സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയിൽ നിന്നും സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേലുള്ള സംഘടന നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് പത്താം നാൾ മാത്രമാണ് ഫെഫ്‌ക പ്രസ്‌താവനയിലൂടെ പ്രതികരണം അറിയിച്ചത്.
സംഘടനയുടെ പ്രതികരണം വൈകിയതിലും പ്രതികരണം പ്രസ്‌താവനയിൽ ഒതുക്കിയതിലും ആഷിഖ് അബു പരസ്യമായ വിയോജിപ്പ് അറിയിച്ചിരുന്നു. ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണനെയും അദ്ദേഹം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ അംഗത്വം തന്നെ ആഷിഖ് അബു രാജിവെച്ചത്.
അതേസമയം കഴിഞ്ഞ കാലങ്ങളിൽ സംഘടന സ്വീകരിച്ച പല നിലപാടുകൾ കാരണം സംഘടനയിൽ നിന്ന് താൻ അകന്നതയായും ആഷിഖ് അബു തൻ്റെ രാജി കത്തിൽ വ്യകതമാക്കി.
ആഷിഖ് അബു പങ്കുവച്ച വാര്‍ത്ത കുറിപ്പ് -
'2009 ഒക്ടോബറിൽ ഫെഫ്‌ക രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്‌സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്. 2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച എന്‍റെ പരാതിയിൽ യൂണിയൻ ഇടപെട്ടത് തികച്ചും അന്യായമായാണ്. അതേ നിർമ്മാതാവിന്‍റെ മറ്റൊരു ചിത്രം നിർമ്മാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്.
എന്നാൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഇതേ നിർമ്മാതാവിന്‍റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്‌കയിൽ നിന്ന് ഈ തുകയ്‌ത്ത് വേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന ഞങ്ങൾക്കവകാശപെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണമെന്ന് ആവശ്യപ്പെട്ടു. ലഭിച്ച തുകയിൽ നിന്ന് 20 ശതമാനം ആവശ്യപ്പെട്ട് ഫെഫ്‌കയുടെ ഓഫീസിൽ നിന്ന് ഒരു ദിവസം ലഭിച്ചത് മൂന്ന് ഫോൺ കോളുകൾ.
വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് സിബി മലയിലിനോട് ഞാൻ തർക്കം ഉന്നയിച്ചു. അതേതുടർന്ന് ഞാനും സിബി മലയിലും തമ്മിൽ വാക്ക് തർക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിൽ സിബി മലയിൽ. തൊഴിലാളി സംഘടന പരാതിയിൽ ഇടപെടുന്നതിന് കമ്മീഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിർബന്ധപൂർവം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ഞാൻ ചെക്ക് എഴുതി കൊടുത്തുവിട്ടു. ഞാൻ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയിൽ എന്‍റെ ചെക്ക് തിരിച്ചയച്ചു.
എന്‍റെ കൂടെ പരാതിപെട്ട എഴുത്തുകാരായ മറ്റു രണ്ടു പേരുടെ പക്കലിൽ നിന്നും 20 ശതമാനം സർവീസ് ചാർജ് സംഘടന വാങ്ങി. എനിക്ക് നിർമാതാവിൽ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല. ഈ ഘട്ടത്തിൽ തന്നെ ഞാൻ സംഘനടയിൽ നിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ വീണ്ടും വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടർന്ന് പോന്നു.
എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങുന്ന കുറച്ചു വാചക കസർത്തുകൾ, 'പഠിച്ചിട്ടു പറയാം', 'വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം' എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.
നിലപാടിന്‍റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്‌ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു.'