സംസ്ഥാനത്തെ സംരക്ഷിത സ്‌മാരകങ്ങളിലും മ്യൂസിയങ്ങളിലും ഇനി മുതൽ സിനിമ സീരിയൽ ചിത്രീകരണത്തിന് നിയന്ത്രണം. പുരാവസ്‌തു വകുപ്പിന്‍റെ കീഴിലുള്ള ഇത്തരം സ്ഥലങ്ങളിൽ ചിത്രീകരണത്തിന് നിയന്ത്രണവും നിരക്കുകളില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനയും. കൂടാതെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിൽ, ചിത്രീകരണ അനുമതിക്ക് കരുതൽ ധനവും ഏർപ്പെടുത്തി.
എ, ബി, സി, ഡി വിഭാഗങ്ങളിലുള്ള 15 ഓളം മ്യൂസിയങ്ങളിലും കൊട്ടാരങ്ങളിലും ചിത്രീകരണത്തിനുള്ള നിരക്ക് വർദ്ധിപ്പിച്ചു. മഠവൂർ പാറ സാംസ്‌കാരിക കേന്ദ്രത്തിനും നിരക്ക് വർദ്ധിപ്പിച്ചു. അതേസമയം തക്കല പത്മനാഭപുരം കൊട്ടാരത്തിൽ ചിത്രീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. എന്നാൽ കൊട്ടാരത്തിന് പുറത്ത് പ്രൊഫഷണൽ വീഡിയോകൾ ചിത്രീകരിക്കുന്നതിന് തടസ്സമില്ല.
മഠവൂർ പാറ സാംസ്‌കാരിക കേന്ദ്രത്തിൽ സിനിമ ചിത്രീകരിക്കുന്നതിന് ഒരു ലക്ഷം രൂപയും ടെലിഫിലിം ചിത്രീകരിക്കുന്നതിന് 25,000 രൂപയുമാണ് നിരക്ക്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. തൃപ്പൂണിത്തറ ഹിൽ പാലസിൽ സിനിമകൾ ചിത്രീകരിക്കാൻ 36,500 രൂപ എന്ന നിരക്കിൽ നിന്നും 1,00,000 രൂപയായി ഉയർത്തി. ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കുന്നതിന് 15,000 രൂപയിൽ നിന്നും മുപ്പതിനായിരം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ കൃഷ്‌ണപുരം പാലസിൽ സിനിമകൾ ചിത്രീകരിക്കാൻ 26,500 രൂപ ആയിരുന്നത് ഇപ്പോള്‍ 50,000 രൂപയാക്കി. ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാൻ 20,000 രൂപയുമാക്കി. നേരത്തെ ഇത് 15,500 രൂപ ആയിരുന്നു.
ശക്തൻ തമ്പുരാൻ മ്യൂസിയത്തിൽ സിനിമ ചിത്രീകരണത്തിന് 50,000 രൂപയാണ് പുതിയ നിരക്ക്. മുമ്പ് 26,500 രൂപയായിരുന്നു. ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാൻ 10,500 രൂപയിൽ നിന്നും 20,000 രൂപയാക്കി നിരക്ക് വർധിപ്പിച്ചു. എറണാകുളം ജില്ലാ പൈതൃക മ്യൂസിയത്തിൽ ചിത്രീകരണ അനുമതിക്ക് 35,000 രൂപയിൽ നിന്നും 50,000 രൂപയാക്കി വർദ്ധിപ്പിച്ചു. ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാൻ 15,000 രൂപയിൽ നിന്നു 20,000 രൂപയാക്കി വർധിപ്പിച്ചു.
കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിൽ സിനിമ ചിത്രീകരണത്തിന് 26,500 രൂപയിൽ നിന്നും 35,000 രൂപയാക്കി. ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാൻ 10,500 രൂപയിൽ നിന്നും 15,000 രൂപയാക്കി വർദ്ധിപ്പിച്ചു. കോയിക്കൽ കൊട്ടാരത്തിൽ സിനിമ ചിത്രീകരണത്തിന് 26,500 രൂപയിൽ നിന്നും 35,000 രൂപയാക്കി വർദ്ധിപ്പിച്ചു. ടെലിഫിലിമുകളോ ഷോർട്ട് ഫിലിമുകളോ ചിത്രീകരിക്കാൻ 10,500 രൂപയിൽ നിന്നും 15,000 രൂപയാക്കി.
പഴശ്ശികുടീരം പ്രോജക്‌ട് മ്യൂസിയത്തിൽ സിനിമ ചിത്രീകരണത്തിന് 10,500 രൂപയിൽ നിന്നും 25,000 രൂപയാക്കി വർധിപ്പിച്ചു. ടെലിഫിലിമുകൾ ഷോർട്ട് ഫിലിമുകൾ എന്നിവ ചിത്രീകരിക്കാൻ 10,500 രൂപയിൽ നിന്നും 10,000 രൂപയാക്കി നിരക്ക് കുറച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ പൈതൃക മ്യൂസിയത്തിൽ സിനിമ ചിത്രീകരണത്തിന് 10,500 രൂപയിൽ നിന്നും 25,000 രൂപയാക്കിയാണ് വർദ്ധന. ടെലിഫിലിംകൾ ഷോർട്ട് ഫിലിമുകൾ എന്നിവയ്ക്ക് 10,000 രൂപ എന്ന നിരക്കില്‍ മാറ്റമില്ല.