മലയാളികൾക്ക് മാത്രമെ തന്നെ പോലൊരു നായകനെ അംഗീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് നടന്‍ ബിപിൻ ജോർജ്. പോളിയോ രോഗം ബാധിച്ച് ശാരീരിക വൈകല്യം നേരിടുന്ന തന്നെ പോലുള്ള ഒരാളെ ലോകത്തിലെ ഒരു ഭാഷാ സിനിമയിലും കാണാനാകില്ലെന്ന് ബിബിൻ ജോർജ്. അതിന് പ്രത്യേകം നന്ദി പറയേണ്ടത് മലയാളികളോടാണെവന്നും ബിബിന്‍ പറയുന്നു. ഇടിവി ഭാരതിനോട് മനസ്സ് തുറന്ന് ബിപിൻ ജോർജ്.
തന്‍റെ കെരിയറിലെ ഒമ്പതാമത്തെ നായക വേഷത്തിന് തയ്യാറെടുക്കുകയാണിപ്പോള്‍ ബിപിൻ ജോർജ്. ബിപിൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂടൽ'. ഒരു ട്രാവൽ സൈക്കോ ജോണറിൽ കഥ പറയുന്ന ചിത്രമാണ് 'കൂടൽ'. ഷാഫി, ഷാനു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ ആരംഭിച്ചിരുന്നു.
ബിപിൻ കേന്ദ്രകഥാപാത്രത്തില്‍ എത്തിയ 'ഗുമസ്‌തൻ', 'ബാഡ് ബോയ്‌സ്' തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതില്‍ താന്‍ സന്തോഷവാനാണെന്ന് ബിപിൻ ജോർജ് പ്രതികരിച്ചു. 'കൂടൽ' സെറ്റിൽ നിന്നും ആദ്യ ദിനത്തെ ഷൂട്ടിംഗ് ഇടവേളയിലാണ് ബിപിൻ ഇടിവി ഭാരതിനോട് സംസാരിച്ചത്.
"ഈ ഓണത്തിന് തനിക്ക് ഇരട്ടിമധുരം ലഭിച്ചത് പോലെയാണ്. പ്രധാന വേഷത്തിൽ എത്തിയ രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി. 'ഗുമസ്‌തൻ' എന്ന ചിത്രം വളരെയധികം ജനശ്രദ്ധ ആകർഷിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ നൽകുന്നത്.
സംവിധായകരായ എം പത്‌മകുമാർ, മാർത്താണ്‌ഡൻ തുടങ്ങിയവർ 'ഗുമസ്‌തൻ' കണ്ട ശേഷം തന്നെ വിളിച്ച് അഭിനന്ദിച്ചു. ഞെട്ടിക്കുന്ന ഒരു ത്രില്ലർ ആണെന്നാണ് പല സെലിബ്രിറ്റികളും ചിത്രം കണ്ട ശേഷം തന്നെ വിളിച്ചു പറഞ്ഞത്. ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന ജയ്‌സിന്‍റെ മകനായിട്ടാണ് ഞാൻ അഭിനയിക്കുന്നത്.
ഒരു ക്യാമിയോ റോൾ ആണെങ്കിലും കഥയുടെ നിർണായക വഴിത്തിരിവിൽ കഥാപാത്രം ഇടപെടുന്നുണ്ട്. സിനിമ കാണുന്ന പ്രേക്ഷകർക്ക് തന്‍റെ കഥാപാത്രം അതിഥി കഥാപാത്രം ആണെന്ന് ഒരിക്കലും അനുഭവപ്പെടുകയില്ല. കലാമൂല്യമുള്ള ചിത്രങ്ങൾ ഏതു വിധേനയും ജനങ്ങൾ ഏറ്റെടുക്കുമെന്നതിന് ഉദാഹരണമാണിത്." -ബിപിൻ ജോർജ് പറഞ്ഞു.
അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഒഴിവാക്കേണ്ടി വന്നതിനെ കുറിച്ചും ബിപിന്‍ സംസാരിച്ചു. "അഭിനയ ജീവിതത്തിൽ കൃത്യമായ ഇടവേളകൾ സംഭവിക്കുന്നു എന്ന പരാതി പലപ്പോഴും കേൾക്കാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ പ്രാധാന്യം എഴുത്തിനും നൽകുന്നു. പുതിയ ചിത്രത്തിന്‍റെ എഴുത്ത് പരിപാടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് പലപ്പോഴും അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഒഴിവാക്കേണ്ടി വരുന്നുണ്ട്.
യാദൃശ്ചികമായാണ് താൻ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററുകളിലേക്ക് എത്തുന്നത്. ദൈവത്തിന്‍റെ അനുഗ്രഹം എന്ന വസ്‌തുത ഒഴിവാക്കി നിർത്താൻ ആകില്ല. താൻ ചെയ്യുന്ന കഥാപാത്രങ്ങൾ ജനഹൃദയങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെല്ലുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിൽ വളരെയധികം സന്തോഷവാനാണ്." -ബിപിൻ ജോർജ് കൂട്ടിച്ചേര്‍ത്തു.
ബിബിന്‍ ജോര്‍ജ് കലാമേഖലയിലേക്ക് കടന്നുവരുന്നത് 17-ാം വയസ്സിലാണ്. ടെലിവിഷൻ മേഖലയിലാണ് ബിബിന്‍ ആദ്യം പ്രവർത്തിച്ചത്. തന്‍റെ കെരിയര്‍ നാള്‍വഴിയും ബിബിന്‍ പങ്കുവച്ചു.
"ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‌തിരുന്ന കോമഡി കസിൻസ് എന്ന പരിപാടിയുടെ തിരക്കഥയാണ് ആദ്യം എഴുതുന്നത്. വിഷ്‌ണു ഉണ്ണികൃഷ്‌ണനും അക്കാലം മുതൽക്കേ ഒപ്പമുണ്ട്. പിന്നീടാണ് ബഡായി ബംഗ്ലാവിന്‍റെ തിരക്കഥ എഴുതാൻ അവസരം ലഭിക്കുന്നത്. 17 വയസ് മുതൽ നീണ്ട 11 വർഷക്കാലം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടില്ല. പല ടെലിവിഷൻ പരിപാടികൾക്കും കോമഡി തിരക്കഥകൾ തിരക്കിട്ട് എഴുതിക്കൊണ്ടിരുന്നു. തുടർന്നാണ് അമർ അക്ബർ ആന്‍റണി സംഭവിക്കുന്നത്.
ടെലിവിഷൻ പരിപാടികൾക്ക് വേണ്ടി തിരക്കഥ എഴുതുമ്പോൾ സമകാലിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകും. പക്ഷേ സിനിമ അങ്ങനെ അല്ല. ഒരു നടന്‍റെ ഡേറ്റ് പ്രശ്‌നം മൂലം സിനിമ നീണ്ടു പോയാൽ കാലം മാറുന്നതിന് അനുസരിച്ച് തമാശയും കഥ പറയുന്ന രീതിയുമൊക്കെ മാറിക്കൊണ്ടിരിക്കും. എത്രത്തോളം സിനിമ നീണ്ടു പോകുന്നു അത്രയും കാലം തിരക്കഥ അപ്ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കണം.
എന്നാൽ ടെലിവിഷൻ പരിപാടികൾക്ക് രണ്ടാഴ്‌ച്ചയില്‍ അധികം ആയുസ് ഇല്ലാത്തതിനാല്‍ വലിയൊരു അപ്ഡേഷന്‍റെ ആവശ്യം വരുന്നില്ല. ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയത് ബഡായി ബംഗ്ലാവ് എന്ന ഹിറ്റ് പരിപാടിക്ക് വേണ്ടിയാണ്. മുകേഷേട്ടനും രമേഷ് പിഷാരടിയും തന്നിലെ എഴുത്തുകാരനെ അക്കാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്."-ബിപിൻ ജോർജ് പറഞ്ഞു.
