പത്താമത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (Celebrity Cricket League) പങ്കെടുക്കുന്ന കേരള സ്ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. നടൻ ഇന്ദ്രജിത്ത് സുകുമാരനാണ് ടീമിന്‍റെ ക്യാപ്റ്റൻ. ബിനീഷ് കൊടിയേരിയെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. ഫെബ്രുവരി 23 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണ് തുടക്കമാവും.
കേരള സ്ട്രൈക്കേഴ്‌സ് സ്‌ക്വാഡ്: ഇന്ദ്രജിത്ത് സുകുമാരൻ (ക്യാപ്‌റ്റൻ), ബിനീഷ് കൊടിയേരി (വൈസ് ക്യാപ്റ്റൻ), അജിത്ത് ജാൻ, അലക്‌സാണ്ടർ പ്രശാന്ത്, അനൂപ് കൃഷ്‌ണൻ, ആന്‍റണി വർഗീസ് പെപെ, അരുൺ നന്ദകുമാർ, അരുൺ ബെന്നി, ആര്യൻ കതൂരിയ, ധ്രുവൻ, ജീവ, ജോൺ കൈപ്പള്ളിൽ, ലാൽ ജൂനിയർ (ജീൻ പോൾ), മണികണ്‌ഠൻ ആചാരി, മണിക്കുട്ടൻ, മുന്ന സിമോൻ, രാജീവ് പിള്ള, റിയാസ് ഖാൻ, സൈജു കുറുപ്പ്, സാജു നവോദയ, സമർഥ് എ, സഞ്ജു സലിം, സഞ്ജു ശിവറാം, ഷഫീർ ഖാൻ, ഷഫീഖ് റഹ്‌മാൻ, ഷോൺ സേവ്യർ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, സണ്ണി വെയ്‌ൻ, സുരേഷ് ആർ കെ, വിനു മോഹൻ, വിവേക് ഗോപൻ (Kerala Strikers Squad).
രാജ്യത്തെ ഒരു അമെച്വർ പുരുഷ ക്രിക്കറ്റ് ലീഗാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL). ഇന്ത്യൻ സിനിമയിലെ എട്ട് മേഖലകളിൽ നിന്നുള്ള അഭിനേതാക്കളുടെ ടീമുകൾ ഇതിൽ മത്സരിക്കുന്നത്. 2011 ലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കമായത്. സൽമാൻ ഖാനാണ് 2011 മുതൽ എല്ലാ സീസണുകളിലുമുള്ള ലീഗിൻ്റെ ബ്രാൻഡ് അംബാസഡർ. ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ലഭിക്കുന്ന ജനപ്രീതിയാണ് സിസിഎല്ലിന്‍റെ രൂപീകരണത്തിന് പ്രചോദനമായത്.
ഹൈദരാബാദിൽ നിന്നുള്ള സംരംഭകനായ വിഷ്‌ണു വർധൻ ഇന്ദൂരിയാണ് സിസില്ലിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറും. സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണൽ മീഡിയ അവാർഡുകളുടെയും (SIIMA) സ്ഥാപകനാണ് ഇദ്ദേഹം. ഇത്തവണ വിഷ്‌ണു വർധൻ ഇന്ദൂരി ഇൻവെനിയോ ഒറിജിൻ എന്ന മാധ്യമത്തിലെ അലങ്കാർ പാണ്ഡ്യനുമായി കൈകോർത്താണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.
2011 ൽ നടന്ന ആദ്യ സീസണിൽ ചെന്നൈ റൈനോസ്, തെലുഗു വാരിയേഴ്‌സ്, മുംബൈ ഹീറോസ്, കർണാടക ബുൾഡോസേഴ്‌സ് എന്നിങ്ങനെ നാല് ടീമുകളുടെ പങ്കെടുത്തത്. ചെന്നൈ റൈനോസായിരുന്നു ആദ്യ സീസണിലെ ചാമ്പ്യന്മാർ. ഫൈനലിൽ കർണാടക ബുൾഡോസേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ റൈനോസ് വിജയകിരീടം ചൂടിയത്.