കാൻസ് : ഇന്ത്യൻ ചലച്ചിത്ര സംവിധായകന്‍ ചിദാനന്ദ എസ് നായിക്കിന്‍റെ "സൺഫ്ലവേഴ്‌സ് വേർ ദി ഫസ്‌റ്റ് വൺസ് ടു നോ" 77-ാമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ലാ സിനിഫിന്‍റെ ഒന്നാം സമ്മാനം നേടി. മെയ് 23 നാണ് ലാ സിനിഫ് അവാർഡുകൾ പ്രഖ്യാപിച്ചത്. മൈസൂരിൽ ഡോക്‌ടറായി ജോലി ചെയ്‌തിരുന്ന ചിദാനന്ദ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ടെലിവിഷൻ വിഭാഗത്തിലെ ഒരു വർഷത്തെ കോഴ്‌സിന്‍റെ അവസാനത്തിലാണ് ഈ സിനിമ ഒരുക്കിയത്.
സൺഫ്ലവേഴ്‌സ് വേർ ദി ഫസ്‌റ്റ് വൺസ് ടു നോ എന്നത് 16 മിനിറ്റ് ദൈർഖ്യമുള്ള ചിത്രമാണ്. കോഴിയെ മോഷ്‌ടിക്കുന്ന വൃദ്ധയും പിന്നീട് ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. കന്നഡ നാടോടി കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഹ്രസ്വ ചിത്രം.
ലാ സിനിഫ് മത്സരത്തിൽ മാൻസി മഹേശ്വരിയുടെ 'ബണ്ണിഹുഡ്' എന്ന ആനിമേഷൻ ചിത്രമാണ് മൂന്നാം സമ്മാനം നേടിയത്. 'ബണ്ണിഹുഡ്' ഒരു യുകെ ചിത്രമാണെങ്കിലും, മീററ്റുകാരിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ആസ്യ സെഗലോവിച്ച് സംവിധാനം ചെയ്‌ത "ഔട്ട് ദി വിഡോ ത്രൂ ദി വാൾ", ഗ്രീസിലെ അരിസ്‌റ്റോട്ടിൽ യൂണിവേഴ്‌സിറ്റി ഓഫ് തെസലോനിക്കിയിലെ നിക്കോസ് കോളിയൂക്കോസ് സംവിധാനം ചെയ്‌ത "ദി ചാവോസ് ഷീ ലെഫ്റ്റ് ബിഹൈൻഡ്" എന്നിവ രണ്ടാം സമ്മാനം പങ്കിട്ടു.
കാൻ ഫിലിം ഫെസ്‌റ്റിവൽ ഒന്നാം സമ്മാന ജേതാവിന് 15000 യൂറോയും രണ്ടാം സമ്മാനത്തിന് 11,250 യൂറോയും മൂന്നാം സമ്മാനത്തിന് 7,500 യൂറോയുമാണ് നൽകുന്നത്. അവാർഡ് ലഭിച്ച സിനിമകൾ ജൂൺ മൂന്നിന് സിനിമ ഡു പാന്തിയോണിലും (Cinéma du Panthéon) ജൂൺ നാലിന് എംകെ 2 ക്വായ് ഡി സെയ്‌നിലും (MK2 Quai de Seine) പ്രദർശിപ്പിക്കും.
ALSO READ : കാൻ 2024: സിനിമ ഗാലയിൽ തിളങ്ങി കിയാര അദ്വാനി, കണ്ണഞ്ചിപ്പിക്കും ലുക്ക് ഇതാ