ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാൻസ് ഫിലിം ഫെസ്റ്റിവലിൻ്റെ 77-ാമത് പതിപ്പിന് ഇന്ന് (മെയ് 14 ചൊവ്വാഴ്‌ച) തുടക്കമാവുകയാണ്. നിലവിൽ എല്ലാ കണ്ണുകളും ഫ്രഞ്ച് റിവിയേരയിലേക്കാണ്. താരനിബിഡമായ വാര്‍ത്താസമ്മേളനങ്ങളും റെഡ് കാർപെറ്റ് പ്രകടനങ്ങളും ഉൾക്കൊള്ളുന്ന അഭിമാനകരമായ ഇവൻ്റ് നടക്കുന്ന നഗരമാണത്. സിനിമ പ്രീമിയറുകൾക്കും ഫെസ്റ്റിവലിൽ സിനിമ ആഘോഷിക്കാനും ചലച്ചിത്ര- വിനോദ ലോകത്തെ പ്രമുഖർ ഫ്രാൻസിൻ്റെ തെക്കൻ പ്രദേശങ്ങളിൽ ഒത്തുകൂടിയിരിക്കുന്നു.
പ്രീമിയറുകൾ, താരനിബിഡമായ വാര്‍ത്താസമ്മേളനങ്ങൾ, ആഡംബര പാർട്ടികൾ എന്നിവയാൽ നിറഞ്ഞതാണ് 77-ാമത് എഡിഷൻ. കാൻസ് ഫിലിം ഫെസ്റ്റിവലിനെ ചുറ്റിപ്പറ്റി എപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണയും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾക്കും സ്റ്റേറ്റ്‌മെന്‍റുകൾക്കും കാൻസ് വേദിയാകാനിടയുണ്ട്.
യുദ്ധം, പ്രതിഷേധം, വരാനിരിക്കുന്ന പണിമുടക്കുകൾ, ഫ്രാൻസിൽ തീവ്രമായിക്കൊണ്ടിരിക്കുന്ന #MeToo ക്യാമ്പയിൻ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി ഫെസ്റ്റിവൽ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇത്തരം പ്രതിഷേധങ്ങൾ കൂടാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. റഷ്യൻ-യുക്രേനിയൻ സംഘർഷം, ഇസ്രയേൽ-ഹമാസ് യുദ്ധം, എഐയുടെ വികസനം എന്നിവയ്‌ക്കെതിരായ പ്രതികരണം വേദിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാസിസ്റ്റ് സ്വാധീനമുള്ള വെനീസ് ഫിലിം ഫെസ്റ്റിവലിന് എതിരായി 1939ൽ ആസൂത്രണം ചെയ്‌ത കാൻസ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായി മാറിക്കഴിഞ്ഞു. 1946 മുതൽ (1948 ലും 1950 ലും ഒഴികെ) എല്ലാ വർഷവും ഈ ചലച്ചിത്രമേള നടത്തപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് 1948 ലും 1950 ലും ഫെസ്റ്റിവൽ മാറ്റിവച്ചത്.
കാൻസ് 2024 നെ കുറിച്ച് അറിയേണ്ടതെല്ലാം
ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവൽ 2024 മെയ് 14ന് ആരംഭിച്ച് മെയ് 25ന് അവസാനിക്കും. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഫെസ്റ്റിവൽ ഡി കാൻസ് മെയ് 13 മുതൽ മെയ് 14 വരെ രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കും (11:30 a.m. മുതൽ 11:30 p.m. IST). കൂടാതെ മെയ് 15 മുതൽ മെയ് 25 വരെ 9 മണി മുതൽ 6 മണി വരെയും (12:30 p.m. മുതൽ 9:30 p.m. IST) സജീവമായിരിക്കും. ഇവൻ്റ് ഫിലിം ഫെസ്റ്റിവലിൻ്റെ യൂട്യൂബ് ചാനലും ഔദ്യോഗിക വെബ്‌സൈറ്റുകളും വഴി കാണാമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ് കാർപെറ്റ്, എക്‌സ്‌ക്ലുസീവ് അഭിമുഖങ്ങൾ, വാര്‍ത്താസമ്മേളനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുൾപ്പടെ വ്യത്യസ്‌തമായ പരിപാടികൾ ലൈവായി സ്‌ട്രീം ചെയ്യും.
കാൻസിൽ തിളങ്ങാൻ ഇന്ത്യൻ സെലിബ്രിറ്റികൾ
കാൻസ് 2024 റെഡ് കാർപെറ്റ് അലങ്കരിക്കാൻ ബോളിവുഡ് ഒരുങ്ങുകയാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, അദിതി റാവു ഹൈദരി, ശോഭിത ധൂലിപാല എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഒപ്പം ഡിജിറ്റൽ ലോകത്തെ നിരവധി ഇൻഫ്ലുവൻസേഴ്‌സും ഈ വർഷം കാനിൽ അരങ്ങേറ്റം കുറിക്കും. ആർജെ കരിഷ്‌മ, നാൻസി ത്യാഗി, നിഹാരിക, അങ്കുഷ് ബഹുഗുണ, വിറ്റിലിഗോ, ദീപ്‌തി സാധ്വാനി തുടങ്ങി നിരവധി പുതുമുഖങ്ങളെ കാനിൽ ഇക്കുറി കാണാം. ഗായകനും ഗാനരചയിതാവും റാപ്പറുമായ കിംഗും (King) തൻ്റെ ഫെസ്റ്റിവൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.
