മലയാളി താരം അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ തെലുഗു ചിത്രമാണ് 'ടില്ലു സ്‌ക്വയർ'. തെലുഗുവില്‍ ഈ വര്‍ഷം തിയേറ്ററുകളിലേക്ക് ആളെക്കൂട്ടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 125 കോടി രൂപയാണ് ഈ ചിത്രം സ്വന്തമാക്കിയത്.
ഇപ്പോഴിതാ 'ടില്ലു സ്‌ക്വയര്‍' ഒടിടിയിലേക്കും എത്തുകയായി. ഏപ്രില്‍ 26 ന് ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്‌സിലൂടെ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
സിദ്ധു ജൊന്നലഗഡ്ഡയാണ് 'ടില്ലു സ്‌ക്വയറി'ൽ നായകനായി എത്തിയത്. 2022ല്‍ പുറത്തിറങ്ങിയ 'ഡിജെ ടില്ലു'വിന്‍റെ സീക്വല്‍ ആയിരുന്നു 'ടില്ലു സ്‌ക്വയര്‍'. സിദ്ധു തന്നെയാണ് 'ഡിജെ ടില്ലു'വിലെയും നായകൻ.
റൊമാന്‍റിക് ക്രൈം കോമഡി ജോണറിൽ ഒരുക്കിയ 'ടില്ലു സ്‌ക്വയറി'ന്‍റെ സംവിധായകൻ മാലിക് റാം ആണ്. മാര്‍ച്ച് 29 ന് ആയിരുന്നു ഈ സിനിമയുടെ തിയേറ്റര്‍ റിലീസ്. ഡി ജെ ടില്ലു എന്ന കഥാപാത്രമായാണ് സിദ്ധു എത്തിയത്. ലില്ലി ജോസഫ് എന്നാണ് അനുപമയുടെ കഥാപാത്രത്തിന്‍റെ പേര്. സിത്താര എന്‍റര്‍ടെയ്ന്‍മെന്‍റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറുകളില്‍ സൂര്യദേവര നാഗവംശി, രവി ആന്‍റണി പുഡോട്ട എന്നിവർ ചേർന്നാണ് ഈ സിനിമയുടെ നിർമാണം.
മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ സഹരചന നിര്‍വഹിച്ചിരിക്കുന്നത് നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ്. ഛായാഗ്രഹണം സായ് പ്രകാശ് ഉമ്മഡിസിംഗുവും എഡിറ്റിങ് നവീന്‍ നൂലിയുമാണ് കൈകാര്യം ചെയ്‌തത്. റാം മിറിയാല, അച്ചു രാജാമണി എന്നിവരാണ് ഈ സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഭീംസ് സിസിറൊലിയോയാണ്.