ഹൈദരാബാദ് : 31-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ആലിയയ്‌ക്ക് ജന്മദിനാശംസകളറിയിച്ച് ആരാധകരും സിനിമാരംഗത്തെ പ്രമുഖരും സോഷ്യൽ മീഡിയയിലെത്തി. ആശംസകൾ അറിയിച്ച സെലിബ്രിറ്റികളിൽ കത്രീന കൈഫ്, കിയാര അദ്വാനി, സാമന്ത റൂത്ത് പ്രഭു എന്നിവരും ഉൾപ്പെടുന്നു.
കത്രീന കൈഫ് ആലിയയുടെ മനോഹരമായ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആശംസകളറിയിച്ചു. 'ജന്മദിനാശംസകൾ ആലിയ ഭട്ട്, സന്തോഷം പകരുന്നത് തുടരുക. നിങ്ങൾക്ക് ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നു, എന്നായിരുന്നു കത്രീന സ്റ്റോറിയിലൂടെ പങ്കുവച്ചത്.
'ജന്മദിനാശംസകൾ ആലിയ ഭട്ട്, ഏറ്റവും മികച്ച വർഷം ആശംസിക്കുന്നു, ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്നത് തുടരുക എന്നായിരുന്നു ആലിയയുടെ ചിത്രത്തിനൊപ്പം കിയാര കുറിച്ചത്. അതേസമയം, തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവും ആലിയയുടെ സമീപകാല ചിത്രത്തിനൊപ്പം തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആലിയയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചു.
മുംബൈയിലെ താജ്‌മഹൽ ഹോട്ടലിൽവച്ച് അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ആലിയ തന്‍റെ ജന്മദിനം ആഘോഷിച്ചു. ആലിയയും രൺബീറും അതിഥികളോട് വിടപറയുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഡെനിമിനൊപ്പം മെറ്റാലിക് ക്രോപ്പ് പെപ്ലം ടോപ്പിലാണ് ആലിയ തന്‍റെ പ്രത്യേക ദിനത്തില്‍ എത്തിയിരുന്നത്.
വേദാംഗ് റെയ്‌നയ്‌ക്കൊപ്പം വാസൻ ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന ജിഗ്രയാണ് ആലിയയുടെ വരാനിരിക്കുന്ന ചിത്രം. സെപ്റ്റംബറിൽ ചിത്രം വെള്ളിത്തിരയിൽ എത്തും. രൺബീർ കപൂറിനും വിക്കി കൗശലിനുമൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ലവ് & വാർ എന്ന ചിത്രത്തിലും ആലിയ പ്രധാന വേഷത്തിലെത്തും. ചിത്രം 2025ലെ ക്രിസ്‌മസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.