മലയാളത്തിൽ ദിലീപ് നായകനായി പുതിയ ചിത്രം വരുന്നു. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു. 'പവി കെയര്‍ ടേക്കര്‍' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് (Dileep new movie Pavi Care Taker).
നടൻ ദിലീപിന്‍റെ കരിയറിലെ 149-ാമത് ചിത്രം കൂടിയാണ് 'പവി കെയര്‍ ടേക്കര്‍'. വിനീതിന്‍റെ സംവിധാനത്തിൽ എത്തുന്ന മൂന്നാമത്തെ സിനിമയും. ഏപ്രിൽ 15 മുതൽ എറണാകുളത്ത് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം (D149 is now Pavi Care Taker).
രാജേഷ് രാഘവൻ ആണ് 'പവി കെയര്‍ ടേക്കര്‍' സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. സനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ദീപു ജോസഫ് ആണ്. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകരുന്നു. രഞ്ജിത്ത് കരുണാകരൻ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളറും അനൂപ് പത്മനാഭൻ, കെ പി വ്യാസൻ എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
പ്രൊജക്‌ട് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻ - യെല്ലോടൂത്ത്‌സ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം 'ബാന്ദ്ര'യാണ് ദിലീപ് നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. തമന്ന നായികയായ ഈ ചിത്രം അരുണ്‍ ഗോപി ആയിരുന്നു സംവിധാനം ചെയ്‌തത്. 'രാമലീല'യ്‌ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും കൈകോർത്ത ചിത്രം കൂടിയായിരുന്നു 'ബാന്ദ്ര'.
എന്നാൽ വലിയ ക്യാൻവാസിൽ ഒരുക്കിയ 'ബാന്ദ്ര'യ്‌ക്ക് ബോക്‌സോഫിസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‌ത, ശരത് സഭ, സിദ്ധിഖ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'തങ്കമണി', ജോഷി സംവിധാനം ചെയ്യുന്ന 'ഓൺ എയർ ഈപ്പൻ', സൂപ്പർ ഹീറോ ചിത്രമായ 'പറക്കും പപ്പൻ', 'ബാ ബാ ബാ' എന്നിവയുൾപ്പടെ നിരവധി ചിത്രങ്ങളാണ് ദിലീപിൻ്റെതായി അണിയറയിലുള്ളത്.