മുംബൈ : ഒടുവില്‍ കാത്തിരുന്ന ആ മുഹൂര്‍ത്തം സമാഗതമായി. അനന്ത് അംബാനിയും രാധിക മെര്‍ച്ചന്‍റും വിവാഹിതരായി. ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹം മുംബൈയില്‍ ഏറെ താരപ്പൊലിമയോടെ നടന്നു. ഇന്നും നാളെയുമായി ചടങ്ങുകളെല്ലാം പൂര്‍ത്തിയാകും.
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകനും വ്യവസായി വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകളും പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് സാക്ഷ്യം വഹിക്കാനും ദമ്പതിമാരെ അനുഗ്രഹിക്കാനുമായി വിവിധ മേഖലകളില്‍ നിന്നുള്ള രാജ്യാന്തര താരങ്ങളും ഉന്നതരുമടക്കമുള്ള അതിഥികള്‍ സന്നിഹിതരായിരുന്നു. പുതു ജീവിതത്തിലേക്ക് പ്രവേശിച്ച നവദമ്പതിമാര്‍ക്ക് അതിഥികള്‍ ആശംസകള്‍ നേര്‍ന്നു. സുഹൃത്തുകളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ രാജകീയമായാണ് വിവാഹം നടന്നത്.
Great wedding! First time to attend in India! Best wishes to the new couple and double happiness! pic.twitter.com/2O4VYp7gTd
— Xu Feihong (@China_Amb_India) July 12, 2024
ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫെയ്‌ഹോങ് വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എക്‌സില്‍ പങ്കു വച്ചു. ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും രൂപകല്‍പ്പന ചെയ്‌ത അതിമനോഹരമായ ലെഹങ്ക അണിഞ്ഞ് രാധിക അതീവ സുന്ദരിയായി വിവാഹവേദിയിലെത്തി. ചന്ദന നിറത്തിലുള്ള ലെഹങ്കയ്ക്ക് ചുവപ്പും സ്വര്‍ണ വര്‍ണമുള്ള നൂലിഴകളാല്‍ വിരിയിച്ചെടുത്ത ചിത്രത്തുന്നലുകള്‍ കൂടുതല്‍ മിഴിവേകി. ഇതിന് ഇണങ്ങുന്ന ആഭരണങ്ങളും രാധികയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.
ഗുജറാത്തി വധുക്കള്‍ പരമ്പരാഗതമായി ധരിക്കുന്ന വെള്ളയും ചുവപ്പും കലര്‍ന്ന പനേതര്‍ എന്ന വസ്‌ത്രത്തിന്‍റെ ആവിഷ്ക്കാരം തന്നെയായിരുന്നു രാധികയുടേത്. ഇതിന് ചേരുന്ന ഘാഗ്ര ചോളിയും അഞ്ച് മീറ്ററുള്ള തലയില്‍ ധരിക്കുന്ന തട്ടവും ടിഷ്യുവിന്‍റെ ദുപ്പട്ടയും അണിഞ്ഞിരുന്നു. ചുവന്ന നിറമുള്ള ദുപ്പട്ട മുഴുവന്‍ ചിത്രത്തുന്നലുകള്‍ നിറഞ്ഞതായിരുന്നു.
അനന്ത് അംബാനി സ്വര്‍ണനിറമുള്ള ഷെര്‍വാണി അണിഞ്ഞാണ് വിവാഹ വേദിയിലെത്തിയത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് വിവാഹാഘോഷങ്ങള്‍. ഇന്ന് ശുഭ ആശിര്‍വാദ് എന്ന ചടങ്ങ് നടക്കും. നാളെ മംഗള്‍ ഉത്സവ് എന്ന് പേരുള്ള റിസപ്‌ഷനുമുണ്ടാകും.
കിം കര്‍ദാഷിയന്‍, ഖോലെ കര്‍ദാഷിയന്‍, ജോണ്‍ സീന, പ്രിയങ്ക ചോപ്ര, നിക് ജൊനാസ്, രജനികാന്ത്, മഹേഷ് ബാബു, യാഷ്, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്‌ഗണ്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കത്രീന കൈഫ്, ദീപിക പദുക്കോണ്‍ തുടങ്ങി വന്‍ താരനിര വിവാഹ ചടങ്ങുകള്‍ക്ക് നക്ഷത്ര ശോഭയേകി.
Also Read: ശതകോടികൾ ഒഴുകുന്ന 'അംബാനിക്കല്യാണം'; വിവാഹ വേദിയെപ്പറ്റിയും ഡ്രസ് കോഡിനെപ്പറ്റിയും വിശദമായറിയാം