നടന്‍ ബാലയും ഗായിക അമൃത സുരേഷും മകള്‍ അവന്തികയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ബാലയെ കുറിച്ചുള്ള മകള്‍ അവന്തികയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ബാലയും, തുടര്‍ന്ന് അമൃതയും ഫേസ്‌ബുക്ക് ലൈവിലെത്തിയതും വിഷയം കൂടുതല്‍ ചര്‍ച്ചച്ചെയ്യപ്പെട്ടിരുന്നു.
അമൃതയുടെ ഗുരുതര വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.
തന്‍റെ മകൾ പറഞ്ഞ കാര്യത്തെ ബഹുമാനിച്ച് കൊണ്ട് ഇനി കുടുംബ കാര്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് താനൊരു വാക്ക് പറഞ്ഞിരുന്നെന്നും ആ വാക്ക് താൻ പാലിച്ചെന്നും ബാല. 10 വര്‍ഷം താന്‍ സ്‌നേഹത്തിന് വേണ്ടി യുദ്ധം ചെയ്‌തെന്നും ഇപ്പോള്‍ കളി നിര്‍ത്തുകയാണെന്നും ബാല ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞു.
"എല്ലാവർക്കും നമസ്‌കാരം. കഴിഞ്ഞ വീഡിയോയിൽ ഞാനൊരു വാക്ക് പറഞ്ഞിരുന്നു. ഇനി മുതൽ ഒരു കാര്യത്തിലും ഞാന്‍ സംസാരിക്കില്ലെന്ന്. ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. എന്‍റെ മകൾ പറഞ്ഞ കാര്യങ്ങളെ ഞാൻ ബഹുമാനിക്കുന്നു.
എന്ത് പറഞ്ഞാലും എന്‍റെ ചോരയാണ്. അതിനെ കുറിച്ച് തർക്കിക്കാനോ നാല് പേര് സംസാരിക്കാനോ നിൽക്കരുത്. എന്‍റെ ചോര, എന്‍റെ മകൾ. ഞാൻ മാറി നിൽക്കും എന്നാണ് പറഞ്ഞത്. ഞാൻ മാറി നിൽക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നത് ശരിയല്ല.
ആ വീഡിയോയിൽ എന്താ പറഞ്ഞിരിക്കുന്നത്. ഞാൻ 10 വർഷം ഫൈറ്റ് ചെയ്‌തു. ഞാൻ ആത്‌മാർഥമായിട്ട് സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എല്ലാ മാർഗവും നോക്കിയതാണ്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ മാർഗവും ഞാൻ നോക്കിയതാണ്.
പക്ഷേ ഒരു സാഹചര്യത്തിൽ അവർക്ക് വേദന ഉണ്ടെന്ന് പറയുമ്പോൾ നമ്മൾ നമ്മുടെ വാക്ക് പാലിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കും. ഇത് പറഞ്ഞ് കഴിഞ്ഞിട്ട് മൂന്നു ദിവസമായിട്ട് ആരാണ് ക്യാമ്പയിനിംഗ് നടത്തുന്നത് ?
എന്നെ വിളിച്ച ഒരു മീഡിയയ്ക്കും ഇന്‍റർവ്യൂ ഇല്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ കൊടുക്കില്ല. ഇതിനെ കുറിച്ച് ആര് ഇനി ചോദിച്ചാലും ഞാൻ നാവ് തുറന്ന് ഒന്നും സംസാരിക്കില്ല. പക്ഷേ ആരെയും അറിയാത്ത കുറേ ആളുകൾ വന്നിട്ട് ഈ വിഷയം എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അവരെല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ.
ഒരു ബോക്‌സിംഗ് മാച്ച് നടക്കുന്നുണ്ട്, ആ മാച്ച് ഫൈറ്റ് ചെയ്‌തു. എന്‍റെ പ്രിയപ്പെട്ടവർക്ക് വേണ്ടി. പക്ഷേ ഞാൻ കളി നിർത്തി. ഞാൻ എന്‍റെ ഗ്ലൗസ് ഊരി കൊടുത്തു ഇറങ്ങിപ്പോയി. പോയ ശേഷം ഒരാൾ വന്നിട്ട് ഞാൻ ഇത് ചെയ്യും അത് ചെയ്യും എന്ന് പറഞ്ഞാൽ എന്താണ്. ഞാൻ പോയിക്കഴിഞ്ഞു.
വിഷമിക്കേണ്ട, എല്ലാവരുടെയും നന്മയ്ക്ക് ഞാൻ മടങ്ങുകയാണ്. എല്ലാം നന്‍മയ്ക്ക്. എന്‍റെ മകളുടെ വാക്കുകൾക്ക് ബഹുമാനം കൊടുക്കുക. ഞാനേ നിർത്തി, കുറച്ച് ചെറിയ ആളുകളൊക്കെ കയറി വന്ന് കുറേ വീഡിയോസ്, അവരുടെ അനുഭവങ്ങള്‍ളൊക്കെ പറയുന്നുണ്ട്. അതും കൂടെ പാപ്പുവിനെ വിഷമിപ്പിക്കില്ലേ. എന്നെ വിട്ടേയ്‌ക്ക്.
എന്‍റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട്, നിങ്ങളും പാലിക്കുന്നത് ന്യായമല്ലേ. ഒന്ന് ചിന്തിച്ചു നോക്കുക, നിർത്തുക, ഞാൻ പറയുന്നതിൽ അർഥമുണ്ട്, ഞാൻ മടങ്ങി തരാം, എല്ലാവർക്കും നന്ദി."-ബാല പറഞ്ഞു.