ചലച്ചിത്ര ലോകത്തേക്കുള്ള മോഹന്‍ലാലിന്‍റെ ആദ്യ കാല്‍വയ്‌പ്പായിരുന്നു 'തിരനോട്ടം' എന്ന ചിത്രം. അത് ചെയ്‌തതാവട്ടെ അശോക് കുമാറും. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്‌താണ് ആ സിനിമ പൂര്‍ത്തിയാക്കിയത്.
കൊല്ലത്തെ കൃഷ്‌ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ആ സിനിമ പെട്ടിക്കുള്ളിലായി. തിരനോട്ടത്തിന്‍റെ വിധി അതായിരുന്നെങ്കിലും പതറാതെ ആ സംവിധായകന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു തന്നെ പോയി. മലയാളികള്‍ എന്നും ഒര്‍മ്മയില്‍ സൂക്ഷിക്കുന്ന ചിത്രമായ തേനും വയമ്പും സമ്മാനിച്ചതും ഇതേ സംവിധായകന്‍ തന്നെയാണ്. പിന്നീട് അദ്ദേഹം ഒരുപിടി മികച്ച ചിത്രങ്ങള്‍ തന്നെ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു.
'എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേരാണ് മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും. പ്രിയദർശൻ പിൽക്കാലത്ത് ഒപ്പം കൂടി മികച്ച സൗഹൃദം സൃഷ്‌ടിച്ച ആളാണ്. തന്‍റെ ആദ്യ സംവിധാനസമരമായ തിരനോട്ടത്തിൽ പ്രിയദർശനും ഒപ്പം ഉണ്ടായിരുന്നു. മോഹൻലാൽ എന്ന നടനെ മലയാളത്തിന്‍റെ വിഖ്യാത അഭിനേതാവ് ആക്കിയതിൽ പ്രധാന പങ്കുവഹിച്ചത് എന്‍റെ അഭിപ്രായത്തിൽ പ്രിയദർശൻ തന്നെയാണെന്ന്' -സിനിമയിലെ സൗഹൃദത്തെ കുറിച്ചും കോടമ്പക്കം ഓർമ്മകളും, കരിയറിലെ ഉയർച്ച താഴ്‌ചയുമൊക്കെ അശോക് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു തുടങ്ങി.
'എന്‍റെ ബന്ധങ്ങളെല്ലാം വളരെ വലുതാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. നിരവധി സിനിമകൾ മലയാളത്തിന് സംഭാവന ചെയ്യാൻ സാധിച്ചു എങ്കിലും എന്‍റെ ജീവിതം ബിസിനസിൽ കേന്ദ്രീകരിച്ചിരുന്നു. സിനിമയും ബിസിനസും ഒന്നിച്ച് കൊണ്ടുപോകാൻ ആകാതെ വന്നപ്പോഴാണ് ഒരു ഗ്യാപ് എടുത്തത്. പക്ഷേ ബിസിനസിൽ തകർച്ച വന്നതോടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. പക്ഷേ ഏതെങ്കിലും ഒക്കെ രൂപത്തിൽ ഏതെങ്കിലും ഒക്കെ ഭാവത്തിൽ എന്‍റെ സുഹൃത്തുക്കൾ തന്നെ സഹായിച്ചു കൊണ്ടിരുന്നു.
സുഹൃത്തുക്കൾ രാജ്യം അറിയുന്ന സിനിമ പ്രവർത്തകരായെങ്കിലും അവരെ ചൂഷണം ചെയ്‌ത് ഉന്നതിയിലേക്ക് വരണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അങ്ങനെ ചെയ്യുന്ന സ്വഭാവവും എനിക്കില്ല. തിരുവനന്തപുരത്ത് ഇന്ത്യൻ കോഫി ഹൗസിന്‍റെ വരാന്തയിലും പാങ്ങോട് ഗ്രൗണ്ടിലും ചർച്ച ചെയ്‌ത് തുടങ്ങിയതാണ് സിനിമ ജീവിതം. അന്ന് ഞാനും മോഹൻലാലും എംജി കോളജിലും, സുരേഷ് കുമാർ ആർട്‌സ് കോളജിലും ആണ് പഠിക്കുന്നത്. വൈകുന്നേരങ്ങളിൽ ഒത്തുകൂടും. ആദ്യ സിനിമയായ തിരനോട്ടത്തിന് പാച്ചല്ലൂർ ശശി എന്ന വ്യക്തി പണം മുടക്കാൻ തയ്യാറായതോടെ സ്വപ്‌ന സാക്ഷാത്കാരം.
