്‍ അച്ഛന്‍ ശിവന്‍റെ സംവിധായക സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് പൂനെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ സംഗീത് നിരവധി ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്‌തിട്ടുമുണ്ട്.
യുണിസെഫിന്‍റെ ഫിലിം ഡിവിഷന് വേണ്ടിയും അദ്ദേഹം ഒട്ടേറെ ഡോക്യുമെന്‍ററികള്‍ ചെയ്‌തു. 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി 'വ്യൂഹം' എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. യോദ്ധ, ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. 'ഇഡിയറ്റ്‌സ്' എന്ന ചിത്രം നിര്‍മിക്കുകയും ചെയ്‌തിട്ടുണ്ട്.
ഭാര്യ ജയശ്രീയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. മകള്‍ സജന പ്രൊഫഷണല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ്. മകന്‍ ശാന്തനു മാസ് മീഡിയ വിദ്യാര്‍ഥിയാണ്.