പൊലീസും പൊലീസ് സ്‌റ്റേഷനുമില്ലാത്ത മലയാള സിനിമകള്‍ ചുരുക്കം. പ്രത്യേകിച്ച്, പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുകളില്‍.. ഈ ജേണറില്‍ പെട്ട സിനിമകളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന സീനുകളാണ് പൊലീസ് ലാത്തി ചാര്‍ജും സംഘര്‍ഷങ്ങളും.
പൊലീസ് സ്‌റ്റേഷന്‍ മാത്രമല്ല, ആശുപത്രിയും കോടതി മുറികളുമൊക്കെ ഒറിജിലിനെ വെല്ലുന്ന തരത്തില്‍ പല സിനിമകളിലും നാം കണ്ടിട്ടുണ്ട്. ഇത്തരം സീനുകളൊക്കെ കലാസംവിധായകന്‍ ഒരുക്കുന്ന സെറ്റുകളിലാണ് ചിത്രീകരിക്കുന്നതെന്ന് നമ്മളില്‍ ചിലര്‍ക്കെങ്കിലും അറിയാം.
ഒരു കെട്ടിടത്തെ പൊലീസ് സ്‌റ്റേഷനായും കോടതിയായും ആശുപത്രിയായുമൊക്കെ വിശ്വസനീയമായ രീതിയില്‍ സൃഷ്‌ടിച്ചെടുക്കുന്നത് കലാ സംവിധായകന്‍റെ മിടുക്ക് തന്നെ. ഓരോ സിനിമകള്‍ക്കും ഇത്തരം സെറ്റുകളില്‍ ഉപയോഗിക്കുന്ന ആര്‍ട്ട് പ്രോപ്പര്‍ട്ടികള്‍ പ്രത്യേകം നിര്‍മ്മിക്കാറില്ല. ഒരു സിനിമയില്‍ ഉപയോഗിച്ചത് തന്നെ അടുത്ത സിനിമയിലും ഉപയോഗിക്കാം.
അതുപോലെ പൊലീസ് ഉപയോഗിക്കുന്ന ഒറിജിനല്‍ തോക്കും ലാത്തിയും മറ്റും ഷൂട്ടിംഗിന് ഉപയോഗിക്കാനാകില്ല. ഇതിനായി സിനിമാക്കാര്‍ തേടിയെത്തുന്ന ഒരു സ്ഥാപനമുണ്ട് തിരുവനന്തപുരത്ത്. സിനിമയിലെ കലാസംവിധായകര്‍ക്ക്, സെറ്റുകളില്‍ ഉപയോഗിക്കാനായി ആര്‍ട്ട് സാമഗ്രികള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം. സുരേഷാണ് തിരുവനന്തപുരം തിരുമലയില്‍ സ്ഥിതി ചെയ്യുന്ന ആര്‍ട്ട് ലാബിന്‍റെ നടത്തിപ്പുക്കാരന്‍.
സിനിമയോടുള്ള കടുത്ത അഭിനിവേശമാണ് സുരേഷിനെ ഈ മേഖലയില്‍ എത്തിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി സിനിമ-സീരിയല്‍ ഷൂട്ടിംഗുകള്‍ക്ക് ആവശ്യമായ ആര്‍ട്ട് സമഗ്രഹികള്‍ വാടകയ്‌ക്ക് നല്‍കിവരികയാണ് സുരേഷ്. 10 രൂപ മുതല്‍ 5000 രൂപ വരെ വാടക വരുന്ന സാധനങ്ങള്‍ സുരേഷിന്‍റെ പക്കലുണ്ട്.
സുരേഷിന്‍റെ പക്കലുള്ള പൊലീസ് വടിയും തോക്കുമൊക്കെ കണ്ടാല്‍ ഒറിജിനലാണെന്ന് തോന്നുമെങ്കിലും അവയെല്ലാം കൃത്രിമമായി സൃഷ്‌ടിച്ചെടുത്തവയാണ്. അതുകൊണ്ടു തന്നെ ലാത്തി കൊണ്ടുള്ള തല്ലിന് വേദനയില്ല. തോക്ക് പൊട്ടില്ലെങ്കിലും കണ്ടാല്‍ ഒറിജിനല്‍.
കൂടാതെ ഒരു ആശുപത്രി സംവിധാനം ഷൂട്ട് ചെയ്യാനുള്ള എല്ലാ ആര്‍ട്ട് സാമഗ്രികളും സുരേഷിന്‍റെ കൈവശമുണ്ട്. പഴയ ഫോണുകള്‍, പഴയ ക്ലോക്കുകള്‍, കമ്പ്യൂട്ടറുകള്‍, കോടതി, പൊലീസ് സ്‌റ്റേഷന്‍ സംവിധാനം തുടങ്ങീ സിനിമയില്‍ ഏത് സാഹചര്യം പുനസൃഷ്‌ടിക്കണമെങ്കിലും അതിനാവശ്യമായ സകല വസ്‌തുക്കളും സുരേഷിന്‍റെ പക്കലുണ്ട്.
10 രൂപ മുതല്‍ 5000 രൂപ വരെ വാടക വരുന്ന സാധനങ്ങള്‍ സുരേഷ് തന്‍റെ സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു ദിവസത്തേയ്‌ക്കാണ് സാധനങ്ങള്‍ക്ക് വാടക ഈടാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്രയധികം ആര്‍ട്ട് സാമഗ്രികള്‍ സുരേഷിന് സൂക്ഷിക്കാനായത്. സുരേഷിന്‍റെ ഈ ആര്‍ട്ട് ലാബ്, മലയാള സിനിമ സീരിയലുകളിലെ കലാ സംവിധായകര്‍ക്ക് ഒരു വലിയ പിന്തുണയാണ്.