ആദ്യ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും വയസ് 17 ആണ്. മോഹൻലാലിന്‍റെ മുടവൻ മുകളിലുള്ള വീടിന് മുന്നിലാണ് ആദ്യ ഷോട്ട് എടുത്തത്. മോഹൻലാലിന്‍റെ ആദ്യ ഷോട്ട് എടുക്കുമ്പോൾ അദ്ദേഹത്തിന്‍റെ അമ്മ ആ സന്ദർഭത്തിന് സാക്ഷിയായിരുന്നു. ലോകത്തിലെ എത്ര നടന്മാർക്ക് ലഭിക്കും ആ ഭാഗ്യം. ആ അമ്മയുടെയും അച്ഛന്‍റെയും അനുഗ്രഹമാണ് മോഹൻലാലിനെ ലോകം അറിയപ്പെടുന്ന നടനാക്കി മാറ്റിയത്.
'തിരനോട്ടം' തിയേറ്ററിൽ റിലീസ് ചെയ്‌ത പടമാണ്. പലരുടെയും വിചാരം ആ സിനിമ പെട്ടിയിലിരിക്കുന്നു എന്നുള്ളത് ആണ്. കൊല്ലത്തുള്ള തിരുവെങ്കിടം മുതലാളിയാണ് സിനിമ തിയേറ്ററിൽ എത്തിക്കാൻ സഹായിച്ചത്. ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു. അക്കാലത്ത് മലയാള സിനിമ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്ക് ചുവട് വയ്ക്കുന്ന സമയം. അക്കാലത്ത് 150 ഓളം ചിത്രങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച് പെട്ടിയിലായി പോയത്. പക്ഷേ തിരനോട്ടം തിയേറ്ററിലെത്തി.
തിരനോട്ടത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ് മദ്രാസിൽ ആയിരിക്കുന്ന സമയത്താണ് സുരേഷ് കുമാറിന്‍റെ അമ്മയുടെ നിർദേശപ്രകാരം സുരേഷ് കുമാർ മോഹൻലാലിന്‍റെ ഒരു ചിത്രം ഫാസിലിന് അയച്ചുകൊടുക്കുന്നത്. അന്ന് 'മഞ്ഞിൽ വിരിഞ്ഞ പൂക്കളു'ടെ ഓഡിഷന് പോകാൻ മോഹൻലാലിന്‍റെ ഒപ്പം പോയത് പ്രിയദർശൻ ആണ്.
മദ്രാസ് ജീവിതം സത്യത്തിൽ സമ്പുഷ്‌ടം ഒന്നുമായിരുന്നില്ല. എല്ലാവരും സിനിമ ചെയ്‌തിട്ടുണ്ടെങ്കിലും പട്ടിണി തന്നെ. അക്കാലത്ത് മദ്രാസിൽ ഒരു ഡിസ്ട്രിബ്യൂട്ടർ ഉണ്ട്. സ്വാമീസ് ലോഡ്‌ജിലെ ജീവിതത്തിനിടയിൽ അയാൾ തരുന്ന ചെറിയ തുകയാണ് അടുത്ത സിനിമയ്ക്കുള്ള യാത്രയ്ക്ക് വേണ്ടിയുള്ള മൂലധനവും ഭക്ഷണ ആവശ്യങ്ങൾക്കുള്ള കരുതലും. അന്ന് കുളത്തൂപ്പുഴ രവി എന്ന വ്യക്തി ഞങ്ങളുടെ വലിയ ആശ്വാസമായിരുന്നു.
കേരള രീതിയിലുള്ള വിഭവങ്ങളെല്ലാം അയാൾ ഞങ്ങൾക്ക് വേണ്ടി വിളമ്പി. കുളത്തൂപ്പുഴ രവിയുടെ വീട് ഞങ്ങൾക്ക് മദ്രാസിലെ മറ്റൊരു വീടായിരുന്നു. ചൂള എന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകനായ കുളത്തൂപ്പുഴ രവി തേനും വയമ്പും എന്ന ചിത്രത്തിലൂടെയാണ് സാക്ഷാൽ രവീന്ദ്രൻ മാസ്റ്റർ ആകുന്നത്.
തേനും വയമ്പും സംഭവിക്കുന്നതും രസകരമായാണ്. പ്രേം നസീറിനോട് കഥ പറയാൻ ചെന്നപ്പോൾ കോളജിൽ പഠിക്കുന്ന ഞങ്ങളെ അദ്ദേഹം ഓടിച്ചുവിട്ടു. പഠനം പൂർത്തിയാക്കി സിനിമ മനസിലാക്കിയശേഷം എത്താൻ ആയിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അന്ന് മലയാളത്തിന് ഒരേയൊരു സൂപ്പർ സ്‌റ്റാര്‍ മാത്രമേ ഉള്ളൂ, അത് പ്രേംനസീർ ആണ്.
