രമേശ് കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിച്ച 'മായമ്മ' റിലീസിന് ഒരുങ്ങുന്നു. പുള്ളുവൻ പാട്ടിന്‍റെയും അഷ്‌ടനാഗക്കളം മായ്‌ക്കലിന്‍റെയും പശ്ചാത്തലത്തിൽ ഒരുക്കിയ 'മായമ്മ'യിൽ അങ്കിത വിനോദും അരുൺ ഉണ്ണിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുണർതം ആർട്‌സിന്‍റെ ബാനറിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.
ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്‍റെ കഥയാണ് 'മായമ്മ'. ജാതി പ്രണയത്തിന് വിലങ്ങുതടി ആവുന്നതോടെ മായമ്മ എന്ന പുള്ളുവ യുവതിയ്‌ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു. അങ്കിത വിനോദാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ മായമ്മയായി വേഷമിടുന്നത്. നമ്പൂതിരി യുവാവിന്‍റെ വേഷം അരുൺ ഉണ്ണിയും കൈകാര്യം ചെയ്യുന്നു.
വിജിതമ്പി, ചേർത്തല ജയൻ, കൃഷ്‌ണപ്രസാദ്, പൂജപ്പുര രാധാകൃഷ്‌ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്‌ണൻ, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷ്‌മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽ പോൾ, ബേബി അഭിസ്‌ത, ബേബി അനന്യ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവീൻ കെ സാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് അനൂപ് എസ് ആണ്. രാജേഷ് വിജയ് ആണ് മായമ്മയ്‌ക്ക് സംഗീതം പകരുന്നത്. സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പ്രൊജക്‌ട് കോഡിനേറ്റർ & ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.