കാൻസ് (ഫ്രാൻസ്): 77-ാമത് കാൻസ് ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ അഭിനേതാവായി ചരിത്രത്തിൽ തന്‍റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് അനസൂയ സെൻഗുപ്‌ത. ഫെസ്റ്റിവലിലെ അൺ സെർട്ടെയ്ൻ റിഗാർഡ് സെഗ്‌മെന്‍റിലാണ് അനസൂയ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. 'ദി ഷെയിംലെസി'ലെ പ്രകടനമാണ് അനസൂയ സെൻഗുപ്‌തയെ അവാർഡിന് അർഹയാക്കിയത്.
ശ്യാം ബെനഗലിന്‍റെ കാലാതീതമായ ക്ലാസിക് 'മന്ഥന്‍റെ' പ്രത്യേക പ്രദർശനം മുതൽ റെഡ് കാർപ്പെറ്റിലെ സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിന്‍റെയും മിന്നുന്ന സാന്നിധ്യം വരെ, ഇന്ത്യൻ സംഭാവനകളാൽ നിറഞ്ഞതായിരുന്നു കാൻ ചലച്ചിത്രോത്സവം. എന്നാൽ ഇതിനെല്ലാം മുകളിൽ 'ദി ഷെയിംലെസി'ലെ അനസൂയയുടെ മികച്ച പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി.
അനസൂയയുടെ വിജയം ആഗോള സിനിമ ഭൂപടത്തിൽ തന്നെ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ല് കൂടി അടയാളപ്പെടുത്തുന്നു. 'ക്വീർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും' ആണ് അനസൂയ തന്‍റെ അവാർഡ് സമർപ്പിച്ചത്.
ആരാണ് അനസൂയ സെൻഗുപ്‌ത?
ഇക്കാലത്ത് പല സിനിമാക്കാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നോക്കി പുതിയ അഭിനേതാക്കൾക്ക് അവർ അവസരം നൽകുന്നുണ്ട്. അത്തരത്തിൽ അവസരം ലഭിച്ച ഒരു നടിയാണ് അനസൂയ സെൻഗുപ്‌ത. ഇന്നവൾ കാനിൽ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈനറിൽ നിന്നും നടിയായി മാറിയയാളാണ് അനസൂയ സെൻഗുപ്‌ത. അഞ്ജൻ ദത്തയുടെ 2009 ലെ മാഡ്‌ലി ബംഗാലിയിൽ സഹതാരമായി ആയിരുന്നു അരങ്ങേറ്റം. തുടർന്ന് 2013ൽ കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറുകയും പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുകയും ചെയ്‌തു. മനോജ് ബാജ്‌പേയ്, അനുപം ഖേർ എന്നിവർ അഭിനയിച്ച സാത് ഉച്ചക്കി, അലി ഫസലിന്‍റെ 'ഫോർഗെറ്റ് മി നോട്ട്' തുടങ്ങിയ സിനിമകളിൽ പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിൽ അവർ പ്രവർത്തിച്ചു. കൂടാതെ നെറ്റ്ഫ്ലിസ് ഷോ 'മസബ മസാബ'യുടെ അണിയറയിലും അനസൂയ സെൻഗുപ്‌ത ഉണ്ടായിരുന്നു.
'ദി ഷെയിംലെസ്': ബൾഗേറിയൻ ചലച്ചിത്ര നിർമാതാവ് കോൺസ്റ്റാന്‍റിൻ ബോജനോവാണ് 'ദി ഷെയിംലെസി'ന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്. രേണുക എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അനസൂയ സെൻഗുപ്‌ത അവതരിപ്പിച്ചത്. നിയമപാലകരുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഡൽഹി വേശ്യാലയത്തിൽ നിന്ന് പലായനം ചെയ്യുന്ന രേണുകയെ പകരംവയ്‌ക്കാനില്ലാത്ത പകർന്നാട്ടത്തിലൂടെ അനസൂയ ഗംഭീരമാക്കി. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിക്കാൻ അനസൂയയുടെ പ്രകടനത്തിനായി.
ലൈംഗിക തൊഴിലാളികൾക്കിടയിൽ അഭയം തേടുന്ന രേണുക, ചൂഷണത്തിന്‍റെ അതേ ചക്രത്തിൽ അകപ്പെട്ട ദേവിക എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. അവർ ഒരുമിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള 'അപകടകരമായ' പാതയിലൂടെ സഞ്ചരിക്കുന്നു. ഈ യാത്രയ്‌ക്കിടയിൽ അവർ 'വിലക്കപ്പെട്ട പ്രണയം' പര്യവേക്ഷണം ചെയ്യുകയാണ്.