തന്‍റെ കയ്യില്‍ ഒരു ഫോട്ടോഗ്രാഫ് ഉണ്ടെന്നും അത് കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുമെന്നും വെളിപ്പെടുത്തി ബാല. എന്നാല്‍ ആ ഫോട്ടോഗ്രാഫ് പുറത്തുവിട്ട് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടന്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്‌തിയാണ് താണെന്നും ബാല കൂട്ടിച്ചേര്‍ത്തു.
വിവാഹ ശേഷം എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എറണാകുളത്തെ മാധ്യമപ്രവർത്തകർക്ക് ബാല ഒരു സൽക്കാര ചടങ്ങ് ഒരുക്കിയിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.
അതേസമയം നടന്‍റെ വെളിപ്പെടുത്തലിനിടെ ഫോട്ടോഗ്രാഫ് പുറത്തുവിടരുതെന്ന് ഭാര്യ കോകില ബാലയോട് നിര്‍ദേശിച്ചു. ഇതിനിടെ കോകിലയ്ക്ക് ബാലയോട് എപ്പോൾ മുതലാണ് പ്രണയം തോന്നി തുടങ്ങിയതെന്ന് ഒരു മാധ്യമപ്രവർത്തകൻ ആരാഞ്ഞു. ഞാനിത് വരെ കോകിലയോട് ചോദിക്കാത്ത കാര്യമാണ് നിങ്ങൾ ചോദിക്കുന്നതെന്ന് ബാല ഇടയ്ക്ക് കയറി പറഞ്ഞു.
ചെറിയ പ്രായം മുതൽ തന്നെ ബാലയ്‌ക്ക് എല്ലാവരെയും സഹായിക്കണമെന്ന മനോഭാവം ഉണ്ടായിരുന്നെന്നും ആ സദ്ഗുണമാണ് ബാലയിൽ ആകൃഷ്‌ടയായതെന്ന് കോകില മറുപടി പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ അറിയാമായിരുന്നെങ്കിലും ഒരിക്കൽ പോലും കോകിലയോട് പ്രണയം തോന്നിയിട്ടില്ലെന്ന് ബാലയും വെളിപ്പെടുത്തി.
"പിന്നീട് തന്‍റെ സാഹചര്യങ്ങൾ മാറിയപ്പോഴാണ് കോകിലയുടെ പ്രണയം തിരിച്ചറിയുന്നത്. 42 വയസ്സ് വരെ വളരെയധികം ജീവിതത്തിൽ കഷ്‌ടപ്പെട്ടു. കോകിലയെ വിവാഹം ചെയ്‌തത് മുതൽ ഞാൻ സന്തോഷവാനാണ്. ജീവിതത്തിൽ കാശും പണവും വരും പോകും.
മരണം മുന്നിൽ കണ്ടിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളാണ് ഞാൻ. എന്നെ പൊലീസ് അറസ്‌റ്റ് ചെയ്യുമ്പോഴും ചിരിച്ചു കൊണ്ടാണ് നിന്നത്. എനിക്കറിയാം സംഭവിക്കുന്നതെല്ലാം താൽക്കാലികമാണ്. ദൈവം ഉണ്ട്, എല്ലാം ശരിയാകും എന്ന് വിശ്വാസം ഉണ്ടായിരുന്നു.
ക്ഷണിച്ചിട്ട് ഇവിടെ എത്തിയ മാധ്യമങ്ങളെ എനിക്ക് വിശ്വാസമില്ല. എന്നോട് നല്ല രീതിയിൽ സംസാരിച്ചിട്ട് പുറത്തു പോയി എന്നെ കുറിച്ച് മോശം കാര്യങ്ങൾ എഴുതും. ഞാന്‍ ഈ പറയുന്നത് വാസ്‌തവമാണ്. മാധ്യമങ്ങളുടെ ഈ ഒരു സമീപനത്തിൽ മാത്രമാണ് നിസ്സഹായനായി പോകുന്നത്. മാധ്യമങ്ങൾ കുറച്ച് മനസാക്ഷി കാണിക്കണം."-ബാല പ്രതികരിച്ചു.
ഇത്രയും നാൾ ബാല ഒറ്റയ്ക്കായിരുന്നുവെന്നും ഇനി എക്കാലവും ഒപ്പം ഉണ്ടായിരിക്കുമെന്നും കോകില ബാലയോട് പറഞ്ഞു. കോകിലയുടെ വാക്കുകൾക്ക് മറുപടിയായി താൻ വീണ്ടും പുനർജനിച്ചു എന്നാണ് ബാല പറഞ്ഞത്. സ്നേഹം കൊണ്ട് വീണ്ടും ഞാനൊരു കുഞ്ഞായി ജനിച്ചു, അതും നിന്‍റെ കയ്യിൽ. തമിഴ് ഭാഷയിൽ ഇപ്രകാരമാണ് ബാല കോകിലയോട് പറഞ്ഞത്.