പ്രശസ്‌ത തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ മലയാളി താരം ബിജു മേനോനും. ബിജു മേനോൻ ചിത്രത്തിന്‍റെ ഭാഗമായ വിവരം നിർമ്മാതാക്കളായ ശ്രീലക്ഷ്‌മി മൂവീസ് ഔദ്യോഗികമായി അറിയിച്ചു. ബിജു മേനോൻ ഉൾപ്പെടുന്ന ചിത്രീകരണ വീഡിയോയും ഇതിനൊപ്പം അവർ പുറത്ത് വിട്ടിട്ടുണ്ട്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.
'എസ്കെ x എആർഎം' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കിക്ക് ശേഷം, എ ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്‌മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം - സുദീപ് ഇളമൺ ആണ്. എഡിറ്റിങ് - ശ്രീകർ പ്രസാദ്, കലാസംവിധാനം - അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം - മാസ്‌റ്റർ ദിലീപ് സുബ്ബരായൻ, പിആർഒ- ശബരി.
Also Read: കങ്കുവ ട്രെയിലര്‍ റിലീസ് തീയതി പുറത്ത്; തരംഗമായി സൂര്യയുടെ പുതിയ ലുക്ക്