നടൻമാരുടെ മാനറസങ്ങൾ ഉൾക്കൊണ്ടാണ് സിനിമയ്‌ക്ക് വേണ്ടി താന്‍ ഡയലോഗുകൾ എഴുതുന്നതെന്ന് ബിപിൻ ജോർജ്. "സിനിമ എഴുതുന്ന സമയത്ത്, ഡയലോഗുകൾ എഴുതുമ്പോൾ ഏത് നടനാണോ ഡയലോഗ് പറയുന്നത്, അയാളുടെ മീറ്ററിൽ തന്നെ എഴുതാൻ ശ്രമിക്കാറുണ്ട്. അതിന് മിമിക്രി പശ്ചാത്തലം പലപ്പോഴും സഹായിച്ചു. 'ഒരു പഴയ ബോംബ് കഥ'യിൽ ആണെങ്കിലും, 'കട്ടപ്പനയിലെ ഹൃതിക് റോഷൻ' എന്ന സിനിമയിൽ ആണെങ്കിലും സലിം കുമാറിന്‍റെ ഡയലോഗുകൾ എല്ലാം തന്നെ എഴുതുമ്പോൾ അദ്ദേഹത്തെ അനുകരിച്ചാണ് എഴുതിയിട്ടുള്ളത്.
ഡയലോഗ് പറയുമ്പോൾ സലീമേട്ടൻ എവിടെ തുടങ്ങും എങ്ങനെ നിർത്തും എന്നൊക്കെ അനുകരിച്ച് തന്നെയാണ് ഡയലോഗ് പേപ്പറിലേക്ക് പകർത്തുക. ഞാൻ വേദികളിൽ ഏറ്റവും കൂടുതൽ അനുകരിച്ചിട്ടുള്ളത് സലിം കുമാറിനെയാണ്.
മാത്രമല്ല, 'അമർ അക്ബർ ആന്‍റണി' എന്ന സിനിമയുടെ തിരക്കഥ വായിക്കുന്ന സമയത്ത് പൃഥ്വിരാജിനോടും നാദിർഷയോടും പൃഥ്വിരാജിന്‍റെ ശബ്‌ദത്തിൽ തന്നെയാണ് അദ്ദേഹത്തിന്‍റെ ഡയലോഗുകൾ അവതരിപ്പിച്ചത്. മിക്ക നടൻമാരുടെയും മാനറസങ്ങൾ ഉൾക്കൊണ്ട് ഡയലോഗുകൾ എഴുതാൻ ശ്രമിക്കുമ്പോൾ ഒരു ഏച്ചുകെട്ടല്‍ ഒഴിവാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു."-ബിപിൻ ജോർജ് കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സല്‍മാനൊപ്പമുണ്ടായിരുന്ന 'ഒരു യമണ്ടൻ പ്രേമകഥ' വിശേഷവും ബിപിന്‍ ജോര്‍ജ് പങ്കുവച്ചു. കെരിയറിൽ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച ആദ്യ ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ' എന്നും നടന്‍ പറഞ്ഞു.
"ചിത്രം വാണിജ്യപരമായി വിജയിച്ചെങ്കിലും പല പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്താൻ ചിത്രത്തിന് ആയിട്ടില്ലെന്നറിയാം. നമുക്ക് സംഭവിക്കുന്ന പരാജയങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നിടത്താണ് വിജയങ്ങൾ സ്വപ്‌നം കാണാനുള്ള ആർജ്ജവം ലഭിക്കുന്നത്.