പിന്നീട് എന്‍റെ അച്ഛനും പ്രേം നസീറിന്‍റെ അച്ഛനും സഹപാഠികൾ ആയിരുന്നുവെന്ന ഒറ്റ കാരണത്താലാണ് 'തേനും വയമ്പും' എന്ന ചിത്രം അദ്ദേഹം അഭിനയിക്കാനായി സമ്മതിക്കുന്നത്. 'തേനും വയമ്പും' എന്ന ഗാനം ഇന്നും മലയാളി മറന്നില്ല. രവീന്ദ്രൻ മാഷിന് ആ അവസരം ഒരുക്കി കൊടുക്കാൻ എനിക്ക് സാധിച്ചു എന്നതിൽ കൃതാർഥനാണ്.
പിന്നീട് 'കൂലി' എന്ന ചിത്രം സംവിധാനം ചെയ്യാൻ മമ്മൂക്കയുടെ അടുത്ത് എത്തുന്നു. കൊച്ചിയിൽ എത്തിയാൽ മമ്മൂക്കയുടെ വീടാണ് ഞങ്ങളുടെ ആശ്രയം. മമ്മൂക്ക മട്ടാഞ്ചേരിയിൽ താമസിക്കുന്ന സമയം. കൊച്ചിയിലേക്ക് ഞാനും പ്രിയദർശനും വച്ചു പിടിച്ചാൽ നേരെ മമ്മൂക്കയുടെ വീട്ടിലേക്ക് കയറിച്ചെല്ലും. മമ്മൂക്കയുടെ ഭാര്യയെ ഭാബി എന്നാണ് വിളിക്കുന്നത്. അധികാരത്തോടെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാൻ പറയും. ആ സൗഹൃദമാണ് 'കൂലി' എന്ന സിനിമയുടെ കഥയുമായി മമ്മൂക്കയുടെ അടുത്ത് ചെല്ലാൻ പ്രചോദനമായത്.
അന്ന് മമ്മൂട്ടി വലിയ നടൻ ഒന്നുമായിട്ടില്ല. എന്നാലും കഥയുമായി ചെന്നപ്പോൾ എന്താ എന്താണ് അങ്ങനെയുള്ള സ്ഥിരം ചോദ്യമുയർന്നു. 10 പൈസ വാങ്ങിക്കാതെയാണ് ആ ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത്. നിർമാതാവിനെ തനിക്ക് ഏർപ്പാടാക്കി തന്നതും മമ്മൂട്ടി തന്നെ. പിന്നീട് മോഹൻലാലിനെയും മോഹന്‍ലാലിന്‍റെ സഹോദരൻ പ്യാരിലാലിനെയും പ്രധാന വേഷത്തിൽ കൊണ്ടുവന്ന് ഒരു ചിത്രം സംവിധാനം ചെയ്‌തു.
പിന്നീടാണ് ജീവിതത്തിൽ സിനിമയ്ക്ക് ഒരു പക്ഷേ ഇടവേള സംഭവിക്കുന്നത്. ജീവിതത്തിന്‍റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഓരോരുത്തർ ഓരോരോ വഴിയിൽ പിടിച്ചു കയറ്റും. ആയിരപ്പറ എന്ന ചിത്രം നിർമ്മിക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയ മാറ്റങ്ങൾക്ക് കാരണമായി. പ്രിയദർശൻ സംവിധാനം ചെയ്‌ത 'അറബിയും ഒട്ടകവും പി മാധവൻ നായരും' എന്ന ചിത്രവും നിർമ്മിച്ചത് പ്രിയദർശന്‍റെ സഹായത്തോടെ തന്നെ.'
തന്‍റെ പഴയ ഓര്‍മ്മകളെയും കുറിച്ചും സൗഹൃദത്തെ കുറിച്ചുമൊക്കെ ഏറെ സന്തോഷത്തോടെയാണ് അശോക് കുമാര്‍ സംസാരിക്കുന്നത്. ഇനിയും ഏറെ പറയുവാനുണ്ടെന്ന് പറഞ്ഞുകൊണ്ട് അശോക് കുമാര്‍ തന്‍റെ സിനിമയിലെ രണ്ടുവരി മൂളിക്കൊണ്ട് പതുക്കെ അവിടെ നടന്നു തുടങ്ങി.
Also Read: 'സിനിമ നശിച്ചു പോട്ടെ എന്ന് പറയാം, പക്ഷേ സിനിമ കാണുന്നത് ചാരിറ്റി': മധുപാല്‍