എറണാകുളം: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്‌ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയുണ്ടായ രസകരമായ മറ്റൊരു സംഭവമാണിപ്പോള്‍ ജനശ്രദ്ധ നേടുന്നത്. അകായ് കോഹ്ലി അകായ് വിരാട് തുടങ്ങിയ പേരുകളിൽ നിമിഷ നേരം ആയിര കണക്കിന് പ്രെഫൈലുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത്.
വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ രൂപപ്പെട്ടത്. ജനിച്ച് അഞ്ചു ദിവസം ആകുന്നതിനു മുമ്പ് തന്നെ കുഞ്ഞിന്‍റെ പേരിൽ ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളാണ് നിര്‍മിക്കപ്പെട്ടത്. മിക്ക പ്രൊഫൈലുകൾക്കും ആയിരക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്.
എല്ലാം സംഭവിച്ചത് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ. അതിനിടയിൽ ഇത്തരത്തില്‍ പ്രൊഫൈൽ ആരംഭിച്ച ഒരു വിരുതൻ വിരാട് കോഹ്ലി പുറത്തുവിട്ട പോസ്റ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കുകയും തനിക്ക് ജന്മം നൽകിയതിന് അച്ഛനോട് നന്ദി പറയുകയും ചെയ്‌തു.
കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകുന്നില്ലെന്ന് ഈ പോസ്റ്റ് കണ്ടവരെല്ലാം പ്രതികരിച്ചു. മാത്രമല്ല ഇത്തരം പോസ്റ്റുകൾ ഇന്നത്തെ സെൻസേഷണൽ ട്രോളുകളുമാണ്(Akaay). പിറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തനിക്ക് ഇത്രയധികം ആരാധക വൃന്ദം സൃഷ്‌ടിക്കപ്പെട്ടത് തിരിച്ചറിവ് ഉണ്ടാകുമ്പോൾ കുഞ്ഞിന് അത്ഭുതകരമായിരിക്കും.
ഫെബ്രുവരി 15നാണ് താരദമ്പതികളായ വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശര്‍മ്മയ്‌ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ഇരുവരും കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചിരുന്നു. ഫെബ്രുവരി 15നാണ് അകായ് പിറന്നതെന്നും താരങ്ങള്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തത്.
താര ദമ്പതികളുടെ എക്‌സിലെ പോസ്റ്റ് ഇങ്ങനെ: 'വളരെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, വാമികയുടെ കുഞ്ഞ് സഹോദരൻ, ഞങ്ങളുടെ കുഞ്ഞ് അകായ്‌യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്‌തതായി എല്ലാവരേയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്! ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത്, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾക്കുണ്ടാകണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. സ്‌നേഹവും നന്ദിയും, വിരാട് & അനുഷ്‌ക.' എന്നാണ് ഇരുവരും എക്‌സില്‍ കുറിച്ചത് (Virat Kohli).
അഭിനന്ദനങ്ങള്‍ അറിയിച്ച് താരങ്ങള്‍: കുഞ്ഞ് പിറന്ന വാര്‍ത്ത പുറത്ത് വന്നതോടെ താര ദമ്പതികള്‍ക്ക് അഭിനന്ദനം അറിയിച്ച് മറ്റ് താരങ്ങളുമെത്തി. രണ്‍വീര്‍ സിങ്, വാണി കപൂര്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചത്. അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ ഇതുവരെയും താരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായിരുന്നു അകായ്‌യുടെ വരവ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2017ലാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. 2021ലാണ് ആദ്യപുത്രി വാമിക പിറന്നത് (Virat Kohli Anushka Sharma Baby).