ഇന്ത്യൻ സിനിമകൾ
പ്രായോഗികമായി എല്ലാ പ്രധാന വിഭാഗങ്ങളിലും എൻട്രി ഉള്ളതിനാൽ, കാനിലും അതിൻ്റെ സൈഡ്‌ബാറുകളിലും ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യ പ്രമേയമായുള്ള സിനിമകൾ ഉൾപ്പെടുത്തിയിട്ടില്ല. മറ്റൊരു സവിശേഷമായ കാര്യമെന്തെന്നാൽ ഒന്നൊഴികെ, ഈ വർഷം കാനിലെത്തുന്ന എല്ലാ ഇന്ത്യൻ സിനിമകളും സംവിധാനം ചെയ്‌തിരിക്കുന്നത് സ്‌ത്രീകളും പ്രമേയമാക്കുന്നത് സ്‌ത്രീകളെക്കുറിച്ചുമാണ്.
- പായൽ കപാഡിയയുടെ ഇന്ത്യ-ഫ്രഞ്ച്-ഡച്ച് കോ-പ്രൊഡക്ഷൻ 'ഓൾ വി ഇമാജിൻ ലൈറ്റ്' എന്ന മലയാളം, ഹിന്ദി ചിത്രമാണ് ഇന്ത്യൻ സിനിമകളിൽ മുൻനിരയിൽ. മേളയിലെ ഏറ്റവും മികച്ച സമ്മാനമായ പാം ഡി ഓറിനായാണ് ഈ ചിത്രം മത്സരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ഈ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയായി 'ഓൾ വി ഇമാജിൻ ലൈറ്റ്'.
- സന്ധ്യ സൂരിയുടെ 'സന്തോഷ്', ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാൻ്റിൻ ബൊജനോവിൻ്റെ 'ദി ഷെയിംലെസ്' എന്നിവ അൺ സെർട്ടെയ്‌ൻ റിഗാർഡ് സമ്മാനങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടവയാണ്.
- എഫ്‌ടിഐഐ പൂർവ വിദ്യാർഥിയായ ചിദാനന്ദ എസ് നായിക്കിന്‍റെ സൺഫ്ലവേഴ്‌സ് ഫിലിം സ്‌കൂൾ എൻട്രികൾക്കായുള്ള ലാ സിനിഫ് മത്സരത്തിൽ പ്രവേശിച്ചു.
- ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകയായ മാൻസി മഹേശ്വരി ലാ സിനിഫിൽ യുണൈറ്റഡ് കിംഗ്‌ഡത്തെ പ്രതിനിധീകരിക്കുന്നുണ്ട്. മീററ്റിൽ ജനിച്ച ആനിമേഷൻ സംവിധായക മാൻസി മഹേശ്വരി ലണ്ടനിലെ നാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ സ്‌കൂളിൽ (എൻഎഫ്‌ടിഎസ്) സൃഷ്‌ടിച്ച 'ബണ്ണിഹുഡ്' എന്ന സെൽഫ് റിഫ്‌ളക്‌ടീവ് ഗ്രാജ്വേഷൻ ചിത്രവുമായാണ് മത്സരത്തിനെത്തുന്നത്.
- രാധിക ആപ്‌തെ അഭിനയിച്ച, കരൺ കാന്ധാരിയുടെ ഇന്ത്യൻ-ബ്രിട്ടീഷ് നോയർ ഡ്രാമ 'സിസ്റ്റർ മിഡ്‌നൈറ്റ്' സംവിധായകരുടെ ഫോർട്ട്‌നൈറ്റ് എൻട്രികളിൽ ഉൾപ്പെടുന്നു.
- റിട്രീറ്റ് എന്ന ഇന്ത്യ അധിഷ്‌ഠിതമായ മറ്റൊരു സിനിമയും മത്സരരംഗത്തുണ്ട്.
- ശ്യാം ബെനഗലിൻ്റെ 1976-ൽ പുറത്തിറങ്ങിയ മന്തൻ എന്ന സിനിമയുടെ 4K പുനഃസ്ഥാപിച്ച പതിപ്പോടെയാണ് ഈ വർഷം കാന്‍സില്‍ ഇന്ത്യയുടെ സാന്നിധ്യം അവസാനിക്കുന്നത്. നാടകകൃത്ത് വിജയ് ടെൻഡുൽക്കറുമായി സഹകരിച്ച് ശ്യാം ബെനഗൽ തിരക്കഥയെഴുതി, ഗോവിന്ദ് നിഹലാനി ഛായാഗ്രഹണം നിർവഹിച്ച ക്രൗഡ് ഫണ്ടഡ് ചിത്രമാണിത്.
ALSO READ: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ 'ഭാരത് പർവ്' പവലിയനും