'ഒരു യമണ്ടൻ പ്രേമകഥ'യുടെ ആശയം പറയാനായി ദുൽഖർ സൽമാന്‍റെ അടുത്തെത്തുമ്പോൾ അനുരാഗ് കശ്യപ് അടക്കമുള്ള ഇന്ത്യൻ സിനിമയിലെ വമ്പൻ ആളുകൾ ദുൽഖറിനെ കാണാൻ അന്നേ ദിവസം അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഇതിനിടയിൽ സാധാരണക്കാരന്‍റെ കഥ പറയുന്ന ഞങ്ങളുടെ സിനിമ ദുൽഖറിന് ഇഷ്‌ടപ്പെടുമോ എന്ന സംശയവും ഉണ്ടായിരുന്നു. പക്ഷേ അന്ന് ഡേറ്റ് ലഭിച്ചത് ഞങ്ങൾക്കാണ്.
സിനിമയിലെ പല പ്രയോഗങ്ങളും ഇന്നത്തെ തലമുറ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളാണ്. സഹോ, പങ്കാളി അങ്ങനെ പലതും. ഈ വാക്കുകളൊക്കെ സിനിമയ്ക്ക് വേണ്ടി സൃഷ്‌ടിച്ചെടുത്തത് തന്നെയാണ്."-ബിപിൻ ജോർജ് പറഞ്ഞു.
അമർ അക്ബർ അന്തോണി' എന്ന സിനിമയിലെ രമേഷ് പിഷാരടിയുടെ കഥാപാത്രമായ നല്ലവനായ ഉണ്ണി ഞങ്ങളുടെ നാട്ടുകാരനാണെന്ന് ബിപിന്‍. താനും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചേർന്നെഴുതി തിയേറ്ററിൽ വലിയ പൊട്ടിച്ചിരി ഉണ്ടാക്കിയ തമാശകളിൽ മിക്കതും നിത്യജീവിതത്തിൽ നിന്നും ഉൾക്കൊണ്ട് പുന സൃഷ്‌ടിച്ചിട്ടതാണെന്നും ബിപിന്‍ പറഞ്ഞു.
" 'അമർ അക്ബർ അന്തോണി' എന്ന സിനിമയിലെ രമേഷ് പിഷാരടിയുടെ കഥാപാത്രമായ നല്ലവനായ ഉണ്ണി ഞങ്ങളുടെ നാട്ടുകാരനാണ്. നമ്മുടെ എല്ലാവരുടെയും നാടുകളിൽ ശ്രദ്ധയോടെ വീക്ഷിച്ചാൽ ഒരു നല്ലവനായ ഉണ്ണി ഉറപ്പായും ഉണ്ടാകും. അമ്മ സുഖമില്ലാതെ കിടക്കുമ്പോൾ ആശുപത്രിയിൽ പാർട്ടി വെയർ ഇട്ട് വരുന്ന രമേഷ് പിഷാരടിയുടെ കഥാപാത്രം നല്ലവനായ ഉണ്ണിക്ക് വലിയ കൈയ്യടി നേടിയിരുന്നു. അതും ഞങ്ങളുടെ ഒരു കൂട്ടുകാരൻ യഥാർത്ഥ ജീവിതത്തിൽ ചെയ്‌തതാണ്.
ശ്യാം എന്നാണ് ആ കൂട്ടുകാരന്‍റെ പേര്. മരിച്ച വീട്ടിൽ പോലും ചുവന്ന ഷർട്ടും പച്ച പാന്‍റ്‌സും ധരിച്ച് പരിസരബോധമില്ലാതെ കടന്നുചെല്ലുന്ന സ്വഭാവമാണ് അവന്‍റേത്. അതേ സിനിമയിൽ പൃഥ്വിരാജ് കട്ടൻചായ മദ്യം പോലെ വലിച്ചു കുടിക്കുന്നതും നിത്യ ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണ്.
കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ ധർമ്മജന്‍റെ കഥാപാത്രം രാത്രിയിൽ വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിനോട് ഇംഗ്ലീഷിൽ ചാറ്റ് ചെയ്യുന്ന രംഗമുണ്ട്. അതും യഥാർത്ഥ സംഭവം തന്നെ. ഇംഗ്ലീഷിൽ പെൺകുട്ടി ചാറ്റിന് റിപ്ലൈ നൽകുമ്പോൾ ഞങ്ങളാണ് ആ കൂട്ടുകാരന് അതിന്‍റെ അർത്ഥം പറഞ്ഞു കൊടുത്തിരുന്നത്.
പറഞ്ഞാൽ തീരാത്ത അത്രയും സംഭവങ്ങൾ ജീവിതത്തിൽ നിന്നും സിനിമയിലേക്ക് പറച്ചു നട്ടിട്ടുണ്ട്. യഥാർത്ഥ സംഭവങ്ങളെ സിനിമയുടെ ഭാഗമാക്കുമ്പോൾ അതിന് ഒരു സിനിമാറ്റിക് രീതിയിലേക്ക് മാറ്റിയെടുക്കുക എന്നത് മാത്രമാണ് ഞങ്ങൾ ചെയ്യുക."- ബിപിന്‍ ജോർജ് പറഞ്ഞു.
ഒരിക്കലും ഒന്നിനെക്കുറിച്ചും പരാതി പറയാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നും ബിപിൻ പറഞ്ഞു. കിട്ടിയതൊക്കെയും ബോണസ്. എല്ലാത്തിനെയും നന്ദിയോടെ സ്‌മരിക്കുന്ന ഒരു വ്യക്‌തിത്വമാണ് താനെന്ന് ബിപിൻ ജോർജ് പറഞ്ഞു.
"ആദ്യം എഴുതിയ ചിത്രം സൂപ്പർ ഹിറ്റ്. ആദ്യം നായകനായ ചിത്രവും 100 ദിവസം ഓടി. പക്ഷേ എല്ലാവരും കരുതും പോലെ എന്നെ തേടി വലിയ അവസരങ്ങൾ വന്നില്ല. കാഴ്‌ചയിൽ എനിക്ക് കുറവുകൾ ഉണ്ട്. എന്‍റെ കുറവുകളെ എന്‍റെ തിരക്കഥകളിലൂടെയും എന്‍റെ അഭിനയ മികവുകളിലൂടെയും പ്രേക്ഷകരുടെ കണ്ണിൽ നിന്ന് മായ്ച്ചു കളയണം. അങ്ങനെയൊരു യാത്രയിലാണ് ഇപ്പോൾ.
എന്നെ പോലെ വൈകല്യമുള്ള ഒരു നായക നടനെ മറ്റൊരു ഭാഷാ സിനിമയിലും പ്രേക്ഷകർ അംഗീകരിച്ച ചരിത്രമില്ല. അതിന് മലയാളി പ്രേക്ഷകർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മലയാളിക്ക് മാത്രമെ എന്നെ പോലൊരു നടനെ അംഗീകരിക്കാൻ ആവുകയുള്ളൂ. ഇനിയിപ്പോൾ മറ്റു ഭാഷകളിൽ ആണെങ്കിൽ കൂടി എന്നെ പോലെ ഒരാൾക്ക് ഒന്നോ രണ്ടോ സിനിമകൾ ചെയ്യാം.
മലയാളി അംഗീകരിച്ച ഞാനിപ്പോൾ നായകനാകുന്ന ഒമ്പതാമത്തെ സിനിമയുടെ പണിപ്പുരയിലാണ്. 20ലധികം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. നമ്മൾ വർക്ക് ചെയ്‌തു കൊണ്ടേയിരിക്കണം. ഗുണഫലം ലഭിക്കും. ഒരിക്കൽ കൂടി എല്ലാത്തിനും നന്ദി." -ബിപിൻ ജോർജ് പറഞ്ഞു.