എറണാകുളം : ഹിമ ശങ്കരിയെ പ്രധാന കഥാപാത്രമാക്കി നവാഗതരായ അജേഷ് സുധാകരൻ മഹേഷ് മനോഹർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം 'ചാപ്പ കുത്ത്' ഏപ്രിൽ അഞ്ചിന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്‍റെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ ഇടിവി ഭാരതിനോട് പങ്കുവെച്ചു. അടിമ കച്ചവട സമയത്ത് ഉണ്ടായിരുന്ന ഒരു പ്രയോഗമാണ് ചാപ്പ കുത്തൽ. ജയിൽ പുള്ളികളെയും അടിമകളെയും തിരിച്ചറിയുന്നതിന് ഒരു കാലത്ത് മേൽക്കോയ്‌മ വർഗം അവരുടെ ദേഹത്ത് പതിപ്പിച്ചിരുന്ന മുദ്രയാണ് ചാപ്പ.
ആധുനിക യുഗത്തില്‍ ചാപ്പ കുത്ത് പ്രായോഗിക തലത്തിൽ ഇല്ലെങ്കിൽ പോലും ചിന്തകളിലൂടെയുള്ള അനാചാരങ്ങളെ പ്രയോഗം അടയാളപ്പെടുത്തുന്നതാണ് സിനിമയുടെ കഥാസാരം. ഇന്‍റർനാഷണൽ ഫെസ്‌റ്റുകളുടെ ഭാഗമായെങ്കിലും ചിത്രം തികച്ചും ഒരു കൊമേഴ്സ്യൽ സിനിമയാണ്. സഹോദരി-സഹോദര ബന്ധത്തിന്‍റെ ആഴത്തിലുള്ള വേരുകൾ വലിച്ചുകാട്ടുന്ന ചിത്രംകൂടിയാണിത്. തമിഴ് നടൻ ലോകേഷും 'ചാപ്പ കുത്ത്' സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്‍റെ രണ്ടാമത്തെ തിരിച്ചുവരവിൽ ഏറെ പ്രതീക്ഷകളുള്ള ചിത്രമാണിതെന്ന് ഹിമ ശങ്കരി അഭിപ്രായപ്പെട്ടു.
Also read : പ്രദർശനത്തിനൊരുങ്ങി 'ചാപ്പ കുത്ത്'; ഹിമ ശങ്കരിയും ലോകേഷും പ്രധാന വേഷങ്ങളിൽ
നിർമാതാവായ ജോളി ഷിബു ഒരു ഡബ്ബിങ്ങ് ആർട്ടിസ്‌റ്റ് കൂടിയാണ്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ചിത്രം നിർമ്മിക്കാൻ കാരണമായതെന്നാണ് നിർമാതാവിന്‍റെ അഭിപ്രായം. സമൂഹത്തില്‍ നിലനിൽക്കുന്ന പല അനാചാരങ്ങൾക്കും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്കും നേരെ പ്രതികരിക്കുന്ന ഒരു ചിത്രം കൂടിയാണിത്.